എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ്- മാക്‌സ് ലൈഫ് ലയനത്തിന് ഐആര്‍ഡിഎ അനുമതിയില്ല

എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ്- മാക്‌സ് ലൈഫ് ലയനത്തിന് ഐആര്‍ഡിഎ അനുമതിയില്ല
ഇരു കമ്പനികളും കരാര്‍ പുതുക്കിപ്പണിയുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

മുംബൈ: രാജ്യത്തെ രണ്ട് മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളായ എച്ച്ഡിഎഫ്‌സി ലൈഫും മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സും തമ്മിലുള്ള ലയനത്തിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ) അനുമതി നിഷേധിച്ചു. ഇന്‍ഷുറന്‍സ് കമ്പനി ഒരു ഇന്‍ഷുറന്‍സ് ഇതര കമ്പനിയുമായി ലയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന 1938ലെ ഇന്‍ഷുറന്‍സ് ആക്റ്റിലെ സെക്ഷന്‍ 35 ന്റെ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. നിലവിലെ ലയനത്തിന്റെ ഘടന സംബന്ധിച്ച് ഐആര്‍ഡിഎ അവരുടെ നിലപാടില്‍ ഉറച്ചുനിന്നതായി ഇരു കമ്പനികളും പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനകളില്‍ പറയുന്നു. നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും ഈ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. ലയിക്കാനുള്ള തീരുമാനത്തോട് പ്രതിജ്ഞാബദ്ധമാണെന്നും എച്ച്ഡിഎഫ്‌സി ലൈഫും, മാക്‌സ് ലൈഫും അറിയിക്കുന്നു.

ഇരു കമ്പനികളുടെയും ലയനവുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഹ്ഗിയില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു. എന്നാല്‍ ഇതിന് അറ്റോര്‍ണി ജനറല്‍ വിസമ്മതിക്കുകയായിരുന്നു. ലയന കരാര്‍ പുതുക്കിപ്പണിയുന്നതിന് ഇരു കമ്പനികളും ശ്രമങ്ങള്‍ ആരംഭിച്ചതായാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കരാറിന്റെ അന്തിമ രൂപത്തില്‍ തീരുമാനമായിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. മൂന്ന് ഘട്ടമായുള്ള തങ്ങളുടെ ലയനപ്രക്രിയകള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എച്ച്ഡിഎഫ്‌സി ലൈഫും മാക്‌സ് ലൈഫും പ്രഖ്യാപിച്ചത്. ആദ്യപടിയായി മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് മാതൃകമ്പനിയായ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ ലയിപ്പിക്കും. പിന്നീട് ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് മാക്‌സ് ഫിനാന്‍ഷ്യലില്‍ നിന്ന് വേര്‍പ്പെടുത്തി പ്രത്യേക ബിസിനസാക്കി എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സില്‍ ലയിക്കും. ഇത് എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഓഹരിവിപണിയിലെ സ്വാഭാവിക ലിസ്റ്റിംഗിനും വഴിവെക്കും. സംയുക്ത സംരംഭത്തില്‍ എച്ച്ഡിഎഫ്‌സി ലൈഫിനായിരിക്കും ഭൂരിപക്ഷ ഓഹരികള്‍. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് സംരംഭമായി ഇത് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Business & Economy