പുതിയ മദ്യനയം ; ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി

പുതിയ മദ്യനയം ; ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
കള്ള് വിതരണത്തിന് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കും

തിരുവനന്തപുരം: ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ നിയമതടസമില്ലാത്ത ത്രീ സ്റ്റാര്‍,ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയുള്ള സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫിന്റെ അംഗീകാരം. പാതയോരത്തു നിന്നും നിശ്ചിത അകലം പാലിക്കുന്ന ബാറുകള്‍ക്കാണ് അനുമതി നല്‍കുന്നത്. ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ മാത്രമാണ് അനുവദിക്കുക. ഫൈഫ് സ്റ്റാര്‍ ഹോട്ടലുകളിലുള്‍പ്പെടെ കള്ള് വിതരണം ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിനും മദ്യനയം അനുമതി നല്‍കുന്നു. ആവശ്യപ്പെട്ടാല്‍ മറ്റു ബാറുകള്‍ക്കും ഈ സൗകര്യം ലഭ്യമാക്കും.

കള്ളു ഷാപ്പുകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ലഹരിവിമുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി പത്തേക്കര്‍ സ്ഥലം വീതം സര്‍ക്കാര്‍ പണംമുടക്കി കണ്ടെത്തുമെന്നും നയം പറയുന്നു. ഇന്നലെ ഉച്ചക്ക് നടന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് നയം അവതരിപ്പിച്ചത്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച് 2014 മാര്‍ച്ച് 31ന് പൂട്ടിയത് 418 ബാറുകളാണ്. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇത്. ഇതോടെ 27 ഫൈവ് സ്റ്റാര്‍ ബാറുകളും 33 ക്ലബുകളും മാത്രമാണ് സംസ്ഥാനത്ത് ബാര്‍ നടത്തിയിരുന്നത്.

Comments

comments

Categories: Top Stories