ജെയിംസ് കോമിയുടെ മൊഴി  ;  ട്രംപ് സമ്മര്‍ദ്ദത്തില്‍

ജെയിംസ് കോമിയുടെ മൊഴി  ;  ട്രംപ് സമ്മര്‍ദ്ദത്തില്‍
പ്രസിഡന്റ് പദത്തിലേറിയ ആദ്യ ദിനം മുതല്‍ ട്രംപ്, നിരന്തരമായി ചില കാര്യങ്ങള്‍
 ആവശ്യപ്പെട്ടിരുന്നെന്നു സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്കു മുന്‍പാകെ സമര്‍പ്പിക്കാന്‍
 വേണ്ടി എഫ്ബിഐ ഡയറക്ടറായിരുന്ന ജെയിംസ് കോമി തയാറാക്കിയ പ്രമാണരേഖയില്‍
 സൂചിപ്പിച്ചിരുന്നു. ഈ രേഖ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ടത്
 ട്രംപിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. 1920-ല്‍ യുഎസ് പ്രസിഡന്റ് വാരന്‍
 ഹാര്‍ഡിംഗിനെ സമ്മര്‍ദ്ദത്തിലാക്കിയ ടീ പോട്ട് ഡോം അഴിമതിയുമായി ബന്ധപ്പെട്ട
 അന്വേഷണത്തിലോ, 1970-കളിലെ വാട്ടര്‍ ഗേറ്റ് അഴിമതിയാരോപണത്തിലോ അന്നത്തെ
 പ്രസിഡന്റുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍
 റഷ്യന്‍ ബന്ധത്തെ കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ പ്രസിഡന്റ് ട്രംപ് അന്വേഷണ
 ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും ഭയപ്പെടുത്താനും ശ്രമിച്ചു എന്ന ഗുരുതര ആരോപണമാണ്
 ഉയര്‍ന്നിരിക്കുന്നത്. 

ട്രംപും അദ്ദേഹത്തിന്റെ ഉറ്റ അനുയായികളും റഷ്യന്‍ ബന്ധം പുലര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎസ് പാര്‍ലമെന്റിന്റെ നാല് സമിതികളാണ് അന്വേഷണം നടത്തുന്നത്.സെനറ്റ് ഇന്റലിജന്‍സ്, സെനറ്റ് ജുഡീഷ്യറി, ഹൗസ് ഇന്റലിജന്‍സ്, ഹൗസ് ഓവര്‍ സൈറ്റ് തുടങ്ങിയ നാല് കമ്മിറ്റികളാണ് അന്വേഷണം നടത്തുന്നത്. ഇതിനു പുറമേ സ്‌പെഷ്യല്‍ കൗണ്‍സലും അന്വേഷണം നടത്തുന്നുണ്ട്.ഈ കമ്മിറ്റികളില്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി മുന്‍പാകെ ഇന്നലെ മുന്‍ എഫ്ബിഐ മേധാവി ജെയിംസ് കോമി ഹാജരായി സാക്ഷിമൊഴി നല്‍കുകയുണ്ടായി. ട്രംപിനു കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണു കോമിയുടെ മൊഴി.പ്രസിഡന്റ് പദത്തിലേറിയ ആദ്യ ദിനം മുതല്‍ ട്രംപ്, നിരന്തരമായി ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നു സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്കു മുന്‍പാകെ സമര്‍പ്പിക്കാന്‍ വേണ്ടി എഫ്ബിഐ ഡയറക്ടറായിരുന്ന ജെയിംസ് കോമി തയാറാക്കിയ പ്രമാണരേഖയില്‍ സൂചിപ്പിച്ചിരുന്നു. ഈ രേഖ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ടതും ട്രംപിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയ സംഭവം തന്നെയാണ്. നീതിന്യായ സംവിധാനത്തെ തടസപ്പെടുത്തലാണ് (obstruction of justice) ട്രംപ് നടത്തിയിരിക്കുന്നതെന്നാണു നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നീതി ന്യായ സംവിധാനത്തെ തടസപ്പെടുത്താന്‍ ട്രംപ് ശ്രമിച്ചതായി ബോദ്ധ്യപ്പെട്ടാല്‍ ഇംപീച്ച്‌മെന്റിലേക്കു വരെ കാര്യങ്ങള്‍ എത്തിച്ചേരാമെന്നതും കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

1920-ല്‍ യുഎസ് പ്രസിഡന്റ് വാരന്‍ ഹാര്‍ഡിംഗിനെ സമ്മര്‍ദ്ദത്തിലാക്കിയ Teapot Dome scandal അന്വേഷണത്തിലോ, 1970-കളിലെ വാട്ടര്‍ ഗേറ്റ് അഴിമതിയാരോപണത്തിലോ അന്നത്തെ പ്രസിഡന്റുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ റഷ്യന്‍ ബന്ധത്തെ കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ പ്രസിഡന്റ് ട്രംപ് അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും ഭയപ്പെടുത്താനും ശ്രമിച്ചു എന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശത്രുരാജ്യമായ റഷ്യ ഇടപെട്ടെ സംഭവം കൂടിയായത്, പ്രശ്‌നത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ഇതിന് അഴിമതിയേക്കാളും രൂക്ഷത കല്‍പ്പിക്കുന്നുമുണ്ട്.വിധേയത്വം പുലര്‍ത്തണമെന്നും, യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കള്‍ ഫഌന്നിനെതിരേ എഫ്ബിഐ നടത്തുന്ന അന്വേഷണം അവസാനിപ്പിക്കണമെന്നും, തനിക്കെതിരേ അന്വേഷണം നടക്കുന്നില്ലെന്ന് പ്രസ്താവന നടത്തണമെന്നും ട്രംപ് എഫ്ബിഐ മേധാവിയായിരുന്ന തന്നോട് ആവശ്യപ്പെട്ടിരുന്നെന്നാണ് പ്രമാണരേഖയില്‍ കോമി സൂചിപ്പിച്ചിരിക്കുന്നത്.റഷ്യന്‍ ബന്ധം ആരോപിച്ച് ട്രംപിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും എതിരേ നടക്കുന്ന എഫ്ബിഐയുടെ അന്വേഷണത്തിനു നേതൃത്വം കൊടുത്തിരുന്നതു ജെയിംസ് കോമിയായിരുന്നു. എന്നാല്‍ കോമിയെ മെയ് ഒന്‍പതിന് ട്രംപ് നീക്കം ചെയ്യുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ട്രംപുമായി കോമി നടത്തിയ കൂടിക്കാഴ്ചകളുടെയും ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെയും വിശദാംശങ്ങള്‍ അറിയാന്‍ ജൂണ്‍ എട്ടാം തീയതി സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി യുഎസ് പാര്‍ലമെന്റ് സ്ഥിതി ചെയ്യുന്ന ക്യാപിറ്റോള്‍ ഹില്ലില്‍ വച്ചു സാക്ഷി വിസ്താരം നടത്താന്‍ തീരുമാനിച്ചത്. ഈ വിസ്താരം നടക്കുന്നതിന് ഒരു ദിവസം മുന്‍പു ജൂണ്‍ ഏഴാം തീയതി ബുധനാഴ്ചയാണു കോമി ട്രംപിനെതിരേ തയാറാക്കിയ റിപ്പോര്‍ട്ട് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി പുറത്തുവിട്ടതും.

2017 ജനുവരി ആറാം തീയതി വെള്ളിയാഴ്ചയാണ് ന്യൂയോര്‍ക്കിലുള്ള ട്രംപ് ടവറിലെ കോണ്‍ഫറന്‍സ് റൂമില്‍ വച്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപുമായി കോമി ആദ്യ കൂടിക്കാഴ്ച നടത്തിയത്. 2017 ജനുവരി 20-നാണ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റത്. 27നു നടത്തിയ വിരുന്ന് സത്കാരത്തിനിടെയാണ് ട്രംപ് കോമിയോട് വിധേയത്വം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. പിന്നീട് മാര്‍ച്ച് 30നു കോമിയെ ഫോണില്‍ വിളിച്ചതിനു ശേഷം ട്രംപ് ചോദിച്ചത് റഷ്യന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഉരുണ്ടു കൂടി വന്നിരിക്കുന്ന കാര്‍മേഘങ്ങളെഎങ്ങനെയാണു നീക്കം ചെയ്യുകയെന്നുമായിരുന്നു.’ ട്രംപുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച രേഖയാക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നു കോമി സൂചിപ്പിക്കുന്നുണ്ട്. ട്രംപുമായി ആദ്യമായി നടത്തിയ കൂടിക്കാഴ്ചയിലെ ഓരോ സംഭാഷണങ്ങളുടെയും കൃത്യത ഉറപ്പിക്കാന്‍ സംഭാഷണം അവസാനിച്ചു പുറത്തുവന്ന ഉടന്‍, ട്രംപ് ടവറിനു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന എഫ്ബിഐയുടെ ഔദ്യോഗിക വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പില്‍ ടൈപ്പ് ചെയ്‌തെന്നും കോമി പ്രമാണ രേഖയില്‍ വിശദീകരിക്കുന്നു. 2017 ജനുവരി ആറിലെ ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണു തനിക്ക് ട്രംപുമായി നടത്തുന്ന സംഭാഷണങ്ങള്‍ ഇനിമുതല്‍ രേഖയായി സൂക്ഷിക്കണമെന്ന ചിന്ത വന്നു തുടങ്ങിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം സംഭാഷണങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്വഭാവം തനിക്കില്ലായിരുന്നെന്നു കോമി സൂചിപ്പിക്കുന്നു. പ്രസിഡന്റായിരുന്ന ഒബാമയുമായി രണ്ട് തവണ മാത്രമാണു സംഭാഷണം നടത്തിയിട്ടുള്ളത്. ഒരു തവണ വ്യക്തിപരമായും മറ്റൊരു തവണ നിയമപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു. വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയത് 2016-ല്‍ അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കാറായ ഘട്ടത്തില്‍ ഗുഡ് ബൈ പറയാനായിരുന്നു. പക്ഷേ ട്രംപുമായി ചുരുങ്ങിയ നാല് മാസങ്ങള്‍ക്കുള്ളില്‍ എനിക്ക് ഒന്‍പത് തവണ സംഭാഷണം നടത്തേണ്ടി വന്നിട്ടുണ്ട്. മൂന്ന് തവണ വ്യക്തിപരമായും ആറ് തവണ ഫോണിലൂടെയും’ – കോമി പ്രമാണരേഖയില്‍ വിശദീകരിച്ചു. ഈ കുറിപ്പ് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള എഫ്ബിഐയുടെ അന്വേഷണത്തെ ട്രംപ് എത്രമാത്രം ഭയപ്പെടുന്നുണ്ടെന്നത് ഇതിലൂടെ വ്യക്തമായിരിക്കുന്നു. കോമിയുടെ പുതിയ വെളിപ്പെടുത്തല്‍, ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണെന്നതിന് ഏറ്റവും വലിയ തെളിവാണെന്നാണു രാഷ്ട്രീയ വിമര്‍ശകര്‍ ഉന്നയിക്കുന്നത്.പക്ഷേ കോമി എത്ര വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും അവയെല്ലാം ട്രംപും അദ്ദേഹത്തിന്റെ അനുചരവൃന്ദങ്ങളും തള്ളിക്കളയാന്‍ തന്നെയാണു സാധ്യത. തനിക്കെതിരേ ഉയരുന്ന ഓരോ ആരോപണങ്ങളെയും ‘വ്യാജ വാര്‍ത്ത’ എന്നു ചിത്രീകരിക്കുന്നതു പോലെ കോമിയുടെ ആരോപണങ്ങളെയും വ്യാജ വാര്‍ത്തയായി ചിത്രീകരിക്കുമെന്ന കാര്യം ഉറപ്പാണ്.

Comments

comments

Categories: Top Stories, World