വിപണി മൂല്യത്തില്‍ ടെസ്‌ല ബിഎംഡബ്ല്യുവിനെയും കടത്തിവെട്ടി

വിപണി മൂല്യത്തില്‍ ടെസ്‌ല ബിഎംഡബ്ല്യുവിനെയും കടത്തിവെട്ടി
ഓഹരി വില 1.9 ശതമാനം വര്‍ധിച്ചതോടെ 61.3 ബില്യണ്‍ ഡോളറെന്ന ബിഎംഡബ്ല്യുവിന്റെ 
വിപണി മൂല്യം ടെസ്‌ല മറികടന്നു

കാലിഫോര്‍ണിയ : ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ വിജയക്കുതിപ്പ് തുടരുന്നു. വിപണി മൂല്യത്തില്‍ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ, ‘അള്‍ട്ടിമേറ്റ് ഡ്രൈവിംഗ് മെഷീനുകള്‍’ നിര്‍മ്മിക്കുന്ന ബിഎംഡബ്ല്യുവിനെ പിന്തള്ളിയിരിക്കുകയാണ് ടെസ്‌ല. ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ് മോട്ടോര്‍ എന്നിവയെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ടെസ്‌ല നേരത്തെ കടത്തിവെട്ടിയിരുന്നു.ടെസ്‌ലയുടെ ഈ നേട്ടം ചെറിയ കാര്യമല്ല. ജിഎം, ഫോര്‍ഡ് എന്നിവയേക്കാള്‍ വളരെ ഉയര്‍ന്ന മൂല്യത്തിലാണ് ബിഎംഡബ്ല്യുവിന്റെ ഓഹരി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടന്നിരുന്നത്. കാര്‍ പ്രേമികള്‍ക്കും സമ്പന്നരായ ഉപയോക്താക്കള്‍ക്കുമിടയില്‍ ബിഎംഡബ്ല്യു ശക്തമായ ബ്രാന്‍ഡ് കൂടിയാണ്.ഓഹരി വില 1.9 ശതമാനം വര്‍ധിച്ചതോടെയാണ് 61.3 ബില്യണ്‍ ഡോളറെന്ന ബിഎംഡബ്ല്യുവിന്റെ വിപണി മൂല്യം ടെസ്‌ല മറികടന്നത്. എന്നാല്‍ വെബ് അധിഷ്ഠിത ധനകാര്യ ഗവേഷണ മീഡിയ കമ്പനിയായ ഹെഡ്ജിയെ റിസ്‌ക് മാനേജ്‌മെന്റ് ടെസ്‌ലയെ തങ്ങളുടെ ബെസ്റ്റ് ഐഡിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഇലക്ട്രിക് കാര്‍ കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു. പിന്നീട് ന്യൂ യോര്‍ക് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ടെസ്‌ലയുടെ ഓഹരി വില 2.6 ശതമാനം കുറഞ്ഞ് 360.46 ഡോളറിലാണ് എത്തിയത്. വിപണി മൂല്യം ബിഎംഡബ്ലുവിനേക്കാള്‍ 2.1 ബില്യണ്‍ ഡോളര്‍ താഴെയായി.

ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ കാറായ മോഡല്‍ 3 യുടെ ഉല്‍പ്പാദനം ജൂലൈയില്‍ തുടങ്ങുമെന്ന് 45 കാരനായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞയാഴ്ച്ച ഓഹരിയുടമകളെ അറിയിച്ചിരുന്നു. മോഡല്‍ 3 കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ മോഡല്‍ വൈ എന്ന താരതമ്യേന വില കുറഞ്ഞ ക്രോസ്ഓവര്‍ പുറത്തിറക്കാനാണ് ഇലോണ്‍ മസ്‌കിന്റെ പദ്ധതി. മോഡല്‍ വൈ നിര്‍മ്മിക്കുന്നതിന് മാത്രമായി അസ്സംബ്ലി പ്ലാന്റ് സ്ഥാപിക്കും. മോഡല്‍ വൈ ക്രോസ്ഓവറിന്റെ ടീസര്‍ ടെസ്‌ല ഈയിടെ പുറത്തുവിട്ടിരുന്നു.ടെസ്‌ലയുടെ വിപണി മൂല്യം വര്‍ധിച്ചത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഈയിടെ സമര്‍പ്പിച്ച സാമ്പത്തിക പാദ ഫയലിംഗില്‍ ആകെ ഓഹരികളുടെ നാലിലൊന്ന് ഷോര്‍ട്ട് ഇന്ററസ്റ്റ് (നിക്ഷേപകര്‍ പെട്ടെന്നുതന്നെ വിറ്റഴിച്ച ഓഹരികളുടെ എണ്ണം) ആണെന്ന് ടെസ്‌ല വ്യക്തമാക്കിയിരുന്നു. ടെസ്‌ലയ്ക്ക് വിരളമായി സംഭവിക്കുന്ന ലാഭം ചൂണ്ടിക്കാട്ടിയ ജിം ചാനോസ് ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍, വലിയ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഇലോണ്‍ മസ്‌കിന് ബില്യണ്‍ കണക്കിന് ഫണ്ട് ആവശ്യമായി വരുമെന്ന് വ്യക്തമാക്കി. വരുന്ന സാമ്പത്തിക പാദങ്ങളില്‍ ഓരോന്നിലും ടെസ്‌ലയ്ക്ക് 750 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ ചെലവഴിക്കേണ്ടിവരുമെന്ന് ചാനോസ് പറഞ്ഞു. മോഡല്‍ 3 പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് ടെസ്‌ലയ്ക്ക് വലിയ പരീക്ഷണം നേരിടേണ്ടി വരും. 1.20 ലക്ഷം ഡോളര്‍ വില വരുന്ന കാറുകള്‍ വില്‍ക്കുമ്പോഴാണ് ടെസ്‌ല നഷ്ടം നേരിടുന്നത്. 35,000 ഡോളര്‍ വില വരുന്ന മോഡല്‍ 3 വിപണിയിലെത്തിക്കുന്നതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് ടെസ്‌ലയെന്ന് ജിം ചാനോസ് പറഞ്ഞു.

ബിഎംഡബ്ല്യുവിന്റെ വില്‍പ്പന-ലാഭ കണക്കുകള്‍ കയ്യെത്തിപ്പിടിക്കണമെങ്കില്‍ ടെസ്‌ല ഇനിയുമേറെ സഞ്ചരിക്കണം. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ 2016 ല്‍ 2.4 മില്യണ്‍ കാറുകളാണ് വിറ്റത്. ടെസ്‌ല വിറ്റതാകട്ടെ 80,000 ല്‍ താഴെ കാറുകളാണ്. 2016 ല്‍ ടെസ്‌ല 725 മില്യണ്‍ ഡോളര്‍ നഷ്ടം വരുത്തിവെച്ചപ്പോള്‍ ബിഎംഡബ്ല്യുവിന്റെ ലാഭം 7.7 ബില്യണ്‍ ഡോളറായിരുന്നു.ടെസ്‌ലയുടെ ഓഹരി വിലയില്‍ ഏകദേശം 300 ഡോളര്‍ മാത്രമായിരിക്കും കാര്‍ ഡിവിഷന്റെ സംഭാവനയെന്നും അവേശഷിക്കുന്ന മൂല്യം ടെസ്‌ലയുടെ ബാറ്ററി ബിസിനസ്സും സെല്‍ഫ് ഡ്രെവിംഗ് കാര്‍ സാങ്കേതികവിദ്യയും സമ്മാനിച്ചതാകുമെന്നും ലോസ് ഏഞ്ചലസ് ആസ്ഥാനമായ എസ്എസ്‌ഐ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, പ്രിന്‍സിപ്പാള്‍ ആന്‍ഡ് പോര്‍ട്ട്‌ഫോളിയോ മാനേജര്‍ രവി മാലിക് പറഞ്ഞു. കൂടുതല്‍ കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞാല്‍ ടെസ്‌ലയുടെ കാര്‍ ഡിവിഷന്‍ ലാഭത്തിലാകുമെന്നും എനര്‍ജി സ്റ്റോറേജ് ഉല്‍പ്പന്നങ്ങളുമായി പവര്‍ യൂട്ടിലിറ്റി മേഖലയില്‍ പ്രവേശിക്കുന്നതോടെ ഓഹരി വില വീണ്ടും മെച്ചപ്പെടുമെന്നും അദ്ദേഹം നിരീക്ഷിച്ചു. അമിത വിപണിമൂല്യമാണ് ഇപ്പോള്‍ ടെസ്‌ല നേടിയിരിക്കുന്നതെന്നാണ് രവി മാലിക് അഭിപ്രായപ്പെട്ടത്. ഭാവിയില്‍ കാര്യങ്ങളെല്ലാം ശരിയായി നടന്നാല്‍ ഓഹരി വില വീണ്ടും വര്‍ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വളര്‍ച്ച ഉറപ്പാക്കുന്നതിനുപകരം ലാഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയാല്‍ ടെസ്‌ലയുടെ ഓഹരി വില കൂപ്പുകുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബിഎംഡബ്ല്യുവിന്റെ വലുപ്പം വെയ്ക്കണമെങ്കില്‍ ഇലോണ്‍ മസ്‌ക് ഇനിയും ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപം നടത്തേണ്ടി വരും. 104 ബില്യണ്‍ ഡോളറിന്റെ വരുമാനം നേടുന്നതിനായി പ്ലാന്റുകള്‍, പ്രോപ്പര്‍ട്ടി, ഉപകരണങ്ങള്‍ എന്നീ മേഖലകളിലായി 59 ബില്യണ്‍ ഡോളറാണ് ബിഎംഡബ്ല്യു നിക്ഷേപിച്ചത്. എന്നാല്‍ പ്ലാന്റുകള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കായി 6 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു ടെസ്‌ലയുടെ നിക്ഷേപം. 7 ബില്യണ്‍ ഡോളറായിരുന്നു വരുമാനം.മോഡല്‍ 3 കാറിന് 35,000 ഡോളര്‍ മാത്രമായിരിക്കും വില എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ‘ബ്രെഡ് ആന്‍ഡ് ബട്ടറായ’ 3 സീരീസ് സെഡാന് സമാന വിലയാണ്. ബിഎംഡബ്ല്യുവിന്റെ വാഹന നിരയില്‍ ഐ3 പ്ലഗ്-ഇന്‍ ഹൈബ്രിഡ് നിലവിലുണ്ട്. 2020 ല്‍ എക്‌സ്3 എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനാണ് പദ്ധതി. ഇലോണ്‍ മസ്‌കിന് വെല്ലുവിളിയായി സ്‌പോര്‍ടി ഇലക്ട്രിക് കാറുകളുമായി ഔഡിയും പോര്‍ഷെയും രംഗത്തുവരും.എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് റോബര്‍ട്ട് ഡബ്ല്യു ബെയേഡ് ആന്‍ഡ് കമ്പനിയിലെ അനലിസ്റ്റായ ബെന്‍ കാലോ അഭിപ്രായപ്പെടുന്നത്. ഇലോണ്‍ മസ്‌കിന് ധാരാളം ആരാധകരുണ്ട്. ജനങ്ങള്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെങ്കിലും ടെസ്‌ല കാറുകള്‍ വാങ്ങുമെന്ന കാര്യത്തില്‍ തനിക്ക് നല്ല വിശ്വാസമാണെന്ന് ബെന്‍ കാലോ പറഞ്ഞു.

Comments

comments

Categories: Auto