ടെസ്‌ലയുടെ ‘മോഡല്‍ വൈ’ ടീസര്‍ പുറത്ത് ; 2020 ഓടെ ഉല്‍പ്പാദനം ആരംഭിക്കും

ടെസ്‌ലയുടെ ‘മോഡല്‍ വൈ’ ടീസര്‍ പുറത്ത് ; 2020 ഓടെ ഉല്‍പ്പാദനം ആരംഭിക്കും
മോഡല്‍ വൈ നിര്‍മ്മിക്കുന്നതിന് പുതിയ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നതെന്ന് ഇലോണ്‍ 
മസ്‌ക്

ന്യൂ ഡെല്‍ഹി : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ‘മോഡല്‍ വൈ’ കാറിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടു. 2020 ഓടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. മോഡല്‍ വൈ വിപണിയിലെത്തിക്കുന്നതോടെ കോംപാക്റ്റ് ക്രോസ്ഓവര്‍ സെഗ്‌മെന്റില്‍ ടെസ്‌ല പ്രവേശിക്കും. നിലവിലെ മോഡല്‍ എക്‌സിന്റെ ചെറിയ വേര്‍ഷനായിരിക്കും അടിസ്ഥാനപരമായി മോഡല്‍ വൈ. മോഡല്‍ എസ്സിന്റെ ചെറിയ വേര്‍ഷനാണ് പുറത്തിറങ്ങാനിരിക്കുന്ന ടെസ്‌ലയുടെ മോഡല്‍ 3.മോഡല്‍ 3 യുടെ അതേ പ്ലാറ്റ്‌ഫോമില്‍ മോഡല്‍ വൈ നിര്‍മ്മിക്കാനാണ് ടെസ്‌ല ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മോഡല്‍ വൈ നിര്‍മ്മിക്കുന്നതിന് പുതിയ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. 2019-20 ഓടെ കാര്‍ ഉല്‍പ്പാദനത്തിന് തയ്യാറാകും. എന്നാല്‍ 2019 ഓടെ മോഡല്‍ വൈ നിരത്തുകളിലെത്തിക്കണമെന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

രൂപകല്‍പ്പനയുടെ കാര്യത്തില്‍ മോഡല്‍ 3 ആണ് മോഡല്‍ വൈയുടെ പ്രചോദനമെന്ന് ടീസര്‍ ചിത്രത്തില്‍നിന്ന് വ്യക്തമാണ്. മോഡല്‍ 3 യേക്കാള്‍ വളരെ ജനപ്രീതിയാര്‍ജ്ജിക്കാന്‍ മോഡല്‍ വൈ കാറിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് എക്‌സിക്യൂട്ടീവ് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ഓഹരിയുടമകളുടെ യോഗത്തില്‍ പറഞ്ഞു. കോംപാക്റ്റ് ക്രോസ്ഓവര്‍ സെഗ്‌മെന്റിന് ലഭിച്ചുവരുന്ന പരിഗണന മനസ്സില്‍ കണ്ടുകൊണ്ടാണ് മസ്‌ക് ഇത്തരത്തില്‍ പ്രതികരിച്ചത്. മോഡല്‍ വൈ നിര്‍മ്മിക്കുന്നതിന് പുതിയ ഫാക്റ്ററി സ്ഥാപിക്കാനാണ് തീരുമാനമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു.എസ്‌യുവികള്‍ക്കും കോംപാക്റ്റ് ക്രോസ്ഓവറുകള്‍ക്കുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രിയമെന്നിരിക്കേ ഇന്ത്യക്കാര്‍ക്കും ആഹ്ലാദിക്കാന്‍ വകയുണ്ട്. 2020 ഓടെ ടെസ്‌ല ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.

Comments

comments

Categories: Auto
Tags: tesla model3