2018 മോഡല്‍ ഓഫ് റോഡ് മോട്ടോര്‍സൈക്കിളുകള്‍ കാവസാക്കി പരിഷ്‌കരിച്ചു

2018 മോഡല്‍ ഓഫ് റോഡ് മോട്ടോര്‍സൈക്കിളുകള്‍ കാവസാക്കി പരിഷ്‌കരിച്ചു
പുതിയ മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് സൂചന

ന്യൂ ഡെല്‍ഹി : അന്തര്‍ദേശീയ വിപണിയില്‍ 2018 മോഡല്‍ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചുകൊണ്ട് ഓഫ്-റോഡ്, മോട്ടോക്രോസ് ലൈനപ്പ് കാവസാക്കി പരിഷ്‌കരിച്ചു. ഓഫ്-റോഡ് കാറ്റഗറിയില്‍ മുഴുവന്‍ കെഎല്‍എക്‌സ് മോഡലുകളുമാണ് പരിഷ്‌കരിച്ചത്. കെഎക്‌സ് മോട്ടോക്രോസ് ബൈക്കുകളുടെ പുതിയ പതിപ്പും അന്തര്‍ദേശീയ വിപണിയില്‍ ലഭിക്കും.ഇന്ത്യന്‍ വിപണിയില്‍ കെഎല്‍എക്‌സ് 110, കെഎല്‍എക്‌സ് 140ജി, കെഎക്‌സ് 100എഫ്, കെഎക്‌സ് 250എഫ് എന്നീ നാല് മോഡലുകളാണ് കാവസാക്കി വില്‍ക്കുന്നത്. നിലവില്‍ സ്‌റ്റോക്ക് ഇല്ലാത്തതിനെതുടര്‍ന്ന് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് കെഎല്‍എക്‌സ് 140ജി, കെഎക്‌സ് 100എഫ്, കെഎക്‌സ് 250എഫ് എന്നീ മോഡലുകള്‍ കാവസാക്കി ഇന്ത്യ പിന്‍വലിച്ചിട്ടുണ്ട്. പുതിയ മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.112 സിസി എയര്‍ കൂള്‍ഡ്, 4 സ്‌ട്രോക് എന്‍ജിനുമായാണ് കെഎല്‍എക്‌സ് 110 ന്റെ 2018 മോഡല്‍ വരുന്നത്. ഓട്ടോമാറ്റിക് ക്ലച്ച് സഹിതം 4 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. സ്‌പോര്‍ടി വശ്യത സമ്മാനിക്കുന്ന പുതിയ ഗ്രാഫിക്‌സാണ് ബൈക്കിന്റെ ലൈം ഗ്രീന്‍ ബോഡിയില്‍ നല്‍കിയിരിക്കുന്നത്. കുട്ടികളെ മനസ്സില്‍കണ്ടുകൊണ്ട് 26.8 ഇഞ്ചെന്ന ചെറിയ ഉയരത്തിലാണ് സീറ്റ് ഉറപ്പിച്ചിരിക്കുന്നത്.

അമച്വര്‍ ഡര്‍ട്ട് റൈഡര്‍മാരെ ഉപയോക്താക്കളായി ലക്ഷ്യമിടുന്ന 2018 കെഎല്‍എക്‌സ് 140ജി മോഡലിന് 144 സിസി, 4 സ്‌ട്രോക്, 1 സിലിണ്ടര്‍, എസ്ഒഎച്ച്‌സി എയര്‍ കൂള്‍ഡ് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 5 സ്പീഡ് റിട്ടേണ്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. കെഎല്‍എക്‌സ് 140ജി മോഡലിന് എതിരാളികളേക്കാള്‍ 14 കിലോഗ്രാം ഭാരം കുറവാണെന്ന് കാവസാക്കി അറിയിച്ചു.വിവിധ മത്സരങ്ങളിലേര്‍പ്പെടുന്ന മോട്ടോക്രോസ് ബൈക്കുകളുടെ കാര്യമെടുത്താല്‍ കെഎക്‌സ് 110എഫിന് പകരമായി അവതരിപ്പിക്കുന്ന 2018 കെഎക്‌സ് 100 ന് 99 സിസി 2 സ്‌ട്രോക് 1 സിലിണ്ടര്‍, പിസ്റ്റണ്‍ റീഡ് വാല്‍വ്, വാട്ടര്‍ കൂള്‍ഡ് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. ആറ് രീതികളില്‍ ക്രമീകരിക്കാവുന്ന ഹാന്‍ഡില്‍ബാര്‍ മൗണ്ട്, അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷന്‍ കംപോണന്റ്‌സ് എന്നിവ കൂടെ ലഭിക്കും.പരിഷ്‌കരിച്ച സിലിണ്ടര്‍ ഹെഡ്, ഇന്‍ടേക് കാം, കൂടുതല്‍ ടോര്‍ക്കും കൂടുതല്‍ കരുത്തും നല്‍കുന്നവിധം മെച്ചപ്പെട്ട കംപ്രഷന്‍ അനുപാതം എന്നിവയാണ് 2018 കെഎക്‌സ് 250എഫിന്റെ സവിശേഷതകള്‍. ഭാരം കുറഞ്ഞ ബ്രിഡ്ജ്ഡ്-ബോക്‌സ് ബോട്ടം പിസ്റ്റണ്‍ മറ്റൊരു സവിശേഷതയാണ്. ഘര്‍ഷണം കുറച്ച് എന്‍ജിന്റെ ദഹന കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇതിന് കഴിയും.Z125 Pro, Z125 Pro KRT edition, Z125 Pro SE എന്നിവയുടെ പരിഷ്‌കരിച്ച മോഡലുകളും കാവസാക്കി അന്തര്‍ദേശീയ വിപണിയിലെത്തിക്കും.

Comments

comments

Categories: Auto