നാലു വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും: കടകംപള്ളി സുരേന്ദ്രന്‍

നാലു വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും: കടകംപള്ളി സുരേന്ദ്രന്‍
സമൂഹ മാധ്യമങ്ങളെ ടൂറിസം വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തണം

കൊച്ചി: അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.2021 ആകുമ്പോഴേക്കും കേരളത്തിലേക്ക് ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 50 ശതമാനം കണ്ടു വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ ഉദ്യമത്തില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്. ഇതിനുള്ള കാല്‍വെപ്പാണ് ഐസിടിടിയിലൂടെ 2013ല്‍ നടന്നത്. ഇന്ന് കേരളത്തിലെ ടൂറിസം വ്യവസായം സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതിന്റെ കാരണം ഐസിടിടിയാണെന്നും മന്ത്രി പറഞ്ഞു.ടൂറിസം രംഗത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് പ്രദേശവാസികള്‍ക്കു കൂടി ഗുണകരമാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. പ്രദേശവാസികളില്‍ ഡിജിറ്റല്‍ സാക്ഷരത ഉണ്ടാക്കുകയും അവരുടെ നൈപുണ്യ വികസനം ലക്ഷ്യം വച്ചുള്ള പദ്ധതികള്‍ നടപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരത കൈവരുന്നതോടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലും വര്‍ധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മദ്യനയം കേരളത്തിലെ ടൂറിസം വ്യവസായത്തിന് ദോഷകരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വിവിധ അന്താരാഷ്ട്ര-ആഭ്യന്തര സമ്മേളനങ്ങളുടെ പ്രിയ വേദിയായിരുന്നു കേരളം. മദ്യനിരോധനം വന്നതോടെ കേരളത്തിന് തിരിച്ചടി നേരിട്ടു. ഇതിന് മദ്യം മാത്രമാണ് കാരണമെന്ന് അഭിപ്രായമില്ലെന്നും കേരളത്തിന്റെ അതേ കാലാവസ്ഥയുള്ള ശ്രീലങ്ക ഈയവസരം മുതലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രാദേശികമായ അനുഭവങ്ങളാണ് ഇന്നത്തെ ടൂറിസ്റ്റുകള്‍ക്കാവശ്യമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഹൈബി ഈഡന്‍ എംല്‍എ ചൂണ്ടിക്കാട്ടി. അതിനായി അവര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. പ്രാദേശിക പങ്കാളിത്തമുള്ളതുകൊണ്ട് ഉത്തരവാദിത്ത ടൂറിസത്തിന് പ്രാധാന്യമേറുന്നത്. ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത നിരവധി അവസരങ്ങള്‍ കേരളത്തിലുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ മോശമായ അവസ്ഥ, മാലിന്യ പ്രശ്‌നം എന്നിവയെല്ലാം ഈ മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികളാണ്. മുസിരിസ് ബിനാലെ, പൈതൃക പദ്ധതി എന്നിവ കേരളത്തിന് അന്താരാഷ്ട്രരംഗത്തുള്ള പുതിയ മേല്‍വിലാസങ്ങളാണെന്നും ഹൈബി പറഞ്ഞു.

Comments

comments

Categories: Top Stories