കൂടുതല്‍ എയര്‍ബസ് എ380 വിമാനങ്ങള്‍ വാങ്ങാന്‍ എമിറേറ്റ്‌സ് പദ്ധതിയിടുന്നു

കൂടുതല്‍ എയര്‍ബസ് എ380 വിമാനങ്ങള്‍ വാങ്ങാന്‍ എമിറേറ്റ്‌സ് പദ്ധതിയിടുന്നു
കരാറില്‍ ഒപ്പുവെക്കുന്നതിന് മുന്‍പ് എ380-നെ എയര്‍ബസ് കൂടുതല്‍ മികച്ചതാക്കും

ദുബായ്: എയര്‍ബസിന്റെ എ 380 സൂപ്പര്‍ജംബോ വിമാനങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്റര്‍മാരായ എമിറേറ്റ്‌സ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. 20 ഡബിള്‍ ഡെക്കര്‍ ജെറ്റുകള്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും ഇതിനെക്കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞു.കരാറിന് 8.7 ബില്യണ്‍ ഡോളര്‍ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. കരാര്‍ നടപടികള്‍ ആദ്യ ഘട്ടത്തിലാണെന്നും വിമാനകമ്പനി എത്ര വിമാനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഉറപ്പാക്കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കരാറില്‍ ഒപ്പുവെക്കുന്നതിന് മുന്‍പ് എ 380 നെ എയര്‍ബസ് കൂടുതല്‍ മികച്ചതാക്കാനും സാധ്യതയുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ്, 2017 ന്റെ അവസാനത്തിന് മുന്‍പായി വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ലായിരിക്കും വിമാനങ്ങള്‍ കൈമാറ്റം ചെയ്യുന്നത്.

എന്നാല്‍ നിലവില്‍ കൂടുതല്‍ എ380 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയില്ലെന്ന് എമിറേറ്റ്‌സ് പറഞ്ഞു. വിമാനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ഭാവിയില്‍ കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങളെക്കുറിച്ചും അറിയുന്നതിനായാണ് നിര്‍മാതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളുമായി നടത്തുന്ന രഹസ്യ ചര്‍ച്ചയെക്കുറിച്ച് അഭിപ്രായം പറയാനാവില്ലെന്ന് ഫ്രാന്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ബസ്സിന്റെ വക്താവ് പറഞ്ഞു.489 മുതല്‍ 615 വരെ സീറ്റുകളുള്ള 140 ല്‍ അധികം വരുന്ന വിമാനങ്ങള്‍ക്കാണ് എമിറേറ്റ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. എയര്‍ബസ്സും എന്‍ജിന്‍ സപ്ലയറായ റോള്‍സ് റോയ്‌സും ചേര്‍ന്ന് കൂടുതല്‍ മികച്ച വിമാനങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ 200 ല്‍ അധികം സൂപ്പര്‍ജംബോ വിമാനങ്ങള്‍ വാങ്ങുമെന്ന് വിമാനകമ്പനിയുടെ ചെയര്‍മാന്‍ ടിം ക്ലര്‍ക് സൂചന നല്‍കിയിരുന്നു. എന്നാല്‍ മറ്റുള്ള വിമാനകമ്പനികളില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതിനാല്‍ നിര്‍മാതാക്കള്‍ ഇതിന് തയ്യാറായിട്ടില്ല. ഇപ്പോഴും എമിറേറ്റ്‌സ് ഇത് ആവശ്യപ്പെടുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Comments

comments

Categories: Business & Economy, World