ഇന്ത്യയില്‍ മികച്ച മുന്നേറ്റം ; ഫീച്ചറുകളില്‍ പുതുമകളുമായ് ഷഓമി

ഇന്ത്യയില്‍ മികച്ച മുന്നേറ്റം ; ഫീച്ചറുകളില്‍ പുതുമകളുമായ് ഷഓമി
മാര്‍ക്കറ്റില്‍ പരസ്യങ്ങള്‍ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് മൂല്യമേറിയ ഉല്‍പ്പന്നങ്ങല്‍ 
വികസിപ്പിക്കുന്നതിലാണ് ഷഓമിയുടെ ശ്രദ്ധ.പുതിയ ഫീച്ചറുകളുടെ നീണ്ടനിരയൊരുക്കി 
ഇന്ത്യയില്‍ തങ്ങളുടേതായ വിപണിവിഹിതം വര്‍ധിപ്പിക്കാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. 
മീ ഹോമിലൂടെ ഓഫ്‌ലൈന്‍ വിപണിയും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി പ്രത്യേക 
സംവിധാനങ്ങളുമൊരുക്കി ഇന്ത്യയില്‍ മികച്ച വിജയം കൈവരിക്കുന്നതായി ഷഓമി 
ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ മനു ജെയ്ന്‍, ജീന ജേക്കബിനു നല്‍കിയ 
അഭിമുഖത്തില്‍ വ്യക്തമാക്കുന്നു

എത്രത്തോളമാണ് ഷഓമിയുടെ വളര്‍ച്ച?

2010ല്‍ ഷഓമി കമ്പനി തുടങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ അതുവരെ മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച രീതിക്ക് മാറ്റം വേണം എന്ന വിഷന്‍ ആയിരുന്നു മുന്നില്‍. ഇന്നൊവേഷന്‍ ഫോര്‍ എവരിവണ്‍ അതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഷഓമി ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി മാത്രമല്ല സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് എസി, സ്മാര്‍ട്ട് റൈസ് കുക്കര്‍, സ്മാര്‍ട്ട് വാട്ടര്‍ പ്യൂരിഫൈയര്‍ തുടങ്ങി ഉല്‍പന്നങ്ങളും കമ്പനിക്കുണ്ട്. ഗിന്നസ് റെക്കോര്‍ഡ് ഉള്‍പ്പെടെ പല അംഗീകാരങ്ങളും ഏഴു വര്‍ഷത്തിനിടയില്‍ നേടാനായി. മാര്‍ക്കറ്റിംഗ് രീതികള്‍ക്കായി ഒരുപാട് പണമാണ് ചിലവാക്കേണ്ടി വരുന്നതിനാല്‍ ഒരു തരത്തിലുമുള്ള പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. 46മില്യണ്‍ ഡോളര്‍ മൂല്യമുള്ള പ്രൈവറ്റ് കമ്പനിയാണ് ഷഓമി. ലോകത്തിലെ മൂല്യമേറിയ രണ്ടാമത്തെ ടെക്ക് സ്റ്റാര്‍ട്ടപ്പ്. ഷഓമി ഇന്ത്യയുടെ പ്രവര്‍ത്തനം മൂന്ന് വര്‍ഷം മുന്‍പാണ് ആരംഭിക്കുന്നത്. ടിവി, പ്രിന്റ് തുടങ്ങിയ ഒരു മാധ്യമത്തിലും പരസ്യങ്ങള്‍ വേണ്ടെന്ന് കമ്പനി തീരുമാനിച്ചിരുന്നു. ഇതെല്ലാം കൊണ്ട് ഷഓമി ഒരിക്കലും വിജയിക്കില്ലെന്ന് പലരും പറഞ്ഞെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ സെഗ്‌മെന്റില്‍ നമ്പര്‍ വണ്‍ ബ്രാന്‍ഡായി ഞങ്ങള്‍ മാറി. 2017 ആദ്യപാദത്തില്‍ ഓണ്‍ലൈന്‍ സെഗ്‌മെന്റില്‍ 41 ശതമാനം വിപണിവിഹിതം ഷഓമിക്ക് നേടാനായി. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ വിപണിവിഹിതം ഒരുമിച്ചെടുത്താല്‍ രണ്ടാം സ്ഥാനം ഷഓമിക്കാണ്.

വിപുലീകരണങ്ങള്‍ എത്തരത്തിലാണ് പദ്ധതിയിടുന്നത്?

കഴിഞ്ഞവര്‍ഷം 225 സര്‍വീസ് സെന്ററുകളാണ് ഇന്ത്യയിലുടനീളമായി കമ്പനിക്കുണ്ടായിരുന്നത്. എന്നാല്‍ ഈ മാസം അവസാനത്തോടെ ഇത് 500 ആയി ഉയരും. മദര്‍ വെയര്‍ഹൗസുകള്‍ കഴിഞ്ഞവര്‍ഷം രണ്ടായിരുന്നെങ്കില്‍ ഇന്നത് നാലായി ഉയര്‍ന്നു. രാജ്യത്ത് ഒരു നിര്‍മാണയൂണിറ്റാണ് ഉണ്ടായിരുന്നത്, ഇന്നത് രണ്ടായി ഉയര്‍ന്നു.

മി-ഹോമിലൂടെ ഓഫ്‌ലൈന്‍ രംഗത്തേക്ക് തിരിയുകയാണ്. എത്തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്നത്.

മി-ഹോം എന്ന പുതിയ ആശയത്തോടെ ഓഫ്‌ലൈനായും പ്രവര്‍ത്തിക്കാന്‍ ഷഓമി തയാറെടുത്തുകഴിഞ്ഞു. മി.കോം എന്ന ഷഓമിയുടെ ഇ-കൊമേഴ്‌സ് ബിസിനസിന്റെ എക്‌സ്റ്റന്‍ഷന്‍ എന്ന നിലയിലാണ് മി-ഹോമുകള്‍ പ്രവര്‍ത്തിക്കുക. പരമ്പരാഗത ഓഫ്‌ലൈന്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായാണ് മി-ഹോമുകളുടെ പ്രവര്‍ത്തനം. എല്ലാ ഓഫ്‌ലൈന്‍ ബിസിനസുകളിലും കമ്പനികള്‍ അവരുടെ ഉല്‍പന്നം ദേശീയ വിതരണക്കാരന് കൈമാറും, അവിടെനിന്നും പ്രാദേശിക വിതരണക്കാരന്‍, നഗര വിതരണക്കാരന്‍, റീറ്റെയ്‌ലര്‍ എന്നിവരിലൂടെയാണ് ഉപഭോക്താവിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ വിലയിലും ഇരട്ടിയോളം വിലവര്‍ധിക്കുന്നു. ഈ വിതരണശൃംഖല മറികടന്ന് നേരിട്ട് വില്‍പന നടത്താനാണ് ഇ-കൊമേഴ്‌സായി ബിസിനസ് ചെയ്തിരുന്നത്. ബംഗളൂരൂവില്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ മി-ഹോമിന് ആദ്യദിനത്തില്‍ അഞ്ചു കോടി രൂപയുടെ വരുമാനം നേടാനായി. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ മി-ഹോമുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഉല്‍പന്നങ്ങള്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആകുന്നു പരാതി മി-ഹോമുകളിലൂടെ പരിഹരിക്കപ്പെടും.

ഓഫ്‌ലൈന്‍ വില്‍പന ആരംഭിക്കുമ്പോള്‍ നിങ്ങളുടെ മാത്രം സ്‌റ്റോറുകളിലേക്ക് സേവനങ്ങള്‍ ചുരുക്കുക എത്രത്തോളം പ്രായോഗികമാണ്?

ഞങ്ങളുടെ ഓഫ്‌ലൈന്‍ യാത്ര മി-ഹോമുകളില്‍ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതല്ല. ഇതില്‍ മൂന്ന് ഭാഗങ്ങളാണുള്ളത്. ആദ്യത്തേതാണ് മി-ഹോം. രണ്ടാമത്തേത് സാധാരണ കടകളിലൂടെയുള്ള വില്‍പനയാണ്. മറ്റ് ബ്രാന്‍ഡുകളെപ്പോലെ വലിയ വിതരണ ശൃഖലയില്ലാതെ കമ്പനി നേരിട്ട് നഗര വിതരണക്കാരിലേക്കും അവരില്‍ നിന്ന് നേരിട്ട് റീറ്റെയ്‌ലര്‍മാരിലേക്കും ഉല്‍പന്നം എത്തിക്കും. ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, ജയ്പൂര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ ഈ രീതി തുടങ്ങി. ഇവിടെ വിജയിച്ചാല്‍ മറ്റ് നഗരങ്ങളിലേക്കും ഈ സമീപനം വ്യാപിപ്പിക്കും. മൂന്നാമത്തെ മാര്‍ഗം റീറ്റെയില്‍ ശൃംഖലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. ദക്ഷിണേന്ത്യയില്‍ നാല് റീറ്റെയില്‍ ശൃംഖലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. പൂര്‍വിക, സംഗീത, ബിഗ്‌സി, ലോട്ട് എന്നിവരുമായി ചേര്‍ന്ന് രണ്ട് മാസത്തോളമായി പ്രവര്‍ത്തിക്കുന്നു. റിലയന്‍സ് പോലുള്ള ദേശീയ റീറ്റെയില്‍ ശൃംഖലകളുമായും പ്രാദേശിക ശൃംഖലകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

കുറഞ്ഞവിലയില്‍ കൂടുതല്‍ ഫീച്ചറുകളാണ് ഷഓമിയുടെ ആകര്‍ഷകത്വം. മുന്നോട്ടുപോകുമ്പോള്‍ ഇത്തരത്തിലുള്ള സേവനം നിലനിര്‍ത്താന്‍ കഴിയുമോ?

കഴിയുമെന്നാണ് പ്രതീക്ഷ. മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്നും അത് താങ്ങാനാവുന്ന വിലയില്‍ അവരിലേക്ക് എത്തുകയും വേണം. അതുകൊണ്ടുതന്നെയാണ് മാര്‍ക്കറ്റിംഗ് ഞങ്ങള്‍ ആശ്രയിക്കാത്തത്. പരസ്യത്തില്‍ കാണുന്ന ഒരു ഉല്‍പന്നം വാങ്ങുമ്പോള്‍ പരസ്യത്തിനുള്ള വില കൂടി നിങ്ങള്‍ നല്‍കേണ്ടിവരുന്നുണ്ട്. അതാണ് ഈ അനാവശ്യ ചിലവ് വേണ്ടെന്നുവച്ച് ആ ലാഭം ഉപഭോക്താക്കള്‍ക്ക് നല്‍കാമെന്ന തീരുമാനത്തിന് പിന്നില്‍. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ നല്ല ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ നല്‍കുന്നത് തുടരാനാകും.

വിലയില്‍ നിയന്ത്രണം തുടരാന്‍ മാര്‍ക്കറ്റിംഗ് ചുരുക്കുക എന്നതല്ലാതെ എന്തെല്ലാം മറ്റ് നടപടികളാണ് കൈകൊള്ളുന്നത്?

ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ ഒന്നാമതായി വിതരണചിലവ് കുറയ്ക്കുക എന്നതാണ് നയം. സമയത്തിനും വലിയ പ്രാധാന്യമുണ്ട്. ഇന്ന് നിര്‍മിക്കുന്നവ ഇന്ന് തന്നെ വില്‍പന ചെയ്യുകയാണ് പതിവ്. അവ സ്‌റ്റോര്‍ ചെയ്ത് വെയ്ക്കുന്ന രീതി പിന്തുടരാറില്ല. അതുകൊണ്ടുതന്നെ വര്‍ക്കിംഗ് കാപിറ്റലിന് വരുന്ന ചിലവ് കുറവാണ്. അതോടൊപ്പം തന്നെ ഹാര്‍ഡ്‌വയറില്‍ നിന്ന് വളരെ കുറച്ച് മാര്‍ജിന്‍ മാത്രമേ എടുക്കൂ. മറ്റു ബ്രാന്‍ഡുകള്‍ ഹാര്‍ഡ്‌വെയര്‍ വിറ്റ് പണം സമ്പാധിക്കുമ്പോള്‍ ഞങ്ങള്‍ സോഫ്റ്റ്‌വെയറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പല സ്മാര്‍ട്ട്‌ഫോണുകളും സെല്‍ഫി കേന്ദ്രീകരിക്കുമ്പോള്‍ ഷഓമി പരമ്പരാഗതരീതി തുടരുന്നു. ഇതില്‍ ഉപഭോക്താക്കളുടെ പ്രതികരണം എന്താണ്?

ആരാധകരുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ പരിഗണിക്കാറുണ്ട്. ഇന്ത്യയില്‍ മി കമ്യൂണിറ്റി എന്നൊരു സംവിധാനത്തിന് ഒരു വര്‍ഷം മുന്‍പ് രൂപം നല്‍കിയിരുന്നു. ഇന്ന് ഒരു മില്യണിലധികം അക്ടീവ് ഉപഭോക്താക്കള്‍ ഞങ്ങള്‍ക്കുണ്ട്. മാത്രമല്ല എല്ലാ നഗരങ്ങളിലും മി-കമ്യൂണിറ്റിയുടെ മീറ്റിംഗ് ഉണ്ട്. സെല്‍ഫികള്‍ കേന്ദ്രീകരിച്ച് സമാന മാതൃകകളിലുള്ള ഫോണുകള്‍ ഷഓമിയില്‍ വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ തീര്‍ച്ചയായും പരിഗണിക്കും. സെല്‍ഫികള്‍ ഹരമാണെന്ന് അറിഞ്ഞുതന്നെയാണ് ഞങ്ങളുടെ ഫോണുകളില്‍ ബ്യൂട്ടിഫൈ എന്ന മോഡ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഏതെല്ലാമാണ് മറ്റു പ്രമുഖ വിപണികള്‍?

ഷഓമിയുടെ രണ്ട് വലിയ വിപണികള്‍ ചൈനയും ഇന്ത്യയുമാണ്. നിലവില്‍ 20ലധികം വിപണികളില്‍ സാനിധ്യമുണ്ട്. തായ്്‌വാന്‍, ഹോങ്കോംഗ്, സിംഗപൂര്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ പോലുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ആഫ്രിക്കയിലെ രണ്ട് രാജ്യങ്ങളിലും റഷ്യ, മെക്‌സിക്കോ ബ്രസീല്‍ എന്നിവിടങ്ങളിലും സാനിധ്യമുണ്ട്. നിലവില്‍ ചൈനയ്ക്ക് പുറത്തുള്ള ഞങ്ങളുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്.

സ്മാര്‍ട്ട്‌ഫോണുകളുടെ ഏത് സെഗ്‌മെന്റിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്?

അഞ്ച് പ്രൈസ് സെഗ്‌മെന്റുകളാണ് ഇന്ത്യയിലുള്ളത്. ആദ്യത്തേതില്‍ 6000 രൂപയുടെ ഫോണുകളാണ്. ഫീച്ചര്‍ ഫോണുകളില്‍ നിന്ന് ആദ്യമായി സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കടക്കുന്നവരെയാണ് ഇത് ടാര്‍ഗറ്റ് ചെയ്യുന്നത്. പിന്നെയുള്ളത് 7000 മുതല്‍ 11,000വരെ വിലയുള്ള ഫോണുകളുടെ കാറ്റഗറിയാണ്. സ്മാര്‍ട്ട്‌ഫോണിലെ മെച്ചപ്പെട്ട ഹാന്‍ഡ്‌സെറ്റ് എന്ന ആഗ്രഹം നിറവേറ്റുന്നതാണ് ഈ സെഗ്‌മെന്റ്. 10,000ത്തിനും 13,000ത്തിനും ഇടയിലെ കാറ്റഗറി കൂടുതല്‍ മികച്ച പ്രൊസസറിന് മുന്‍ഗണനയുള്ളതാണ്. ഡാറ്റ കപ്പാസിറ്റി കൂടുതലായി ആവശ്യമുളളവരെയാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്. 15,000-20,000 റേഞ്ചിലുള്ളതാണ് ഇവ. 33,000രൂപയുടെ ഫോണുകളില്‍ ലഭിക്കുന്ന സ്‌പെസിഫിക്കേഷനുകള്‍ ഇതില്‍ ലഭിക്കും. 23,000രൂപയുടെ മി-5 ആണ് ഫഌഗ്ഷിപ്പ് ഉല്‍പന്നം. 40,000രൂപയുടെ ഫോണുകള്‍ക്ക് സമാനമാണ് മി-5. ഇതില്‍ തന്നെ ആദ്യ മൂന്ന് കാറ്റഗറിയാണ് ശക്തമായി നില്‍ക്കുന്നത്. ഒരു ബ്രാന്‍ഡ് എന്തെല്ലാം സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് കാണിക്കുന്നത് ഫഌഗ്ഷിപ്പുകളാണ്്. ഇവയ്ക്ക് വില കൂടുതലായതുകൊണ്ടുതന്നെ വിപണിയുടെ വലിപ്പം ഈ സെഗ്മെന്റില്‍ കുറവായിരിക്കും. ഇന്ത്യന്‍ വിപണിയുടെ 40 മുതല്‍ 50 ശതമാനം വരെ 6000ത്തില്‍ താഴെയുള്ള ഫോണുകളാണ് കൈയടക്കിയിരിക്കുന്നത്. വിപണിയുടെ 35 ശതമാനവും 6000ത്തിനും 15000ത്തിനും ഇടയിലുള്ള ഫോണുകളാണ്. റെഡ്മി-4ഉം റെഡ്മി-നോട്ട്4ഉം ഈ വിഭാഗത്തിലാണുള്ളത്. 10 മുതല്‍ 15 ശതമാനം വരെയുള്ള വിപണിയാണ് 15000ത്തിന് മുകളിലുള്ള ഫോണുകള്‍ക്കായുള്ളത്. ഈ വിഭാഗത്തിലാണ് മീ സീരിസുകള്‍.

ജിഎസ്ടിയെക്കുറിച്ചുള്ള അഭിപ്രായം?

ജിഎസ്ടി ഇന്‍ഡസ്ട്രിക്ക് മുഴുവന്‍ പ്രോത്സാഹനം നല്‍കുന്നു. നിലവിലെ നികുതിനിരക്കുകള്‍ നോക്കിയാല്‍ ചില സംസ്ഥാനങ്ങളില്‍ ഇത് വളരെ കൂടുതലും മറ്റിടങ്ങളില്‍ കുറവുമാണ്. ജിഎസ്ടിയിലൂടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒറ്റ നികുതിയാകുമ്പോള്‍ ബിസിനസുകള്‍ എളുപ്പമാകും. നിലവില്‍ നികുതി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ഫാക്ടറി പോലുള്ളവ ആരംഭിക്കുന്നതിന് നികുതികുറവുള്ള സ്ഥലങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഒറ്റ നികുതിയാകുമ്പോള്‍ ഉപഭോക്താക്കളോട് അടുത്തുനില്‍ക്കുന്ന പ്രദേശങ്ങള്‍ തെരഞ്ഞെടുക്കാം. സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ ജിഎസ്ടി വരുന്നതോടെ കുറവുണ്ടാകുമെന്ന് കരുതുന്നില്ല.

4ജി സേവനം വ്യാപകമായതിന്റെ ഇംപാക്ട് എന്താണ്?

വളരെ വിപുലമായ അനന്തരഫലമാണ് ഇതുവഴിയുണ്ടായത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍. പല ഗ്രാമങ്ങളിലും ആറ് മാസം മുന്‍പ് വരെ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നവരില്‍ പലരും സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറി. ഒരു വീട്ടില്‍ ഒരാള്‍ ഇത്തരത്തിലൊരു മാറ്റത്തിന് വിധേയമാകുമ്പോള്‍ മറ്റുള്ളവരില്‍ താല്‍പര്യമുണ്ടാകും. 4ജി താങ്ങാനാവുന്ന തലത്തിലേക്ക് എത്തിയതോടെയാണ് കൂടുതലാളുകള്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് എത്തപ്പെട്ടത്.

ഇന്ത്യയ്ക്ക് മാത്രമായി സ്‌പെസിഫിക് സ്ട്രാറ്റജികള്‍ നിലവിലുണ്ടോ?

ഡ്യൂവല്‍ സിം ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഫോണില്‍ ഒരു വാട്ട്‌സാപ്പ് മാത്രമേ ഉപയോഗിക്കാനാവൂ. സ്വകാര്യ നമ്പര്‍ ഓഫീസ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. ഇത് മറികടക്കന്‍ ഇന്ത്യയിലെ ഷഓമിയുടെ ആര്‍ആന്‍ഡ്ഡി സെന്റര്‍ വികസിപ്പിച്ചതാണ് ഒരു ഫോണില്‍ രണ്ട് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാവുന്ന സംവിധാനം. ഈ ഫീച്ചര്‍ അവതരിപ്പിച്ച ആദ്യകമ്പനിയാണ് ഞങ്ങള്‍. ഇപ്പോഴിറങ്ങുന്ന എല്ലാ ഫോണുകളിലും ഇത് ലഭ്യമാണ്. ഒടിപി കോഡുകള്‍ മെസേജായി വരുമ്പോള്‍ നമ്പര്‍ മാത്രം തെരഞ്ഞെടുക്കാനുള്ള ഫീച്ചറും ഉണ്ട്. ഒടിപി ഇന്ത്യയില്‍ മാത്രമുള്ളതുകൊണ്ട് ഇത് പ്രത്യേകമായി ഇന്ത്യയ്ക്കുവേണ്ടിയുള്ളതാണ്.

പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് എത്രത്തോളമാണ് ?

ഈ വര്‍ഷത്തെ ആദ്യപാദത്തിലെ ഐഡിസി കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 4മില്യണ്‍ യൂണിറ്റിനടുത്ത് വളര്‍ച്ച നേടാനായി. മുന്‍ വര്‍ഷത്തെ ഇതേ പാദത്തില്‍ ഒരു മില്യണിലടുത്തായിരുന്നു കണക്കുകള്‍. ഇത്തരത്തിലൊരു ഭീമമായ വളര്‍ച്ച മുന്നോട്ടുപോകുമ്പോള്‍ തുടരുക സാധ്യമല്ല. വളര്‍ച്ചാനിരക്ക് ഒരു സ്ഥാനത്തെത്തിയാല്‍ പിന്നെ സ്ഥിരമായ വളര്‍ച്ചയിലേക്ക് മാറും. രാജ്യത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി ഞങ്ങള്‍ മാറിക്കഴിഞ്ഞു. ഏത് പോയിന്റിലാണ് വളര്‍ച്ചാനിരക്ക് സാന്ദ്രത കൈവരിക്കുക എന്നറിയില്ല. ഒന്നാം സ്ഥാനമാണ് ആഗ്രഹിക്കുന്നതെങ്കിലും ആകുലതകളൊന്നുമില്ല. മൂന്ന് വര്‍ഷം മുന്‍പ് കമ്പനി സ്ഥാപിക്കുമ്പോള്‍ 10,000 ഫോണുകളുടെ വില്‍പന നടന്നാല്‍ മതിയെന്ന ആഗ്രഹമായിരുന്നു. അവിടെനിന്ന് ആഴ്ചയില്‍ മൂന്ന് ലക്ഷം ഫോണുകള്‍ എന്ന തലത്തിലേക്ക് ഞങ്ങള്‍ എത്തിയിരിക്കുകയാണ്.

Comments

comments

Categories: FK Special