ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ലയിപ്പിക്കാന്‍ നീക്കം

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ലയിപ്പിക്കാന്‍ നീക്കം
ബാങ്കിംഗ് മേഖലയിലും കൂടുതല്‍ ലയന നടപടികള്‍ ഉണ്ടാകും

ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയില്‍ നടപ്പാക്കിയതിനു സാമാനമായി പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഫിനാന്‍സിംഗ് കമ്പനികളായ ഐഐഎഫ്‌സിഎല്‍ (ഇന്ത്യ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഫിനാന്‍സ് കമ്പനി), പിഎഫ്‌സി (പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍), ഐഎഫ്‌സിഐ ലിമിറ്റഡ്, ആര്‍ഇസി (റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍) തുടങ്ങിയ കമ്പനികളെ കൂട്ടിച്ചേര്‍ത്ത് ഒന്നോ രണ്ടോ വലിയ കമ്പനിയാക്കുന്നതിനെ കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ആലോചിക്കുന്നത്. വിവിധ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ വായ്പകള്‍ അനുവദിക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും ഔദ്യോഗികമായ നിര്‍ദേശങ്ങളൊന്നും ഇതുസംബന്ധിച്ച് ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏത് കമ്പനി ഏത് കമ്പനിയില്‍ ലയിക്കുന്നു എന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും ഇവര്‍ സൂചിപ്പിക്കുന്നു.ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍ തുക ആവശ്യമായി വരുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് വായ്പ നല്‍കാനുള്ള ശേഷി നിഷ്‌ക്രിയ ആസ്തികള്‍ മൂലം പ്രതിസന്ധി അഭിമുഖീകരിക്കുന്ന പൊതുമേഖലാബാങ്കുകള്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇത് പരിഗണിച്ചാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനുള്ള ആലോചന മുന്നോട്ടുപോകുന്നത്. പൊതു മേഖലാ ബാങ്കുകള്‍ പ്രതിസന്ധിയിലായതോടെ സ്മാര്‍ട്ട് സിറ്റീസ്, ഹൈവേ, ഷോപ്പിംഗ് പ്രൊജക്റ്റ് തുടങ്ങിയ പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വലിയ വെല്ലുവിളിയാണ് നിലനില്‍ക്കുന്നത്.

അടുത്ത അഞ്ച് വലര്‍ഷത്തേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് രാജ്യത്തിന് 43 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്നാണ് ഈ വര്‍ഷം ആദ്യം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്. ഇതില്‍ 70 ശതമാനത്തോളം നിക്ഷേപം ആവശ്യമായിട്ടുള്ളത് ഊര്‍ജ, ഗതാഗത, നഗര വികസന മേഖലകളിലാണ്. 2017 മാര്‍ച്ച് വരെയുള്ള കണക്കെടുത്താല്‍ 1,77,352 കോടി രൂപയാണ് വായ്പാ ഇനത്തിലും മുന്‍കൂര്‍ വായ്പാ ഇനത്തിലും റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുള്ളത്. മുന്‍ വര്‍ഷം ഇത് 1,57,797 കോടി രൂപയായിരുന്നു. മാര്‍ച്ചിലെ കണക്കനുസരിച്ച് ഐഐഎഫ്‌സിഎലിന്റെ ദീര്‍ഘാകാലാടിസ്ഥാനത്തിലുള്ള വായ്പ 32,724 കോടി രൂപയാണ്. മുന്‍ വര്‍ഷം 30,420 കോടി രൂപയായിരുന്നിടത്താണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 458 കോടി രൂപയുടെ നഷ്ടമാണ് ഐഎഫ്‌സിഐ ലിമിറ്റഡ് രേഖപ്പെടുത്തിയത്. 7,923 കോടി രൂപയാണ് വായ്പാ ഇനത്തില്‍ ഐഎഫ്‌സിഐ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചത്.ആഗോള തലത്തിലുള്ള വലിയ അഞ്ചോ ആറോ പൊതുമേഖലാ ബാങ്കുകള്‍ ഇന്ത്യക്ക് ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്ബിഐ യില്‍ ലയിപ്പിച്ചത്. ബാങ്കിംഗ് രംഗം കേന്ദ്രീകരിച്ചുള്ള മെഗാ ലയനം സാഹചര്യത്തിനനുസരിച്ച് നടക്കുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കുന്നതിന് നിതി ആയോഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Banking, Top Stories