ഇന്ധന വിലയിലെ പ്രതിദിന മാറ്റം ജൂണ്‍ 16 മുതല്‍

ഇന്ധന വിലയിലെ പ്രതിദിന മാറ്റം ജൂണ്‍ 16 മുതല്‍
വില നിര്‍ണയത്തിലെ സര്‍ക്കാരിന്റെ സ്വാധീനം ഇല്ലാതാകും

ന്യൂഡെല്‍ഹി: ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് പെട്രോള്‍,ഡീസല്‍ വില ദിനംപ്രതി നിശ്ചയിക്കുന്ന രീതി ഇന്ത്യയിലെമ്പാടും ജൂണ്‍ 16 മുതല്‍ നടപ്പാക്കും. രാജ്യത്തെ തെരഞ്ഞെടുത്ത അഞ്ച് നഗരങ്ങളില്‍ മേയ് 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയിരുന്നു. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍ ചണ്ഡീഗഡ് എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ദിവസത്തിലും വില പരിഷ്‌കരിക്കുന്നത് നടപ്പാക്കിയത്. രണ്ടാഴ്ച കൂടുമ്പോള്‍ വില പരിഷ്‌കരിക്കുന്ന നിലവിലെ രീതിയില്‍ നിന്ന് പ്രതിദിന വിലമാറ്റത്തിനായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇതിനകം തയാറെടുത്തിട്ടുണ്ടെന്നാണ് കമ്പനി എക്‌സിക്യൂട്ടിവുകള്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യത്താകമാനം പുതിയ വിലനിര്‍ണയ സംവിധാനം നടപ്പിലാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനത്തിന്റെ ശരാശരി അന്താരാഷ്ട്ര വിലയേയും കറന്‍സി വിനിമയ നിരക്കിനെയും അടിസ്ഥാനമാക്കിയാണ് പെട്രോള്‍, ഡീസല്‍ വില നിര്‍ണയിക്കുന്നത്. റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലെ ഓട്ടോമോഷന്‍ പ്രവര്‍ത്തനങ്ങളും വാട്‌സ് ആപ്പ് പോലുള്ള ഡിജിറ്റല്‍ ആപ്ലിക്കേഷനുകളുടെ ജനപ്രീതിയും വിലയിലെ പ്രതിദിനമാറ്റങ്ങള്‍ ഡീലര്‍മാരെ വേഗത്തില്‍ അറിയിക്കുന്നതിന് കമ്പനികളെ സഹായിക്കും. നിലവില്‍ പെട്രോള്‍, ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സര്‍ക്കാര്‍ ഇതില്‍ സ്വാധിനം ചെലുത്താറുണ്ട്. പ്രതിദിന വില പരിഷ്‌കരണരീതി ഇന്ധന വില നിര്‍ണയത്തിലെ സര്‍ക്കാരിന്റെ ഇടപെടലിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments