ഹോണ്ടയെ മറികടന്ന് ടാറ്റ മോട്ടോഴ്‌സ് നാലാമത്

ഹോണ്ടയെ മറികടന്ന് ടാറ്റ മോട്ടോഴ്‌സ് നാലാമത്
അതേസമയം പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ച 8.63 ശതമാനമായി കുറഞ്ഞു

ന്യൂ ഡെല്‍ഹി : മെയ് മാസത്തിലെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഹോണ്ട കാര്‍സ് ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ടാറ്റ മോട്ടോഴ്‌സ് നാലാം സ്ഥാനത്തേക്ക് കയറി. 32.18 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ മെയ് മാസത്തില്‍ ടാറ്റ മോട്ടോഴ്‌സ് 12,499 വാഹനങ്ങളാണ് വിറ്റത്. 13.3 ശതമാനം മാത്രം വില്‍പ്പന വളര്‍ച്ച നേടിയ ഹോണ്ട കാര്‍സ് ഇന്ത്യയ്ക്ക് 11,278 വാഹനങ്ങള്‍ വില്‍ക്കാനേ കഴിഞ്ഞുള്ളൂ. മാരുതി സുസുകി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 15.10 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ മാരുതി സുസുകി വിറ്റത് 1,30,248 യൂണിറ്റ് വാഹനങ്ങള്‍. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും (1.59 ശതമാനം-42,007 യൂണിറ്റ്), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൂന്നാം സ്ഥാനത്തുമെത്തി (3.23 ശതമാനം-20,270 യൂണിറ്റ്).ഏപ്രില്‍ മാസത്തില്‍ ഹോണ്ട നാലാം സ്ഥാനത്തായിരുന്നു. മെയ് മാസമെത്തിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് ഹോണ്ടയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പിടിമുറുക്കുംമുമ്പ് ടാറ്റ മോട്ടോഴ്‌സ് ദീര്‍ഘകാലം മൂന്നാം സ്ഥാനത്തായിരുന്നു. ടാറ്റ ടിയാഗോ, ടിഗോര്‍, ഹെക്‌സ എന്നീ മോഡലുകളുടെ വമ്പിച്ച ഡിമാന്‍ഡാണ് വില്‍പ്പന വളര്‍ച്ച സംബന്ധിച്ച പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ മെയ് മാസത്തില്‍ ടാറ്റ മോട്ടോഴ്‌സിന് സ്ഥാനക്കയറ്റം നല്‍കിയത്.

അതേസമയം രാജ്യത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചയില്‍ ഇടിവ് തട്ടി. മെയ് മാസത്തില്‍ 8.63 ശതമാനമാണ് പാസഞ്ചര്‍ വാഹന സെഗ്‌മെന്റിലെ വില്‍പ്പന വളര്‍ച്ച. ഏപ്രില്‍ മാസത്തില്‍ കൈവരിച്ച 14.68 ശതമാനമെന്ന ഇരട്ടയക്കത്തില്‍നിന്ന് കാര്യമായി പിന്നോക്കം പോയതായി സിയാം കണക്കുകള്‍ വ്യക്തമാക്കുന്നു.ഏഴാം ശമ്പള കമ്മീഷന്‍ അനുസരിച്ചുള്ള കുടിശ്ശിക കൊടുത്തുതീര്‍ത്തതാണ് ഏപ്രില്‍ മാസത്തില്‍ വില്‍പ്പന വളര്‍ച്ച ഇരട്ടയക്കത്തിലെത്താന്‍ ഒരു കാരണമെന്ന് സിയാം അധികൃതര്‍ പറഞ്ഞു. നോട്ട് അസാധുവാക്കലിനുശേഷം ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ കൂടാതെ പാസഞ്ചര്‍ വാഹന സെഗ്‌മെന്റിലും ഇരുചക്ര വാഹന സെഗ്‌മെന്റിലും നല്ല വില്‍പ്പന വളര്‍ച്ചയാണ് പ്രകടമായതെന്ന് സിയാം ഡയറക്റ്റര്‍ ജനറല്‍ വിഷ്ണു മാഥുര്‍ വ്യക്തമാക്കി.

Comments

comments

Categories: Auto