ഇന്തോ- ജര്‍മന്‍ സംരംഭങ്ങള്‍ക്ക് സുവര്‍ണകാലം

ഇന്തോ- ജര്‍മന്‍ സംരംഭങ്ങള്‍ക്ക് സുവര്‍ണകാലം
ജര്‍മന്‍ സഹകരണം നഗരവികസനം, ഗതാഗതം, മേക്ക് ഇന്‍ ഇന്ത്യ, ഫിന്‍ടെക്, കൃഷി 
തുടങ്ങിയ മേഖലകളില്‍

കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി നിര്‍മല സീതാരാമനും ജര്‍മന്‍ ധനകാര്യമന്ത്രി ബ്രിജിറ്റ് സൈപ്രീസും ഉഭയകക്ഷി സ്റ്റാര്‍ട്ടപ്പ് വിനിമയ ഇടപാടുകളെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയ് മാസത്തിലെ ജര്‍മന്‍ സന്ദര്‍ശനത്തിനു ശേഷമുള്ള തീരുമാനമാണ് ഇതിനു പിന്നില്‍. എന്താകാം ആ തീരുമാനങ്ങള്‍? ഇന്ത്യയില്‍ ഇരു രാജ്യങ്ങളുടെയും 600 സംയുക്ത സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു ലക്ഷം പേര്‍ ഇവയില്‍ ജോലി ചെയ്യുന്നു. 650 ദശലക്ഷം യൂറോ ജര്‍മനി ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. 72 ജര്‍മന്‍ ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ (എസ്എംഇ) ഇന്ത്യയില്‍ പുതുതായി ആരംഭിക്കാനിരിക്കുന്നു. ഇതില്‍ 41 എണ്ണം നിക്ഷേപനടപടികളുമായി മുമ്പോട്ടുപോകുകയും ചെയ്തു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലും മാറ്റം കാണുന്നുണ്ട്. അവരുടെ ചക്രവാളം ഇന്ന് യുഎസിനും സിലിക്കണ്‍ വാലിക്കപ്പുറം വികസിച്ചിരിക്കുന്നു. ഇതിനെ അനുകൂലിക്കും വിധം യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനു തയാറാകുന്നു. വികസിത വിപണിയായ യുഎസിനേക്കാള്‍ ഇന്ത്യയെപ്പോലുള്ള വളരുന്ന വിപണികളുടെ സാധ്യത മനസിലാക്കിക്കൊണ്ടാണ് യൂറോപ്യന്‍ നീക്കം. ഏഷ്യന്‍ ഇ- കൊമേഴ്‌സ് അലയന്‍സ് പോലുള്ള യൂറോപ്യന്‍ പ്രാരംഭ മൂലധന നിക്ഷേപക കമ്പനികള്‍ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഇന്ത്യയിലെ ഒമ്പത് സ്റ്റാര്‍ട്ടപ്പുകളിലാണ് കമ്പനി നിക്ഷേപിച്ചിട്ടുള്ളത്.എന്നാല്‍ പല യൂറോപ്യന്‍ സ്റ്റാര്‍ട്ടപ്പുകളും ഇന്ത്യയെ സംരംഭക സൗഹൃദരാജ്യമായി കാണാന്‍ മടിക്കുന്നുണ്ട്. ഹോങ്കോംഗും സിംഗപ്പൂരുമൊക്കെയാണ് ഇപ്പോഴും ഇത്തരക്കാര്‍ക്ക് ഏഷ്യയില്‍ പ്രിയം. സ്ഥാപനത്തിന്റെ വികസനത്തിന് ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതമെന്ന് അവര്‍ കരുതുന്നു. ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ചില ആകര്‍ഷക പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട കാര്യമേയുള്ളൂ. യൂറോപ്പിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് ഹബ്ബാണ് ജര്‍മന്‍ തലസ്ഥാനം ബെര്‍ലിനിലേത്. 2,000 സ്റ്റാര്‍ട്ടപ്പുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതുമായുള്ള ഇന്ത്യന്‍ സഹകരണം അധികം ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ കൂടുതല്‍ ബിസിനസ് നേട്ടം കൊയ്യാന്‍ സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളുമാണ് സഹായകമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ 2005 മുതല്‍ നടത്തിവരുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ ഈ ആശയം വീണ്ടും ഉയരാന്‍ ഇടയാക്കി. ജര്‍മന്‍ കമ്പനികളുടെ ഘടനാപരവും സൂക്ഷ്മവുമായ പ്രവര്‍ത്തനരീതികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പാഠമാക്കുകയുമാകാം.

ഇന്ത്യന്‍- ജര്‍മന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന മേഖലകള്‍

സുസ്ഥിര നഗരവികസനം, ഗതാഗതസംവിധാനം, വന്‍കിട സ്വകാര്യപങ്കാളിത്തം, മേക്ക് ഇന്‍ ഇന്ത്യ, ഫിന്‍ടെക് അവസരങ്ങള്‍, ബഹിരാകാശ ഗവേഷണം, കൃഷി, ഭക്ഷ്യസംസ്‌കരണം, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഉഭയകക്ഷി സഹകരണത്തിനാണ് ധാരണ. 2022 വരെ ജര്‍മനി സാമ്പത്തിക സഹായം നല്‍കുന്ന സുസ്ഥിര നഗരവികസന പദ്ധതിയില്‍പ്പെടുന്ന 100 സ്മാര്‍ട്ട് സിറ്റികളില്‍ കൊച്ചിയെയും തെരഞ്ഞെടുത്തിരിക്കുന്നു. ഒരു ബില്യണ്‍ യൂറോയാണ് സഹായം. നഗരങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിനു പ്രാധാന്യം കൊടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്ന എഐഎം സ്മാര്‍ട്ട് സിറ്റി ആക്‌സിലെറേറ്റര്‍ പോലുള്ള പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശക്തമായ റോഡ്, ഗതാഗതസംവിധാനങ്ങളുള്ള രാജ്യമാണ് ജര്‍മനി. ഈ മേഖലയില്‍ ഇനിയും മുന്നേറ്റം കാംക്ഷിക്കുന്ന ഇന്ത്യക്ക് ഈ മേഖലയിലെ സഹകരണം ഏറെ ഗുണകരമാകും. ജര്‍മനിയില്‍ നിന്നുള്ള ആഗോള ഭീമന്‍ ബോഷ് ഇന്ത്യയില്‍ നിര്‍മാണ, സ്മാര്‍ട്ട് സിറ്റി, മെഡ് ടെക്, അഗ്രിടെക്, ഊര്‍ജ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുമായി കൈകോര്‍ക്കാന്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഉന്നതനിലവാരത്തിനും നിര്‍മാണ വൈദഗ്ധ്യത്തിനും പരിശീലന സംവിധാനത്തിനും പ്രശസ്തമാണ് ജര്‍മനി. ഈ അറിവുകള്‍ സഹകരണത്തിലൂടെ സ്വായത്തമാക്കുന്ന ഇന്ത്യന്‍ കമ്പനിക്ക് നിര്‍മാണ, ഗവേഷണ- വികസന വിഭാഗങ്ങളില്‍ അവ പ്രയോഗിക്കാനാകും. സാങ്കേതികതയെയും നൂതനതയെയും വലിയ തോതില്‍ ആശ്രയിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്ക് ഇത് മുതല്‍ക്കൂട്ടാകും.

നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിനകത്തും പുറത്തും ഫിന്‍ടെക് അവസരങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജര്‍മന്‍ കമ്പനികള്‍ പുതുമയുള്ള സാമ്പത്തിക ഉല്‍പ്പന്നങ്ങളുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നു. എസ്ബിഐ, കൊമേഴ്‌സ് ബാങ്ക്, ഡ്യുഷെ എന്നീ ബാങ്കുകള്‍ ഇവ ഏറ്റെടുക്കാനും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം ഐഎസ്ആര്‍ഒ, നിരവധി ജര്‍മന്‍ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു വരുന്നുണ്ട്. പൊതുമേഖലയില്‍ മാത്രമല്ല, വര്‍ധിച്ചു വരുന്ന സ്വകാര്യ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് വളര്‍ന്നു വരുന്നു. റോക്കറ്റീര്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സഹസ്ഥാപകന്‍ ദിവ്യാംശു പൊഡ്ഡാര്‍ ഈ രംഗത്ത് ഇന്ത്യന്‍- ജര്‍മന്‍ സഹകരണത്തിന് വലിയ സാധ്യതയാണ് കാണുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ വിപണിയിലെ ജര്‍മന്‍ പങ്കാളികള്‍ക്ക് അവരുടെ സാങ്കേതികകഴിവുകളും ഉപഭോക്തൃസേവനവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ അവസരം ലഭിക്കുന്നു. ജര്‍മനിയുടെ സുശക്തമായ ചട്ടക്കൂട് ഇന്ത്യയെ വ്യവസായത്തിനാവശ്യമായ ഘടനാപരമായ നിയന്ത്രണം സജ്ജമാക്കാന്‍ സഹായിക്കുന്നു. കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭിക്കുമെന്നതിനാല്‍ രൂപകല്‍പ്പനചെയ്യാനും നിര്‍മാണത്തിനും ജര്‍മ്മന്‍ കമ്പനികളേക്കാള്‍ ഇന്ത്യയെ ആശ്രയിക്കാമെന്ന ഗുണവുമുണ്ട്.സാങ്കേതികതയും ഇന്നൊവേഷനും അവശ്യഘടമായ ഇന്ത്യന്‍ കാര്‍ഷികരംഗത്തും ജര്‍മന്‍ സാങ്കേതികവിദ്യ സഹായത്തിനെത്തുന്നു. ഈ രംഗത്ത് ചില ജര്‍മന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണു പ്രോഗ്രസീവ് എന്‍വയോണ്‍മെന്റല്‍ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജീസ് എന്ന സ്ഥാപനം. ഇവര്‍ വികസിപ്പിച്ചെടുത്ത പ്ലാന്റിക്‌സ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ സസ്യരോഗങ്ങളുടെ ചിത്രങ്ങളുടെ വലിയ ഡേറ്റാബേസ് ആണ്. ഇത് താരതമ്യപഠനത്തിലൂടെയുള്ള രോഗനിര്‍ണയത്തിനും ചികില്‍സയ്ക്കും പ്രയോജനപ്പെടുന്നു. 30,000ത്തിലധികം ഇന്ത്യന്‍ കര്‍ഷകര്‍ ഈ ആപ്പ് ഉപയോഗിക്കുന്നു.ഇത് ആദ്യഘട്ടമാണെങ്കിലും വളരെ ആവേശകരമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മനിയിലും അവിടെയുള്ള സംരംഭകര്‍ക്ക് ഇവിടെയും തുടക്കമിടാന്‍ പറ്റിയ സമയമാണിത്.

Comments

comments