ഗംഗ മലിനമാക്കിയാല്‍ 7 വര്‍ഷം തടവിന് ശുപാര്‍ശ

ഗംഗ മലിനമാക്കിയാല്‍ 7 വര്‍ഷം തടവിന് ശുപാര്‍ശ
100 കോടി രൂപ വരെ പിഴയും ചുമത്താം

ന്യൂഡെല്‍ഹി: ഗംഗാനദിയേയും ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങളെയും ‘ജലസംരക്ഷിത മേഖല’യായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഗംഗ മലിനീകരിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും 100 കോടി രൂപ വരെ പിഴയും ചുമത്താവുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തും. ബില്ലിന്റെ കരട് കേന്ദ്ര സമിതി തയാറാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തേ ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാ നദിക്ക് വ്യക്തിത്വ പദവി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നിയമനിര്‍മാണം നടപ്പാക്കുന്നത്. ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അധികൃതരുടെ അനുവാദമില്ലാതെ ബോട്ട് ജെട്ടികള്‍ നിര്‍മിക്കുക തുടങ്ങിയവയെല്ലാം ‘ഗംഗ ദേശീയ നദി ബില്‍ 2017’ പ്രകാരം നിയമവിരുദ്ധമായി കണക്കിലാക്കും.ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അധ്യക്ഷനായ സമിതിയാണ് ബില്ലിന്റെ കരട് തയാറാക്കിയത്. ഇപ്പോള്‍ ജലവിഭവ വകുപ്പിന്റെ പരിഗണനയിലുള്ള ബില്‍ നിയമമാക്കുന്നതിനു മുമ്പ് മറ്റൊരു സമിതിയുടെ പരിശോധനയ്ക്കു കൂടി വിധേയമാക്കും. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും അന്തിമ നിയമം തയാറാക്കുക. ഗംഗാ നദി കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തും. ബില്‍ പാസായതിനു ശേഷം ആറുമാസത്തിനുള്ളില്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും ജസ്റ്റിസ് ഗിരിധര്‍ മാളവ്യ സമിതി നിര്‍ദേശിച്ചിട്ടുണ്ട്

Comments

comments

Categories: Top Stories, World