അരമനരഹസ്യം അങ്ങാടിപ്പാട്ടാകുമ്പോള്‍

അരമനരഹസ്യം അങ്ങാടിപ്പാട്ടാകുമ്പോള്‍
രാജ്യാന്തര പ്രതിരോധരഹസ്യങ്ങള്‍ മാത്രമല്ല, കോര്‍പ്പറേറ്റ് തലപ്പത്തെ ഭരണരഹസ്യങ്ങള്‍ 
വരെ ഇന്ന് ചാരവൃത്തിക്കിരയാകുന്നു

വിവരസാങ്കേതികവിദ്യയുടെ വിസ്‌ഫോടനത്തെ ഭരണ, പ്രതിരോധരഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിന് ഏറ്റവും സുരക്ഷിത മാര്‍ഗമായാണ് രാജ്യങ്ങള്‍ കണ്ടത്. മണിച്ചിത്രപ്പൂട്ടിട്ടു സൂക്ഷിക്കുന്നതു പോലെ പഴുതടച്ചുള്ള സുരക്ഷയാണ് വിവരസാങ്കേതികവിദ്യ കാവല്‍ക്കാരായതോടെ രാഷ്ട്രങ്ങള്‍ ആദ്യമാദ്യം ആസ്വദിച്ചിരുന്നത്. എന്നാല്‍ നിഷേധിക്കപ്പെടുന്ന എന്തും കൈക്കലാക്കാനുള്ള മനുഷ്യന്റെ സഹജശീലവും ആണവഭീഷണിയടക്കം സൃഷ്ടിക്കുന്ന യുദ്ധാന്തരീക്ഷവും സ്ഥിതി മാറ്റിമറിച്ചു.രാജ്യാന്തര രഹസ്യങ്ങള്‍ ചോര്‍ത്തുന്ന കംപ്യൂട്ടര്‍ വിശാരദന്മാരും ഹാക്കര്‍മാരും രംഗപ്രവേശം ചെയ്തതോടെ വിക്കിലീക്‌സ് കേബിളുകളുമായി ജൂലിയന്‍ അസാഞ്ജും വൈറ്റ്ഹൗസ് രേഖകളുമായി എഡ്വേര്‍ഡ് സ്‌നോഡനും ലോകത്തെ വന്‍ശക്തികളുടെ ഉറക്കം കെടുത്തി.അസംതൃപ്തിയാണ് വിവരം ചോര്‍ത്തുന്നതിനുള്ള സര്‍വസാധാരണമായ പ്രേരണ. സംഘത്തിന്റെ നേതാവിനോടോ സ്ഥാപനത്തിനോടോ തോന്നുന്ന അതൃപ്തി വൈരാഗ്യത്തിലേക്കു നീങ്ങുകയും ഒറ്റിക്കൊടുക്കുന്നതില്‍ അവസാനിക്കുകയുമാണ് ചെയ്യാറ്. ടീമിന്റെ കെട്ടുറപ്പില്ലായ്മ, സംഘാംഗങ്ങളുടെ നീരസം, സ്വാതന്ത്ര്യ ദാഹം എന്നിവയും കാരണങ്ങളാണ്. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പ്രേരണയുണ്ടാകുന്നതെങ്ങനെയെന്നു പരിശോധിക്കാം

ലക്ഷ്യം പങ്കിടാനുള്ള വിമുഖത

ടീമിനെ ഒരുമിപ്പിച്ചു മുമ്പോട്ടു കൊണ്ടുപോകുന്നത് പൊതുലക്ഷ്യമാണ്. ലക്ഷ്യം നേടാനുള്ള അര്‍ത്ഥവത്തായ പരിശ്രമത്തിന്റെ ഭാഗമാണു തങ്ങളെന്ന് അവര്‍ക്കു ബോധ്യമുണ്ട്. ഈ അറിവ് ലക്ഷ്യം നേടാനുള്ള ഊര്‍ജസ്വലത അവരില്‍ നിറയ്ക്കുന്നു. തങ്ങള്‍ക്കിടയിലെ വ്യക്തിപരമായ സമവാക്യങ്ങളെന്തായാലും സംഘബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് അംഗങ്ങള്‍ക്കറിയാം. അതിനാല്‍ തങ്ങളുടെ പരിശ്രമങ്ങള്‍ക്ക് നേരിട്ടേക്കാവുന്ന തിരിച്ചടി ഭയന്ന് അവര്‍ കാര്യങ്ങള്‍ പുറത്തു വിടില്ല. എന്നാല്‍ ലക്ഷ്യം പങ്കിടാനുള്ള വിമുഖത ടീമില്‍ അന്തഃച്ഛിദ്രത്തിനു കാരണമാകുന്നു. ഇത് കാര്യങ്ങളെ വഷളാക്കുന്നു.

വിശ്വാസരാഹിത്യം

ഇഴയടുപ്പമുള്ള സംഘം വിശ്വാസത്തിലധിഷ്ഠിതമായ വിട്ടുവീഴ്ചയില്‍ വിശ്വസിക്കുന്നു. താന്‍പോരിമ ഒഴിവാക്കിക്കൊണ്ട് കുറവുകളെ സത്യസന്ധമായി മനസിലാക്കുന്നു. വൈദഗ്ധ്യമില്ലാത്ത കാര്യങ്ങള്‍ പോലും പങ്കുവെക്കുന്നതില്‍ അവര്‍ക്കു കുറച്ചില്‍ തോന്നില്ല. അവസരം കിട്ടുമ്പോള്‍ സഹപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ മുമ്പില്‍ താഴ്ത്തിക്കെട്ടാന്‍ തങ്ങളുടെ അജ്ഞത ഉപയോഗിക്കില്ലെന്നു മാത്രമല്ല, അവശ്യഘട്ടങ്ങളില്‍ പിന്തുണയുമായെത്തുമെന്ന വിശ്വാസവുമാണ് അവരെ നയിക്കുന്നത്. തുറന്ന പെരുമാറ്റവും സുതാര്യതയും സംഘത്തെ വലിയ ലക്ഷ്യം നേടാന്‍ പ്രാപ്തരാക്കുന്നു. എന്നാല്‍ അംഗങ്ങളില്‍ പരസ്പരവിശ്വാസം നഷ്ടപ്പെടുന്നതോടെ കാര്യങ്ങളെക്കുറിച്ച് പുറത്തു ചര്‍ച്ച ചെയ്യുകയും വിവരങ്ങള്‍ പുറത്തു പോകുകയും ചെയ്യും.

ആശങ്കകള്‍ 

പലമേധാവികളും കീഴ്ജീവനക്കാരെ യന്ത്രങ്ങളെപ്പോലെയാണ് പരിഗണിക്കാറുള്ളത്. തങ്ങള്‍ പറയുന്നതെന്തും ചോദ്യംചെയ്യാതെ ജീവനക്കാര്‍ അനുസരിച്ചു കൊള്ളുമെന്നാണ് അവരുടെ വിചാരം. പശ്ചാത്തല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാതെ നിര്‍ബന്ധിച്ചതു കൊണ്ട് കാര്യം നടക്കില്ല. കുറച്ചൊക്കെ കേട്ടു നിന്നതിനു ശേഷം അവര്‍ പകരം വീട്ടാനൊരുങ്ങുന്നു. അംഗങ്ങളുടെ ആശയങ്ങള്‍ ഏറ്റെടുക്കുന്നതിലുപരി ആശങ്കകള്‍ കൂടി അഭിസംബോധന ചെയ്താണ് ടീമിന്റെ അജണ്ട രൂപീകരിക്കേണ്ടത്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ അവര്‍ ആശങ്കകള്‍ പുറത്തുവിടുകയും അത് ടീമിന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് വളരുകയും ചെയ്യും.

ഏകാധിപത്യം

എല്ലാ പ്രശ്‌നങ്ങള്‍ക്കും തന്റെ കൈയില്‍ പരിഹാരമുണ്ടെന്നാണ് ഏകാധിപത്യ മനോഭാവമുള്ള നേതാവ് കരുതുന്നത്. തന്റെ കീഴിലുള്ളവര്‍ മറ്റു ചിന്തകളില്ലാതെ തന്റെ ആശയങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നാകും അദ്ദേഹത്തിന്റെ പക്ഷം. അതിനാല്‍ തന്റെ ആശയങ്ങള്‍ സംഘാംഗങ്ങളെ അടിച്ചേല്‍പ്പിക്കാനാകും നേതാവിന്റെ നിരന്തരശ്രമം. തല്‍ഫലമായി സംഘത്തിന് ചെയ്യുന്ന ജോലിയില്‍ താല്‍പര്യം നശിക്കുന്നു. അര്‍പ്പണമനോഭാവമില്ലാതെ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. അതൃപ്തരും ക്ഷുഭിതരും ഉല്‍സാഹരഹിതരായി മാറുന്നു. ഇത് അവരെ ആശങ്കള്‍ പുറത്തു പറയാന്‍ നിര്‍ബന്ധിതരാക്കുന്നു. സ്വയം അഭിരമിക്കുന്ന നേതാവിനെതിരേ കാര്യങ്ങള്‍ പുറത്തു വിടാന്‍ അസംതൃപ്തരുടെ സംഘം തയാറാകും. നേതാവിന്റെ മുഖത്തു ചെളിവാരി തേക്കുകയാണ് അവരുടെ ലക്ഷ്യം.

പെരുമാറ്റച്ചട്ടം

പരസ്പരമുള്ള പരിചിതത്വം കണക്കിലെടുക്കാതെ തന്നെ തൊഴിലാളികള്‍ ഓഫിസുകളില്‍ പാലിക്കേണ്ട ചില പെരുമാറ്റച്ചട്ടങ്ങള്‍ രൂപപ്പെടുത്താറുണ്ട്. ദൈനംദിന ജോലിയില്‍ പ്രദര്‍ശിപ്പിക്കേണ്ട ചില രീതികളാണ് ഇങ്ങനെ വ്യവസ്ഥയായി മാറുന്നത്. അംഗങ്ങള്‍ ചെയ്യേണ്ടതും അരുതാത്തതും എന്തെന്നുള്ള മാര്‍ഗനിര്‍ദേശമായി അത് വര്‍ത്തിക്കുന്നു. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഇതു സഹായകമാണ്. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുമ്പോള്‍ നടപടിയുണ്ടാകുമെന്ന് സംഘാംഗങ്ങള്‍ മനസിലാക്കുന്നു. ഇത്തരം ചട്ടങ്ങള്‍ നിയമാനുസൃതം വ്യവസ്ഥപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം, ഈ ചട്ടങ്ങളെക്കുറിച്ച് പുറത്തു ചര്‍ച്ച നടന്നേക്കാം.

ശിക്ഷയെക്കുറിച്ചുള്ള നിര്‍ഭയത്വം

രഹസ്യം പുറത്തു വിട്ടാലും ശിക്ഷിക്കപ്പെടാതെ തിരിച്ചുവരാമെന്ന വിശ്വാസം ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പ്രേരണ നല്‍കും. ഗൂഗിള്‍ പോലുള്ള വന്‍ കോര്‍പ്പറേറ്റുകള്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടുള്ളവരാണ്. കമ്പനിയുടെ ഒരു സംഘം, തൊഴിലാളികളുമായി സ്വതന്ത്രമായി ആശയവിനിമയം നടത്തുമ്പോള്‍ത്തന്നെ അക്കൂട്ടത്തില്‍ രഹസ്യം വെളിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഗൗരവമായി നിരീക്ഷിക്കുന്നു. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ജീവനക്കാരനെ കമ്പനി പുറത്താക്കും.

സംഘര്‍ഷരഹിതം

ഒരു ടീം ചങ്ങാത്തത്തിനും സംഘര്‍ഷമൊഴിവാക്കാനുമുള്ള പ്രവണത കാട്ടുന്നെങ്കില്‍ അതിന്റെ പരിണിതഫലം മോശമായിരിക്കും. പ്രശ്‌നപരിഹാരത്തിനും ഉചിതമായ ഉത്തരം ലഭിക്കുന്നതിനും സംഘര്‍ഷങ്ങള്‍ അവസരമുണ്ടാക്കുന്നു. പരസ്പരവിശ്വാസമുള്ള അംഗങ്ങള്‍ സംഘര്‍ഷത്തെ സ്വാഗതം ചെയ്യുന്നു. വിഷയത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇത് അവസാനം പ്രയോജനകരമായ പരിഹാരത്തിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നു. അംഗങ്ങളുടെ ഭിന്നാഭിപ്രായവും സംഘര്‍ഷവും ഇവിടെ അനിവാര്യമാണ്. അംഗങ്ങള്‍ എല്ലാവരുടെയും വാദഗതി കേള്‍ക്കാനും ജനാധിപത്യപരമായി തര്‍ക്കിക്കാനും ഒടുവില്‍ ഭൂരിപക്ഷാഭിപ്രായത്തിനു പിന്നില്‍ അണിനിരക്കാനും സാധിക്കുന്നുവെന്നതാണ് ഇതിലെ നിര്‍ണായകമായ കാര്യം. എന്നാല്‍ പരസ്പര വിശ്വാസമില്ലായ്മ, അംഗങ്ങളെ കനത്ത ഇച്ഛാഭംഗത്തിനിരയാക്കുകയും പൊതുലക്ഷ്യം നിറവേറ്റാന്‍ വിമുഖരാക്കുകയും ചെയ്യും. ഇതും വിവരങ്ങള്‍ പുറത്തുവിടാന്‍ പ്രേരണയാകുന്നു.

Comments

comments

Categories: FK Special, World
Tags: Espionage