ക്യുഎസ് റാങ്കിംഗ്‌സ്  :  ‘ആദ്യ 50ല്‍ ഇടം നേടാന്‍ ഐഐടി ഡെല്‍ഹിക്ക് സാധിക്കും’

ക്യുഎസ് റാങ്കിംഗ്‌സ്  :  ‘ആദ്യ 50ല്‍ ഇടം നേടാന്‍ ഐഐടി ഡെല്‍ഹിക്ക് സാധിക്കും’
ഇന്ത്യന്‍ സ്ഥാപനങ്ങളെ ഗവേഷണ കേന്ദ്രങ്ങളായി കാണാന്‍ ഇപ്പോഴും ആഗോള ഏജന്‍സികള്‍ 
തയാറാകുന്നില്ലെന്ന് ഐഐടി-ഡെല്‍ഹി ഡയറക്റ്റര്‍ വി റാംഗോപാല്‍ റാവു

ന്യൂഡെല്‍ഹി: ചില മാനദണ്ഡങ്ങളില്‍ പുരോഗതി കൈവരിക്കാനായാല്‍ ക്യുഎസ് ലോക സര്‍വകലാശാല റാങ്കിംഗില്‍ മികച്ച 50 സര്‍വകലാശാലകളില്‍ ഇടം നേടാന്‍ ഐഐടി ഡെല്‍ഹി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി -ഡെല്‍ഹി) ക്ക് സാധിക്കുമെന്ന് ഡയറക്റ്റര്‍ വി റാംഗോപാല്‍ റാവു. നിലവില്‍ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ മികച്ച 200 സര്‍വകലാശാലകളിലാണ് ഐഐടി ഡെല്‍ഹി ഇടംപിടിച്ചിട്ടുള്ളത്. ക്യൂഎസ് റാങ്കിംഗ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഐഐടി-ഡെല്‍ഹി, ആഗോള റാങ്കിംഗില്‍ 172ാം സ്ഥാനം.കാഴ്ച്ചപ്പാട് (Perception), അന്തരാഷ്ട്ര ഫാക്കല്‍റ്റി സൗകര്യം, അന്തരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എന്നീ അളവുകോലുകളില്‍ പുരോഗതി കൈവരിക്കാനായാല്‍ മികച്ച 50 സര്‍വകലാശാലകളില്‍ പേര് രേഖപ്പെടുത്തുന്നത് തങ്ങളെ സംബന്ധിച്ച് പ്രയാസമല്ലെന്നാണ് വി റാംഗോപാല്‍ റാവു പറയുന്നത്. പെര്‍സപ്ഷന്‍ എന്ന മാനദണ്ഡത്തിലാണ് ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ജേര്‍ണലുകളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും റാങ്കിംഗില്‍ ഇതിന് പ്രാധാന്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സൂക്ഷ്മപരിശോധന തലത്തിലും രാജ്യത്തെ സര്‍വകാലാശാലകള്‍ക്ക് മാര്‍ക്ക് നഷ്ടമാകും. പശ്ചാത്യര്‍ ഇന്ത്യന്‍ സര്‍വകലാശാലകളെ ഒരു ഗവേഷണ ഹബ്ബ് ആയി കാണുന്നില്ല. അവരിപ്പോഴും വിചാരിക്കുന്നത് ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ബിരുദധാരികളെ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ്. പക്ഷെ, ബിരുദധാരികളേക്കാള്‍ ബിരുദാനന്തരബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ ഐഐടി ഡെല്‍ഹിയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ പാശ്ചാത്യരില്‍ എത്ര പേര്‍ തങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായി അംഗീകരിക്കുന്നുണ്ട്-റാവു ചോദിച്ചു.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപകരുടെ എണ്ണം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവും അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള അധ്യാപകരുടെ എണ്ണവും മെച്ചപ്പെടുത്തുന്നത് റാങ്കിംഗില്‍ സഹായിക്കുമെന്നും റാവു ചൂണ്ടിക്കാട്ടി.

ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഐഐടി ഡെല്‍ഹിക്ക് സാധിക്കുകയില്ല. ഉദാഹരണത്തിന് മാസ്റ്റര്‍ പ്രോഗ്രാമിന് എന്റോള്‍ ചെയ്ത ഒരു വിദേശ വിദ്യാര്‍ത്ഥിക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട ഫെല്ലോഷിപ്പ് കിട്ടില്ല. ഇത് മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലെ തടസങ്ങളാണെന്നും അദ്ദേഹം പറയുന്നു. ഐഐടികള്‍ക്ക് വിദേശ അധ്യാപകരെ സ്ഥിരമായി നിയമിക്കാന്‍ സാധിക്കില്ലെന്നും റാവു പറഞ്ഞു.ക്യൂഎസ് റാങ്കിംഗില്‍ ടോപ് 200 ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഐഐടി-ബോംബെയും (179), ഐഐഎസ്‌സി ബാംഗ്ലൂരു(190)മാണ്. ആദ്യമായാണ് ഐഐടി-ബോംബെ
മികച്ച 200 സ്ഥാപനങ്ങളുടെ പട്ടികയില്‍ കടന്നത്. ആഗോളറാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന 20 സ്ഥാപനങ്ങളെ വികസിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി തയാറാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Comments

comments

Categories: Top Stories, World