സ്ത്രീകള്‍ക്ക് പലിശ രഹിത വായ്പ നല്‍കും

സ്ത്രീകള്‍ക്ക് പലിശ രഹിത വായ്പ നല്‍കും
വിദൂര ഗ്രാമങ്ങളിലും പിന്നോക്ക പ്രദേശങ്ങളിലും പൊതു ഗതാഗത സര്‍വീസ് 
ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം

ന്യൂ ഡെല്‍ഹി : പൊതു ഗതാഗത സര്‍വീസ് നടത്തുന്നതിനായി വാഹനങ്ങള്‍ വാങ്ങുന്നതിന് സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളിലും പിന്നോക്ക പ്രദേശങ്ങളിലും പൊതു ഗതാഗത സര്‍വീസ് ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.വാഹനങ്ങള്‍ വാങ്ങുന്നതിനും ഡ്രൈവര്‍മാരെ ജോലിക്ക് വെയ്ക്കുന്നതിനുമാണ് വായ്പാ പദ്ധതി പരിഗണിക്കുന്നത്. പ്രധാന പട്ടണങ്ങളുമായി പൊതു ഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്ത ഗ്രാമങ്ങളിലാണ് വാഹനങ്ങള്‍ സര്‍വീസ് നടത്തേണ്ടത്.ഗതാഗത ആവശ്യം എന്നതിലുപരി കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി വിപണിയിലെത്തിക്കുന്നതിനും ഈ ഗതാഗത സംവിധാം ഉപയോഗിക്കാന്‍ കഴിയും. ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ ഗ്രാമ വികസന മന്ത്രാലയം ഇതുസംബന്ധിച്ച പഠനം നടത്തിയിരുന്നു.

വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനുകീഴിലായി പദ്ധതി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്ലോക്ക് തലത്തില്‍ സര്‍വീസ് നടത്തുന്നതിന് 6 മുതല്‍ 8 വരെ വാഹനങ്ങള്‍ വാങ്ങുന്നതിനാണ് സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുന്നത്. സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ നല്‍കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.10-12 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനം പ്രതിദിനം 6-7 ട്രിപ്പുകള്‍ നടത്തിയാല്‍ ലാഭകരമാകുമെന്നാണ് ഗ്രാമ വികസന മന്ത്രാലയം കണക്കുകൂട്ടിയിരിക്കുന്നത്. നിലവിലെ 12 ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിച്ചാല്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് ലാഭകരമാവില്ല എന്നതുകൊണ്ടാണ് പലിശ രഹിത വായ്പ നല്‍കാന്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.പദ്ധതിക്ക് ഇതുവരെ പേര് കണ്ടെത്തിയിട്ടില്ല. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബീഹാര്‍, ഉത്തര്‍ പ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ 250 പിന്നോക്ക ബ്ലോക്കുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.

Comments

comments

Categories: Auto, Motivation, Women