‘ജിഎസ്ടി; സ്വര്‍ണത്തിന് മേലുള്ള നികുതി ഒരു ശതമാനമാക്കണം’

‘ജിഎസ്ടി; സ്വര്‍ണത്തിന് മേലുള്ള നികുതി ഒരു ശതമാനമാക്കണം’
ജിഎസ്ടിയിലേക്കുള്ള പിരവര്‍ത്തനം സുഗമമാക്കാന്‍ ബിസിനസുകളെ സഹായിക്കുന്നതിന് 
കെപിഎംജി സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് കെപിഎംജി ഇന്ത്യ ഇന്‍ഡയറക്റ്റ് 
ടാക്‌സ് വിഭാഗം മേധാവി സച്ചിന്‍ മേനോന്‍ 

ജൂലൈ ആദ്യവാരത്തോടെ രാജ്യത്ത് ജിഎസ്ടി (ചരക്കുസേവന നികുതി) പ്രാബല്യത്തില്‍ വരുകയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണം നടപ്പിലാക്കുമ്പോള്‍ ആകാംക്ഷയോടൊപ്പം ആശങ്കയും ബിസിനസുകാരിലുണ്ട്. ഏതൊരു പുതിയ നിയമം നടപ്പില്‍വരുമ്പോഴും ഉണ്ടാകുന്നതു പോലുള്ള ആശങ്കകള്‍ ജിഎസ്ടിയുടെ കാര്യത്തിലും നിലനില്‍ക്കുന്നുണ്ടെന്ന് പറയുന്നു കെപിഎംജി ഇന്ത്യയുടെ ഇന്‍ഡയറക്റ്റ് ടാക്‌സ് വിഭാഗം മേധാവി സച്ചിന്‍ മേനോന്‍. ജിഎസ്ടിയുടെ ഘടന പൂര്‍ണ്ണമായും തയാറാണോ എന്നതാണ് ഇത് സംബന്ധിച്ചുള്ള ഏറ്റവും വലിയ ആശയകുഴപ്പമെന്നും അദ്ദേഹം.ഉല്‍പ്പന്നങ്ങളെ പല വിഭാഗങ്ങളായി തരംതിരിച്ചാണ് ജിഎസ്ടി തീരുമാനിച്ചിരിക്കുന്നത്. ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയാണെന്നത് ഇപ്പോഴും വ്യക്തമല്ല. ഇനിയുള്ള ചര്‍ച്ചകളില്‍ നിന്ന് ഈ വിഭാഗത്തില്‍ എന്തെല്ലാമാണ് ഉള്‍പ്പെടുത്തപ്പെടുക എന്ന് അറിയാന്‍ കഴിയും.നിലവില്‍ കൈയ്യിലുള്ള സ്റ്റോക്കുകളുടെ മേലുള്ള ആശയകുഴപ്പമാണ് കൂടുതല്‍ ആളുകളും പ്രകടിപ്പിക്കുന്നതെന്ന് സച്ചിന്‍ പറയുന്നു. ഇതിനോടകം നിരവധി നികുതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും വില്‍പ്പന നടത്താന്‍ കഴിയാത്ത ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി വന്നുകഴിയുമ്പോള്‍ വില്‍ക്കപ്പെട്ടാല്‍ നികുതി എത്തരത്തിലായിരിക്കും ഇവയെ ബാധിക്കുക എന്നത് വ്യക്തമല്ല.ഏതൊരു കമ്പനിയുടെ കാര്യമെടുത്താലും വിതരണക്കാരും വില്‍പ്പന നടത്തുന്നവരും ജിഎസ്ടി മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതില്‍ നിന്നുള്ള പൂര്‍ണ്ണമായ പ്രയോജനം ലഭ്യമാകുകയൊള്ളൂ. വലിയ വിതരണ ശൃംഖലകളൊക്കെയായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അവരുടെ ജിഎസ്ടി ക്രെഡിറ്റ് എങ്ങനെ നേടുമെന്ന ആശങ്കയിലാണുള്ളത്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായാണ് കെപിഎംജി പുതിയ ആശയം രൂപീകരിച്ചിരിക്കുന്നത്. എച്ച് പിയുമായി സഹകരിച്ചുകൊണ്ട് ലാപ്‌ടോപ്പുകളില്‍ ഒരു എന്‍ഡ്-ടു-എന്‍ഡ് സൊലൂഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എച്ച്പിയുടെ ലാപ്‌ടോപ്പുകളില്‍ കെപിഎംജി വികസിപ്പിച്ചിട്ടുള്ള ജിഎസ്ടി ഇന്‍വൊയിസിംഗ് സോഫ്റ്റ്‌വെയര്‍ ലഭ്യമായിരിക്കും. ചരക്കുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട കണക്കുകള്‍ സ്റ്റോര്‍ ചെയ്യാനും ലാപ്‌ടോപ്പുകളില്‍ സാധിക്കും. വിപണിയില്‍ ലഭ്യമായിതുടങ്ങിയ ഈ ലാപ്‌ടോപ്പുകളുടെ ഇഎംഐ ആരംഭിക്കുന്നത് 1800രൂപയില്‍ താഴെയാണ്. ജിഎസ്ടി നടപ്പിലാക്കപ്പെടുമ്പോള്‍ വളരെയധികം ഉപകാരപ്രദമാകുന്ന ഒരു സേവനമാണ് പുതിയ സോഫ്റ്റ് വെയറുള്ള ലാപ്‌ടോപ്പുകളെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഓട്ടൊമൊബീല്‍

ഓട്ടൊമൊബീല്‍ സെക്ടറിന് ലഭിച്ചിട്ടുള്ള പുതിയ നിബന്ധനയനുസരിച്ച് റീട്ടെയ്‌ലറിന്റെ പക്കല്‍ 25,000 രൂപയ്ക്ക് മുകളില്‍ വിലവരുന്ന ഏതൊരു ഉല്‍പ്പന്നത്തന്റെ കാര്യത്തിലും ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാവിന്റെ പക്കല്‍ നിന്ന് നികുതി അടച്ച സര്‍ട്ടിഫിക്കറ്റ് ആയ ക്രഡിറ്റ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (സിടിഡി) വാങ്ങിയാല്‍ എക്‌സൈസ് ഡ്യൂട്ടി അടച്ചതിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്ന് സച്ചിന്‍ മേനോന്‍ പറയുന്നു. ഓട്ടോമൊബീല്‍ മേഖലയ്ക്കുമേല്‍ വരുന്ന സെസ് എത്രയാണെന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ലെങ്കിലും ജിഎസ്ടി പ്രതികൂലമാകില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടായിരിക്കാം ഒരുപക്ഷെ ജിഎസ്ടി ഡിസ്‌ക്കൗണ്ടുകളൊക്കെയായി ഇവര്‍ ഇന്ന് രംഗത്തുള്ളത്.

സ്വര്‍ണ്ണം

ജിഎസ്ടി നികുതിയീടാക്കാനാകുന്നത് വിതരണം നടന്ന ഒരു വസ്തുവിന്‍മേലാണ്. വിതരണം എന്നതില്‍ വില്‍പ്പനയും ബാര്‍ട്ടര്‍ ഇടപാടുകളും ഉള്‍പ്പെടും. പഴയ സ്വര്‍ണ്ണം വാങ്ങുന്ന പ്രക്രിയ കൃത്രിമത്വം കാണിക്കാനുളള അവസരമൊരുക്കുന്നതാണ്. പഴയ സ്വര്‍ണ്ണം വാങ്ങിയതിന്റെ രേഖകള്‍ ആര്‍ക്കും പരിശോധിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ ഈ മറയില്‍ നിന്നുകൊണ്ടാണ് അനധികൃതമായ സ്വര്‍ണ്ണം എത്തിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണം കുറഞ്ഞ അളവില്‍ കിട്ടുന്ന കൂടുതല്‍ മൂല്യമുള്ള വസ്തുവാണ്. നിയമവിരുദ്ധമായ കടത്ത് കൂടുതല്‍ സംഭവിക്കുന്നതും സ്വര്‍ണ്ണത്തിനുമേലാണ്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണത്തിനുമേലുള്ള നികുതി കുറവായിരിക്കുന്നതുതന്നെയാണ് നല്ലതെന്ന് സച്ചിന്‍ പറയുന്നു. നിലവില്‍ മൂന്ന് ശതമാനമാണ് സ്വര്‍ണ്ണത്തിന് കല്‍പ്പിച്ചിട്ടുള്ള ജിഎസ്ടിയെങ്കില്‍ എന്റെ അഭിപ്രായത്തില്‍ ഇത് ഒരു ശതമാനത്തിലേക്കെത്തുന്നതാണ് നല്ലത്.

Comments

comments

Categories: FK Special