കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തോല്‍വി ; ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടസപ്പെടും

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തോല്‍വി ; ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടസപ്പെടും

ബ്രിട്ടനില്‍ തെരേസ മേ അതിബുദ്ധി കാണിച്ചത് വിനയായിരിക്കുകയാണ്. ബ്രെക്‌സിറ്റ്
ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കേവലം 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ, ഇടക്കാല
തെരഞ്ഞെടുപ്പില്‍ മേയുടെ പാര്‍ട്ടിക്കേറ്റ തിരിച്ചടി ബ്രിട്ടനില്‍ രാഷ്ട്രീയ അസ്ഥിരത
സമ്മാനിച്ചിരിക്കുകയാണ്. പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു.

ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇനി വെറും പത്ത് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ ഇടക്കാല തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ തെരേസ മേയ്‌ക്കേറ്റ പ്രഹരം ഞെട്ടിപ്പിക്കുന്നതാണ്. 2019 വരെ ഭരണത്തില്‍ തുടരാമെന്നിരിക്കവേ, ഇക്കഴിഞ്ഞ ഏപ്രില്‍-18നു തെരേസ മേ ഇടക്കാല തെരഞ്ഞെടുപ്പ് (snap poll) പ്രഖ്യാപിക്കുകയായിരുന്നു. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ നടത്താന്‍ സ്ഥിരതയുള്ള, വിശ്വസ്തതയുള്ള ബ്രിട്ടീഷ് ഭരണകൂടത്തെയാണു യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പ്രതീക്ഷിക്കുന്നതെന്നാണു തെരേസ മേ ഏപ്രില്‍ 18നു ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ ജൂണ്‍ എട്ടിനു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ തെരേസ മേയുടെ പാര്‍ട്ടിക്കു മുന്‍പ് ഉണ്ടായിരുന്ന ഭൂരിപക്ഷം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. 2015-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 331 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു.ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളിലേക്കാണു ജൂണ്‍ എട്ടിനു മത്സരം നടന്നത്. ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (ടോറി പാര്‍ട്ടിയെന്നും അറിയപ്പെടുന്നു) 314 സീറ്റുകളിലും ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിക്ക് 261 സീറ്റുകളിലും വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. 320 സീറ്റുകള്‍ നേടാനാകുമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഏറ്റവും അവസാനത്തെ കണക്കുകൂട്ടല്‍. 2015-ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനേക്കാള്‍ 31 സീറ്റുകള്‍ അധികം നേടാന്‍ ഇപ്രാവിശ്യം ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചു. പക്ഷേ ഭരിക്കാനുള്ള പിന്തുണ ലേബര്‍ പാര്‍ട്ടിയും നേടിയിട്ടില്ല. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് 35, മറ്റ് പാര്‍ട്ടികള്‍ 35 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. 326 സീറ്റുകളാണു ഭരിക്കാന്‍ ആവശ്യമുള്ള ഭൂരിപക്ഷം.

ലേബര്‍ പാര്‍ട്ടിയൊഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തെരഞ്ഞെടുപ്പ് ഫലം നിരാശയേകുന്നതായിരുന്നു. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് 2015-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 56 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇൗ തെരഞ്ഞെടുപ്പില്‍ അത് 35-ലേക്ക് താഴ്ന്നു. തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഭരിക്കണമെങ്കില്‍ ഏതെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. ലേബര്‍ പാര്‍ട്ടിയുടെ അവസ്ഥയും ഇതു തന്നെയാണ്. അതുകൊണ്ടു തന്നെ ഇനി വരാന്‍ പോകുന്ന മന്ത്രിസഭ തൂക്ക് സഭയായിരിക്കുമെന്ന കാര്യവും ഉറപ്പായിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിക്കും തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. കൂട്ടുകക്ഷി ഭരണം മാത്രമാണ് ഏക പോംവഴി. കൂട്ടുകക്ഷി ഭരണം സാധ്യമാകാതെ വരികയാണെങ്കില്‍ ബ്രിട്ടന്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കും.കഴിഞ്ഞ വര്‍ഷം ജൂണ്‍ 23-നാണു യുകെയില്‍ ബ്രെക്‌സിറ്റ് ജനഹിതം നടന്നത്. അന്നു ജനഹിതത്തില്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചവര്‍ മേല്‍ക്കെ നേടി. ഇതാവട്ടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോണ്‍ രാജിവയ്ക്കാന്‍ ബാദ്ധ്യസ്ഥനായി. കാരണം അദ്ദേഹം ബ്രെക്‌സിറ്റിന് എതിരായിരുന്നു. ബ്രെക്‌സിറ്റ് ജനഹിതംവിജയിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് ജൂലൈ 13ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരേസ മേ ചുമതലയേറ്റു. മേപ്രധാനമന്ത്രിയായി ചുമതലയേറ്റ് ഒരു വര്‍ഷം പോലും തികഞ്ഞിട്ടില്ല, അപ്പോഴേക്കും അവരുടെ ജനപ്രീതി ഇടിഞ്ഞിരിക്കുന്നു എന്നതിനു തെളിവാകുന്നു ജൂണ്‍ എട്ടിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം.യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കാന്‍ ഇനി വെറും പത്ത് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ബ്രിട്ടനില്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന് അസ്ഥിരതയുടെ രൂപമാണ്. ഇന്നലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇംഗ്ലണ്ടിന്റെ കറന്‍സിയായ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടി കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കുകയാണെങ്കില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളെ ബാധിച്ചേക്കുമെന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി തെരേസ മേ തയാറാക്കിയിരിക്കുന്ന പദ്ധതികള്‍ കോര്‍ബിന്‍ പൊളിച്ചെഴുതുമെന്ന കാര്യം ഉറപ്പ്.

Comments

comments

Categories: World