ശശികലയും ദീപക്കും ജയലളിതയെ വകവരുത്താന്‍ ഗൂഢാലോചന നടത്തി

ശശികലയും ദീപക്കും ജയലളിതയെ വകവരുത്താന്‍ ഗൂഢാലോചന നടത്തി

ചെന്നൈ: ജയലളിതയെ വകവരുത്താന്‍ ശശികലയും ദീപക്കും ഗൂഢാലോചന നടത്തിയതായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ ആരോപിച്ചു. ദീപ ജയകുമാറിന്റെ സഹോദരനാണു ദീപക്ക്. ഇന്നലെ ജയലളിതയുടെ വസതി സ്ഥിതി ചെയ്യുന്ന പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ചെത്തിയ ദീപയുടെ ശ്രമം പാളിയതിനെ തുടര്‍ന്നാണു സഹോദരനും ശശികലയ്ക്കുമെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഇന്നലെ പോയസ് ഗാര്‍ഡനിലെത്തിയ ദീപ, വീടിനു മുന്‍പിലുള്ള ജയലളിതയുടെ ചിത്രത്തില്‍ പൂമാല ചാര്‍ത്തിയതിനു ശേഷമാണു വസതിയിലേക്ക് പ്രവേശിക്കാനൊരുങ്ങിയത്. എന്നാല്‍ ദീപയ്ക്കു മുന്‍പു സഹോദരന്‍ ദീപക്കു ജയലളിതയുടെ വസതിയിലുണ്ടായിരുന്നു. ദീപയുടെ പ്രവേശനം പൊലീസ് തടയുകയും ചെയ്തു. അതേസമയം ദീപയുടെ ആരോപണത്തെ സഹോദരന്‍ ദീപക്ക് തള്ളി കളഞ്ഞു. താനും ദീപയുമൊന്നിച്ചാണു ജയലളിതയുടെ വീട്ടിലെത്തിയത്. പുഷ്പവൃഷ്ടി നടത്തിയതിനു ശേഷം തങ്ങള്‍ ഒരുമിച്ച് പ്രവേശിക്കാനും തീരുമാനിച്ചിരുന്നെന്നും ദീപക്ക് പറഞ്ഞു. എന്നാല്‍ ദീപ പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നെന്നു ദീപക്ക് പറഞ്ഞു. സ്വന്തം അമ്മായിയെ വധിക്കാന്‍ ആരെങ്കിലും ഗൂഢാലോചന നടത്തുമോ എന്നും ദീപക്ക് ചോദിച്ചു. ഈ പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വ്യക്തത വരുത്താന്‍ അടുത്ത ദിവസം താന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും ദീപക്ക് അറിയിച്ചു.ജയലളിതയുടെ മരണശേഷം പോയ്‌സ് ഗാര്‍ഡനിലെ വസതി ശശികല സ്വന്തമാക്കിയിരുന്നു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗഌരുവിലെ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണു ശശികല. ഇതിനിടെ ജയലളിതയുടെ വസതി സ്മാരകമാക്കണമെന്ന ആവശ്യവുമായി ഒ.പനീര്‍ശെല്‍വം രംഗത്തുവരികയും ചെയ്തിരുന്നു.

Comments

comments

Categories: World