പാപ്പരത്ത നിയമ പ്രകാരം തീര്‍ക്കേണ്ട കേസുകളുടെ പട്ടിക അന്തിമ ഘട്ടത്തില്‍

പാപ്പരത്ത നിയമ പ്രകാരം തീര്‍ക്കേണ്ട കേസുകളുടെ പട്ടിക അന്തിമ ഘട്ടത്തില്‍
ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ ഏകീകരണം ഉണ്ടാകുമെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമ പ്രകാരം വേഗത്തില്‍ പരിഹരിക്കാവുന്ന കിട്ടാക്കടങ്ങളുടെ ലിസ്റ്റ് ആര്‍ബിഐ തയാറാക്കുകയാണെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബാങ്കുകളില്‍ പെരുകിക്കൊണ്ടിരിക്കുന്ന നിഷ്‌ക്രിയാസ്തിയുടെ പ്രശ്‌നം പരിഹരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ന്യൂഡെല്‍ഹിയില്‍ ചേര്‍ന്ന പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്‌ക്രിയാസ്തി സംബന്ധിച്ച പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ആര്‍ബിഐ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡ് (ഐബിസി- പാപ്പരത്ത കോഡ്) പ്രകാരം 81 കേസുകളാണ് ഇതുവരെ ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 18 ശതമാനം കേസുകള്‍ വായ്പാ ദാതാക്കള്‍ നല്‍കിയതാണ്. നേരത്തേ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ പരിഗണിച്ചിരുന്ന കേസുകളാണ് ഐബിസിക്ക് കീഴിലേക്ക് മാറ്റിയത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യങ്ങള്‍ വേഗത്തില്‍ പരിഹാരത്തിനായി സമീപിച്ചവയാണ് ഐബിസിക്ക് കീഴിലുള്ള 70 ശതമാനം കേസുകള്‍.

മോശം വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനകം ബാങ്കുകളില്‍ നിന്ന് ശേഖരിച്ചതായി ചര്‍ച്ചയില്‍ ആര്‍ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്എസ് മുന്ദ്ര വെളിപ്പെടുത്തി. ക്രെഡിറ്റ് വളര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമേഖലാ ബാങ്കുള്‍ വിവിധങ്ങളായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതായി വിലയിരുത്തിയ യോഗം അതിന്റെ പരിഹാരങ്ങളും ചര്‍ച്ച ചെയ്തതായി ജയ്റ്റ്‌ലി അറിയിച്ചു. ബാങ്കിംഗ് മേഖലയിലെ ഡിജിറ്റല്‍വത്കരണവും യോഗം ചര്‍ച്ച ചെയ്തു. ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും ചരക്കു സേവന നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് മേധാവികള്‍ റവന്യു സെക്രട്ടറി ഹശ്മുഖ് ആദിയ ഉള്‍പ്പടെയുള്ള പ്രമുഖരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ജയ്റ്റ്‌ലി അറിയിച്ചു. പൊതു മേഖലാ ബാങ്കുകളുടെ ഏകീകരണം സര്‍ക്കാരിന്റെ പ്രധാന പരിഗണനയിലുണ്ടെന്നും എന്നാല്‍ ഇന്നലത്തെ യോഗം അത് ചര്‍ച്ച ചെയ്തില്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 574 കോടി രൂപയുടെ അറ്റാദായമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മൊത്തത്തില്‍ നേടിയിട്ടുള്ളത്.

Comments

comments

Categories: Top Stories, World
Tags: arun jaitely