ഭവന വായ്പാ വളര്‍ച്ച ഉറപ്പുവരുത്തി ചെലവുകുറഞ്ഞ ഭവന മേഖല

ഭവന വായ്പാ വളര്‍ച്ച ഉറപ്പുവരുത്തി ചെലവുകുറഞ്ഞ ഭവന മേഖല
ചെലവുകുറഞ്ഞ ഭവന മേഖലയിലാണ് ഇപ്പോള്‍ ഭവന വായ്പകള്‍ കൂടുതലായി 
ചെലവഴിക്കപ്പെടുന്നത്

മുംബൈ : രാജ്യത്ത് ഇപ്പോള്‍ ഭവന വായ്പാ വിപണിയുടെ വളര്‍ച്ച നിയന്ത്രിക്കുന്നത് ചെലവുകുറഞ്ഞ ഭവന മേഖല. ബില്‍ഡര്‍മാര്‍ ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിത്തുടങ്ങിയതോടെ ഈ സെഗ്‌മെന്റിലാണ് ഇപ്പോള്‍ ഭവന വായ്പകള്‍ കൂടുതലായി ചെലവഴിക്കപ്പെടുന്നത്. വര്‍ഷങ്ങളോളം ഗോള്‍ഫ് കോഴ്‌സ്, ജകൂസി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര വീടുകള്‍ നിര്‍മ്മിച്ചിച്ച് വിറ്റിരുന്ന ബില്‍ഡര്‍മാര്‍ ഇപ്പോള്‍ 30 ലക്ഷം രൂപയ്ക്ക് താഴെ വില വരുന്ന ചെലവുകുറഞ്ഞ ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ഭവന വായ്പാ വിപണിയുടെ വളര്‍ച്ച ഇപ്പോള്‍ ചെലവുകുറഞ്ഞ ഭവന മേഖല മുഖാന്തിരമാണ് നടക്കുന്നത്.ഈ വര്‍ഷത്തെ ബജറ്റിനുശേഷമാണ് ബില്‍ഡര്‍മാര്‍ കൂട്ടത്തോടെ ചെലവുകുറഞ്ഞ ഭവന മേഖലയിലേക്ക് കളംമാറ്റി ചവിട്ടിയത്. ചെലവുകുറഞ്ഞ ഭവന മേഖലയ്ക്ക് അടിസ്ഥാനസൗകര്യ പദവിയാണ് അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതുവഴി നികുതി, പലിശ ഇളവുകളാണ് ബില്‍ഡര്‍മാര്‍ക്ക് ലഭിക്കുന്നത്. ഭവന വായ്പ ഉള്‍പ്പെടെ ഈ വര്‍ഷം വിവിധ ബാങ്കുകള്‍ നല്‍കിയ വായ്പകളില്‍ പകുതിയോളം പുതിയ കോര്‍പ്പറേറ്റ് ഇടപാടുകാര്‍ക്കാണ് നല്‍കിയത്.

ഡിസംബര്‍ മാസത്തേക്കാള്‍ ജനുവരിയില്‍ വായ്പാ അപേക്ഷകള്‍ 21 ശതമാനം വര്‍ധിച്ചതായി എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് വ്യക്തമാക്കി. മുന്‍ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയില്‍ 24 ശതമാനവും മാര്‍ച്ച് മാസത്തില്‍ 44 ശതമാനവുമായിരുന്നു വായ്പാ അപേക്ഷകളുടെ വര്‍ധനയെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു.ഉയര്‍ന്ന വിലയുള്ള പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മിക്കുന്നതല്ല വായ്പാ വളര്‍ച്ചയ്ക്ക് അടിസ്ഥാനമെന്നും മറിച്ച് ചെലവുകുറഞ്ഞ ഭവനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതാണെന്നും ദീപക് പരേഖ് വ്യക്തമാക്കി. 25.6 ലക്ഷം രൂപയാണ് എച്ച്ഡിഎഫ്‌സിയുടെ ശരാശരി വായ്പാ വലുപ്പമെന്ന് ഇതിന് പിന്‍ബലമായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി സാമ്പത്തിക പാദങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് എച്ച്ഡിഎഫ്‌സിയുടെ ശരാശരി വായ്പാ വലുപ്പം 26 ലക്ഷം രൂപയില്‍ന്ന് താഴെ പോകുന്നത്.പ്രധാനമന്ത്രി ആവാസ് യോജന വിജയകരമായി തുടരുന്ന സാഹചര്യത്തില്‍ ചെലവുകുറഞ്ഞ ഭവന മേഖല 25 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഭവന വായ്പാ ദാതാക്കള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy