ജിഎസ്ടി ; ആഡംബര കാര്‍ വില്‍പ്പന കുതിച്ചുയരും

ജിഎസ്ടി ; ആഡംബര കാര്‍ വില്‍പ്പന കുതിച്ചുയരും
2017 ല്‍ ആഡംബര കാര്‍ വില്‍പ്പന 15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വിദഗ്ധര്‍ 
പ്രവചിക്കുന്നത്

ന്യൂ ഡെല്‍ഹി : രാജ്യത്ത് ആഡംബര കാര്‍ വില്‍പ്പന വീണ്ടും ഉഷാറാകുന്നു. 2017 ല്‍ വില്‍പ്പന വളര്‍ച്ച ഇരട്ടയക്കത്തിലെത്തുമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ചരക്ക് സേവന നികുതി അപ്രതീക്ഷിത വില്‍പ്പന നേട്ടമാണ് വാഹന നിര്‍മ്മാതാക്കള്‍ക്ക് സമ്മാനിക്കുന്നത്.25 ലക്ഷത്തിനും 2 കോടി രൂപയ്ക്കുമിടയില്‍ വില വരുന്ന കാറുകളുടെയും എസ്‌യുവികളുടെയും വില്‍പ്പന 2016 ല്‍ ഇതാദ്യമായി ഇടിഞ്ഞിരുന്നു. ഡെല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും വലിയ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും നവംബറിലെ നോട്ട് അസാധുവാക്കലുമാണ് വില്‍പ്പനയെ ബാധിച്ചത്. 2017 ല്‍ ആഡംബര കാര്‍ വില്‍പ്പന 15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. അതേസമയം ആകെ വാഹന വിപണി 7-9 ശതമാനം വില്‍പ്പന വളര്‍ച്ചയെ നേടൂ എന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ നിഗമനം.ജിഎസ്ടി വിവിധ മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ സമയം എന്തായാലും ആഘോഷിക്കാനുള്ളതാണ്.കേന്ദ്ര-സംസ്ഥാന-പ്രാദേശിക നികുതികള്‍ ഉള്‍പ്പെടെ നിലവില്‍ ആഡംബര വാഹനങ്ങള്‍ക്ക് ആകെ 55 ശതമാനം നികുതിയാണ് നല്‍കേണ്ടത്. എന്നാല്‍ ജൂലൈ ഒന്നിന് പ്രാബല്യത്തിലാകുന്ന ചരക്ക് സേവന നികുതിയനുസരിച്ച് ആകെ 43 ശതമാനം നികുതി നല്‍കിയാല്‍ മതി. 15 ശതമാനം സെസ്സ് ഉള്‍പ്പെടെയാണിത്. ജൂലൈ ഒന്ന് മുതല്‍ ആഡംബര വാഹനങ്ങള്‍ക്ക് വില കുറയുന്നതാണ് കാണാനാവുക.

ജിഎസ്ടി കൗണ്‍സില്‍ ശ്രീ നഗറില്‍ യോഗം ചേര്‍ന്ന് വിവിധ തരം വാഹനങ്ങളുടെ നിരക്ക് നിശ്ചയിച്ചതോടെ കമ്പനികള്‍ പതിനൊന്ന് ലക്ഷം രൂപ വരെ വില കുറച്ചു കഴിഞ്ഞു. ജിഎസ്ടി പ്രാബല്യത്തിലായശേഷം ആഡംബര വാഹനം വാങ്ങാമെന്ന് തീരുമാനിച്ചവരെ അതിനുമുന്നേ ഷോറൂമിലെത്തിക്കാനാണ് വാഹന നിര്‍മ്മാതാക്കള്‍ വില കുറച്ചത്. താല്‍ക്കാലിക വില്‍പ്പന മാന്ദ്യം അതിജീവിക്കുകയെന്ന ലക്ഷ്യവും പിന്നിലുണ്ട്. വില കുറച്ചതിന്റെ നേട്ടം ഇപ്പോള്‍ ആഡംബര വാഹന നിര്‍മ്മാതാക്കള്‍ കൊയ്യുകയാണ്. ജൂലൈ ഒന്നിന് ശേഷവും ഇതേ ആവേശമാണ് പ്രതീക്ഷിക്കുന്നത്.ജിഎസ്ടി ആനുകൂല്യങ്ങള്‍ നേരത്തെ തന്നെ കൈമാറിയതോടെ ഉപയോക്താക്കളില്‍ വലിയ താല്‍പ്പര്യം പ്രകടമാണെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ എംഡി റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു. ഉപയോക്താക്കളില്‍നിന്നുള്ള അന്വേഷണങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2016 മോശം വര്‍ഷമായിരുന്നെങ്കില്‍ ഈ വര്‍ഷം ഇതുവരെ കാര്യങ്ങളെല്ലാം വിചാരിച്ചപോലെ നടന്നതായി റോളണ്ട് ഫോള്‍ഗര്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ട് വര്‍ഷമായി ലക്ഷ്വറി സെഗ്‌മെന്റിനെ നയിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് 2017 ല്‍ ഇരട്ടയക്ക വില്‍പ്പന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി 13,200 വാഹനങ്ങളാണ് വിറ്റത്. മെഴ്‌സിഡസ് ബെന്‍സിന്റെ ജര്‍മ്മന്‍ എതിരാളികളായ ഔഡി, യുകെ ആസ്ഥാനമായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ എന്നിവയെല്ലാം ഈ വര്‍ഷം മികച്ച വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച നേടുമെന്ന് ഔഡി ഇന്ത്യ മേധാവി റഹീല്‍ അന്‍സാരി പറഞ്ഞു. ജിഎസ്ടിക്കുമുമ്പായി ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ വില പത്ത് ലക്ഷം രൂപ വരെയാണ് ഔഡി കുറച്ചത്. വില കുറയ്ക്കുന്നതിന് മുമ്പുതന്നെ വാഹനങ്ങള്‍ക്ക് നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നതായി അന്‍സാരി വ്യക്തമാക്കി. ഈ അടുത്ത ദിവസങ്ങളിലായി ഡിമാന്‍ഡ് പിന്നെയും വര്‍ധിച്ചു. വില കുറച്ചതോടെ ഡീലര്‍ഷിപ്പുകളില്‍ കൂടുതല്‍ പേര്‍ എത്തുന്നതായും വില്‍പ്പന വര്‍ധിച്ചതായും റഹീല്‍ അന്‍സാരി പറഞ്ഞു. 2017 ല്‍ പത്ത് ലോഞ്ചുകള്‍ നടത്താനാണ് ഔഡി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ വളരെ സാധ്യതകളുള്ള വിപണിയാണെന്ന് കമ്പനി കരുതുന്നു. മാത്രമല്ല അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഔഡിയുടെ പത്ത് പ്രധാന വിപണികളിലൊന്നായി ഇന്ത്യ മാറുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അഞ്ച് മോഡലുകളില്‍ തെരഞ്ഞെടുത്തവയ്ക്ക് പന്ത്രണ്ട് ശതമാനം വരെയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വില കുറച്ചത്. ഈ വര്‍ഷം നല്ല വില്‍പ്പന വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വാഹന വിപണി ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച കൈവരിക്കുമെന്നും ഇതിനേക്കാള്‍ മികച്ച വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും ജെഎല്‍ആര്‍ ഇന്ത്യാ പ്രസിഡന്റ് രോഹിത് സൂരി പറഞ്ഞു.വില കുറച്ചതിന്റെ ആനുകൂല്യം ഈ വര്‍ഷത്തെ വില്‍പ്പന കണക്കുകളില്‍ പ്രതിഫലിക്കുമെന്ന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഐഎച്ച്എസ് മാര്‍ക്കിറ്റിലെ സീനിയര്‍ അനലിസ്റ്റ് ഗൗരവ് വാന്‍ഗാള്‍ അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍ അസംബ്ലിംഗ് ആരംഭിക്കുന്ന വോള്‍വോയും തികഞ്ഞ പ്രതീക്ഷയിലാണ്. ഈ വര്‍ഷം 25 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ടോം വോണ്‍ ബോണ്‍സ്‌ഡോര്‍ഫ് വ്യക്തമാക്കി. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിലൂടെയും പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നതിലൂടെയും ബ്രാന്‍ഡ് ശക്തമാക്കിയും വളര്‍ച്ച ഉറപ്പുവരുത്താനാണ് പരിപാടി.

Comments

comments

Categories: Auto