മേയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യം വര്‍ധിച്ചു; എണ്ണം കുറഞ്ഞു: ആര്‍ബിഐ

മേയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യം വര്‍ധിച്ചു; എണ്ണം കുറഞ്ഞു: ആര്‍ബിഐ
യുപിഐ ഇടപാടുകളുടെ മൂല്യത്തില്‍ 26 ശതമാനത്തിന്റെ വര്‍ധന

ന്യൂഡെല്‍ഹി: മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പു വര്‍ഷം ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മേയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വര്‍ധനയുണ്ടായതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട പ്രൊവിഷണല്‍ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രില്‍ മാസം 109.60 ട്രില്യണ്‍ രൂപയുടെ ഇടപാടുകള്‍ നടന്ന സ്ഥാനത്ത് മേയില്‍ 111.09 ട്രില്യണ്‍ രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഇക്കാലയളവില്‍ നടന്നിട്ടുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ മൂല്യാടിസ്ഥാനത്തില്‍ 1.4 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്താനായി. മാര്‍ച്ചിലെ റെക്കോഡ് മൂല്യത്തിനു ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമാണ് ഇത്. അതേസമയം, ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മേയില്‍ ചെറിയ ഇടിവ് അനുഭവപ്പെട്ടു. ഏപ്രിലില്‍ 853.1 മില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്ന സ്ഥാനത്ത് മേയില്‍ 851.1 മില്യണ്‍ ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ടുള്ള ഇടപാടുകളുടെ എണ്ണത്തില്‍ റെക്കോഡ് വളര്‍ച്ച രേഖപ്പെടുത്തിയത്. നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ചതിനു ശേഷം വന്ന ഡിസംബറില്‍ 957.5 മില്യണ്‍ ഇടപാടുകളാണ് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വഴി നടന്നിട്ടുള്ളത്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍, യുപിഐ ഇടപാടുകള്‍, യുഎസ്എസ്ഡി ഇടപാടുകള്‍, പ്രീപെയ്ഡ് പേമെന്റ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബീല്‍ ബാങ്കിംഗ് തുടങ്ങിയവയാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ ഉള്‍പ്പെടുന്നത്. മാര്‍ച്ചില്‍ 6.9 മില്യണ്‍ ഇടപാടുകളാണ് യുപിഐ (യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) വഴി നടന്നിട്ടുള്ളത്. ഏപ്രിലില്‍ യുപിഐ ഇടപാടുകളില്‍ 9.2 മില്യണ്‍ എന്ന പുതിയ റെക്കോഡ് കുറിക്കപ്പെട്ടു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രിലിലെ 22 ബില്യണ്‍ രൂപയില്‍ നിന്നും മേയില്‍ 26 ശതമാനത്തിന്റെ വര്‍ധനയാണ് (27.7 ബില്യണ്‍ രൂപ) യുപിഐ ഇടപാടുകളില്‍ ഉണ്ടായത്. ഡിസംബര്‍ മുതലുള്ള യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 367 ശതമാനത്തിന്റെ വര്‍ധനയാണ് നിരീക്ഷിച്ചിട്ടുള്ളത്.മേയില്‍ യുഎസ്എസ്ഡി (അണ്‍സ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) വഴിയുള്ള ഇടപാടുകളിലും എണ്ണത്തിന്റെയും മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ധന നിരീക്ഷിച്ചിട്ടുണ്ട്. എണ്ണത്തിലും മൂല്യത്തിലും മുന്‍ മാസത്തെ അപേക്ഷിച്ച് യഥാക്രമം രണ്ട് ശതമാനത്തിന്റെയും അഞ്ച് ശതമാനത്തിന്റെയും വര്‍ധനയാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീം ആപ്പ് അവതരിപ്പിച്ചതിനു ശേഷമാണ് യുപിഐ, യുഎസ്എസ്ഡി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. ഭീം ആപ്ലിക്കേഷന്‍ ഇതിനോടകം തന്നെ 20 മില്യണ്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞതായി നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു.പിഒഎസ് മെഷീനുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലും വര്‍ധന നിരീക്ഷിച്ചിട്ടുണ്ട്. ഏപ്രിലില്‍ 431.4 ബില്യണ്‍ രൂപയുടെ ഇടപാടുകള്‍ നടന്നിടത്ത് മേയില്‍ 441.2 ബില്യണ്‍ രൂപയുടെ ഇടപാടുകള്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ നടന്നു. അതേസമയം, ഇത് വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 2.18 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ മേയ് മാസത്തില്‍ മൊബീല്‍ ബാങ്കിംഗ് ഇടപാടുകളില്‍ 6.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഇടപാടുകളിലും യഥാക്രമം 9.33 ശതമാനത്തിന്റെയും 9 ശതമാനത്തിന്റെ വര്‍ധന അനുഭവപ്പെട്ടു.

Comments

comments

Categories: Top Stories