ട്രംപ് ബിസിനസിന് ഭീഷണിയാണെന്ന് തുറന്നുപറഞ്ഞ് വിപ്രോ

ട്രംപ് ബിസിനസിന് ഭീഷണിയാണെന്ന് തുറന്നുപറഞ്ഞ് വിപ്രോ
യുഎസ് പ്രസിഡന്റിന്റെ നയങ്ങളെ ആദ്യമായാണ് ഒരു ഇന്ത്യന്‍ ഐടി കമ്പനി 
ആശങ്കയുള്ളതെന്ന് ഔദ്യോഗികമായി പറയുന്നത്

ബെംഗളുരു: യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ സമര്‍പ്പിച്ച വാര്‍ഷിക ഫയലിംഗില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബിസിനസുകള്‍ക്ക് ഭീഷണിയാകാനുള്ള സാധ്യതയുണ്ടെന്ന് ഐടി രംഗത്തെ മുന്‍നിര ഇന്ത്യന്‍ കമ്പനിയായ വിപ്രോ. ഒരു യുഎസ് പ്രസിഡന്റിന്റെ നയത്തെ ഭീഷണി സാധ്യത എന്ന നിലയില്‍ ഫയലിംഗില്‍ രേഖപ്പെടുത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി ഇതോടെ വിപ്രോ മാറി. പ്രവര്‍ത്തനം, വരുമാനം, ലാഭം തുടങ്ങിയവയില്‍ കമ്പനിക്ക് തിരിച്ചടിയാകുന്ന എല്ലാ ഘടകങ്ങളെയുമാണ് റിസ്‌ക് ഫാക്റ്റര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.’സമീപകാലത്ത് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷമുള്ള ഗൗരവപൂര്‍വമായ സംഭവവികാസങ്ങള്‍ ഞങ്ങളുടെ ബിസിനസ്സിന് ഭീകരമായ പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്’ ഫയലിംഗില്‍ വിപ്രോ പറയുന്നു. 2016 നവംബര്‍ 8നാണ് ഡൊണാള്‍ഡ് ജെ ട്രംപ് അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര വ്യാപാരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, യുഎസില്‍ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ നിരക്കില്‍ ഗണ്യമായ വര്‍ധന വരുത്തുക എന്നിവയ്‌ക്കൊപ്പം നോര്‍ത്ത് അമേരിക്ക ഫ്രീ ട്രേഡ് കരാര്‍ (നഫ്താ), നിര്‍ദിഷ്ട വ്യാപാര ഉടമ്പടികള്‍ എന്നിവയില്‍ നിന്നുള്ള പിന്‍മാറ്റവും ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങളാണെന്ന് വിപ്രോ ചൂണ്ടിക്കാണിക്കുന്നു.

സംരക്ഷണവാദം, വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ ഐടി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. യുഎസ്, യുകെ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കുടിയേറ്റ നിയമ നിയന്ത്രണങ്ങള്‍ എങ്ങനെയാണ് തങ്ങളെ ബാധിച്ചതെന്ന് വിപ്രോ പ്രത്യേകമായി വിവരിക്കുന്നുണ്ട്.പ്രസിഡന്റ് ട്രംപിന്റെ കടുത്ത സംരക്ഷണവാദ നിലപാടുകളില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വലിയ ആശങ്കയാണുള്ളത്. തെരഞ്ഞെടുപ്പ് കാലത്തു തന്നെ ആഭ്യന്തര റിക്രൂട്ട്‌മെന്റ് ഉയര്‍ത്തുമെന്നും തൊഴില്‍ വിസയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.ആദ്യ പാദത്തിന്റെ അവസാനമാകുമ്പോഴേക്കും തങ്ങളുടെ അമേരിക്കയിലെ ജീവനക്കാരുടെ എണ്ണത്തിന്റെ 50 ശതമാനവും തദ്ദേശവാസികളായിരിക്കുമെന്ന് വിപ്രോ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്ന് 10,000 പേരെ നിയമിക്കാനാണ് മറ്റൊരു മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy, World

Related Articles