സമഗ്ര സംഭാവനയുമായ് ഗുഡ് ഷെപ്പേര്‍ഡ്

സമഗ്ര സംഭാവനയുമായ് ഗുഡ് ഷെപ്പേര്‍ഡ്

 

ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മാതൃകയാക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് 
ഊട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ് ഷെപ്പേര്‍ഡിന്റേത്. പ്രവര്‍ത്തനം ആരംഭിച്ച് 40വര്‍ഷങ്ങള്‍ 
പിന്നിടുമ്പോഴും അച്ചടക്കത്തിനും ഗുണനിലവാരത്തിലും മികച്ച സ്ഥാനമാണ് നിലനിര്‍ത്തുന്നത്

വിദ്യാഭ്യാസം ഒരു വ്യക്തിയുടെ മാനസികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യം വെച്ചുള്ളതാകണം എന്നാണ് ഗാന്ധിജി ഉള്‍പെടെയുള്ളവര്‍ പറഞ്ഞിരിക്കുന്നത്. എന്നാലിന്ന് വിരലിലെണ്ണാവുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ മഹത് വചനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നത്. വിദ്യാഭ്യാസത്തെ ഒരു സേവനത്തിലുപരി കച്ചവടമായി കാണുന്നവരാണ് പലരും. ഈ കച്ചവട താല്‍പര്യമല്ലാതെ വിദ്യാഭ്യാസത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനമാണ് ഗുഡ് ഷെപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍.വര്‍ഷങ്ങളായി ഇന്ത്യയില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്ന സ്ഥലങ്ങളിലൊന്നാണ് ഊട്ടി. ഒരു വിനോദസഞ്ചാര മേഖല എന്നതിനൊപ്പം ഒരു വിദ്യാഭ്യാസ നഗരം എന്ന ചിത്രം കൂടിയാണ് ഈ പേരില്‍ തെളിയുന്നത്. ഇത്തരത്തിലൊരു നേട്ടം ഈ താഴ്്‌വരയ്ക്ക് നേടിക്കൊടുത്തതില്‍ ഗുഡ് ഷെപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പങ്ക് എടുത്തുപറയേണ്ട ഒന്നാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ടും, സൗകര്യങ്ങള്‍കൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്ന സ്‌കൂളുകളിലൊന്നാണിത്. പഠനത്തില്‍ മാത്രമല്ല കലാകായികരംഗത്തും ഇവിടുത്തെ കുട്ടികള്‍ മുന്‍നിരയിലാണ്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് സ്‌കൂളിന്റെ സ്ഥാപകനും, പ്രസിഡന്റുമായ ഡോ പി സി തോമസാണ്. വിദ്യാഭ്യാസ രംഗത്തിനും സമൂഹത്തിനും മികച്ച സംഭാവനകളാണ് ഇദ്ദേഹം വര്‍ഷങ്ങളായി നല്‍കി വരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തിന് നല്‍കിയിരിക്കുന്ന സമഗ്ര വികസനത്തെ കണക്കിലെടുത്ത് ഫ്യുച്ചര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് 2017-ല്‍ ഗോള്‍ഡന്‍ ലീഫ് അവാര്‍ഡ് ഫോര്‍ ഇന്നോവേഷന്‍ ആന്‍ഡ് എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായിരിക്കുന്നതും ഡോ പി സി തോമസാണ്.

വ്യക്തി ജീവിതം

നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉചിതമായ പ്രതിഫലം ദൈവം നല്‍കും എന്ന വിശ്വാസമാണ് ഡോ പി സി തോമസിന്. കോട്ടയത്തുള്ള ഒരു പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനനം. പഴോനയില്‍ ചാക്കോ തോമസ് എന്നാണ് മുഴുവന്‍ പേര്. കോട്ടയത്തുതന്നെയുള്ള സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം അരങ്ങേറിയത്. സയന്‍സ് വിഷയത്തില്‍ ബിരുദം നേടിയ ശേഷം ബിഎഡ് ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. വിദ്യാഭ്യാസ ജീവിതത്തിനു ശേഷം ഒരധ്യാപകന്‍ അല്ലെങ്കില്‍ പ്രൊഫസര്‍ ആവുക എന്ന ലക്ഷ്യവും ഒപ്പമുണ്ടായിരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ നിന്നുള്ള പിഎച്ച്ഡിയോടുകൂടിയാണ് തന്റെ വിദ്യാഭ്യാസ ജീവിതം അവസാനിപ്പിക്കുന്നത്. എഡ്യൂക്കേഷന്‍ മാനേജ്‌മെന്റ് എന്ന വിഷയത്തിലാണ് തോമസ് ഡോക്റ്ററേറ്റ് കരസ്ഥമാക്കിയത്.

അധ്യാപകനില്‍ നിന്നും ഭരണകര്‍ത്താവിലേക്ക്

ചെറുപ്പം മുതല്‍ ഒരു സ്‌കൂള്‍ തുടങ്ങണം എന്ന തീരുമാനം തോമസ് മനസിലുറപ്പിച്ചിരുന്നു. ഈ ആഗ്രഹം ഉടലെടുക്കുന്നത് 13ാം വയസിലാണ്. പഠനത്തില്‍ മാത്രമല്ല കലാ കായിക രംഗത്തും മറ്റുപരിപാടികളിലും നിറസാനിധ്യമാകാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ താന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് തോമസ് പറയുന്നത്. ഈ ആഗ്രഹം പലരെയും അറിയിച്ചിട്ടും നിരാശയായിരുന്നു ഫലം. അന്നുമുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സകലവിധ സൗകര്യങ്ങളും ലഭ്യമാക്കുന്ന ഒരു റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ എന്ന ആഗ്രഹം മനസിലുണ്ടായത്. ഇതിന്റെ ആദ്യപടി ഒരു അധ്യാപകനാകുക എന്നതായിരുന്നു. ഈ തീരുമാനം ബന്ധുകളുടെയും സുഹൃത്തുകളുടെയും മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും എതിരഭിപ്രായമായിരുന്നു. തുച്ഛമായ ശമ്പളം, വിവാഹ കമ്പോളത്തില്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന സ്ഥാനത്തെ കുറിച്ചുമാണ് അവര്‍ ആശങ്ക പ്രകടിപ്പിച്ചത്. എന്നാല്‍ അധ്യാപകനാകുക എന്ന തോമസിന്റെ തീരുമാനം ഉറപ്പുള്ളതായിരുന്നു. അങ്ങനെ അദ്ദേഹം ബിഎഡിനു ചേര്‍ന്നു. പഠനശേഷം 1969-ല്‍ തിരുവനന്തപുരം ലയോള കോളെജിലാണ് തോമസ് അധ്യാപക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ബിജാപ്പൂരിലുള്ള സൈനിക സ്‌കൂളില്‍ ജോലി ലഭിക്കുകയുണ്ടായി. തോമസിനെ സംബന്ധിച്ച് ഈ അവസരം വളരെ മികച്ചതായിരുന്നു. പട്ടാളക്കാരുടെ അച്ചടക്കവും മര്യാദയുമെല്ലാം പഠിച്ചെടുക്കുന്നതിനുള്ള അവസരമായാണ് തോമസ് ഇതിനെ കണ്ടത്. മൂന്ന് വര്‍ഷത്തെ കരാറില്‍ സൈനിക സ്‌കൂളില്‍ ജോലി ചെയ്തശേഷം അദ്ദേഹം ഊട്ടിയില്‍ തന്നെയുള്ള രണ്ട് സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വേളയിലാണ് തന്റെ ബാല്യകാലത്തെ ആഗ്രഹം വീണ്ടും മനസില്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഒരു കൗമാരക്കാരന്റെ മനസില്‍ തോന്നുന്ന നിറമുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നില്ല അന്ന് തോമസിന്റെ മനസില്‍. സ്‌കൂള്‍ തുടങ്ങുക എന്ന സ്വപ്‌നം അദ്ദേഹത്തിന്റെ ഭാര്യ എല്‍സമ്മയുമായി പങ്കുവെച്ചു. ആദ്യം എതിര്‍ത്തെങ്കിലും ഭാര്യയുടെ പിന്തുണയും അദ്ദേഹത്തിനു മുതല്‍ക്കൂട്ടായി എന്നതാണ് വാസ്തവം.

ഗുഡ് ഷെപ്പേര്‍ഡിന്റെ തുടക്കം

സ്‌കൂള്‍ ആരംഭത്തില്‍ ഹോളി ട്രിനിറ്റി, ഗുഡ് സമാരിറ്റന്‍, ഗുഡ് ഷെപ്പേര്‍ഡ് എന്നീ മൂന്ന് പേരുകളാണ് തോമസിന്റെ മനസില്‍ തെളിഞ്ഞത്. പിന്നീട് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരായിതിനാല്‍ ഗുഡ് ഷെപ്പേര്‍ഡ് എന്ന നാമം തെരഞ്ഞെടുക്കുകയായിരുന്നു. വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ 1977-ലാണ് ഗുഡ് ഷെപ്പേര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 110 വിദ്യാര്‍ത്ഥികളാണ് ആദ്യ വര്‍ഷം സ്‌കൂളിലുണ്ടായിരുന്നത്. അക്കാലത്ത് ഒരു സ്‌കൂള്‍ പുതുതായി ആരംഭിക്കുമ്പോള്‍ പത്ത് കുട്ടികള്‍ മാത്രമേയുണ്ടാകാറുള്ളു. ഗുഡ് ഷെപ്പേര്‍ഡിന്റെ ഈ നേട്ടം തന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞതായും, മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ധൈര്യം കിട്ടിയതായും തോമസ് വ്യക്തമാക്കി. വര്‍ഷംതോറും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായത്.

സ്വന്തം കാംപസ് എന്നതായിരുന്നു അടുത്ത ലക്ഷ്യം. അക്കാലത്ത് ബറോഡ മഹാരാജാവിന്റെ അധീനതയിലുള്ള ഊട്ടിയിലെ കൊട്ടാരം വില്‍പനയ്ക്കുവെച്ച വിവരം അറിയുന്നത്. തോമസിന്റെ സുഹൃത്തായ ചിദംബരത്തിന്റെ സഹായത്തോടെ കച്ചവടമുറപ്പിച്ച് കൊട്ടാരം സ്വന്തമാക്കി. സ്‌കൂള്‍ തുടങ്ങാനാണ് കൊട്ടാരം വാങ്ങുന്നതെന്ന തന്റെ ആവശ്യം അറിയിച്ചപ്പോള്‍ മഹാരാജാവിന് അത്യധികം സന്തോഷമുണ്ടായത് തോമസ് ഇന്നും ഓര്‍ക്കുന്നു. ബറോഡ രാജാക്കന്‍മാര്‍ വിദ്യാഭ്യാസമേഖലയ്ക്ക് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട് . കൊട്ടാരം വരുംകാലങ്ങളില്‍ ഒരു സ്‌കൂളാകാന്‍ പോകുന്നു എന്നതിനാലാണ് അദ്ദേഹം ഇത്ര സന്തോഷവാനായത് മാത്രമല്ല പറഞ്ഞുറപ്പിച്ച വിലയില്‍ നിന്നും രാജാവ് 50 ശതമാനം കുറവുനല്‍കിയതായും തോമസ് പറഞ്ഞു.

സവിശേഷതകള്‍

ഐസിഎസ്‌സി സിലബസിലുള്ള വിദ്യാഭ്യാസമാണ് ഗുഡ് ഷെപ്പേര്‍ഡില്‍. അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനമാണ് പ്രധാന സവിശേഷത. സ്‌കൂളിലെ ജീവനക്കാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം പെരുമാറ്റച്ചട്ടങ്ങളുണ്ടിവിടെ. ഈ വ്യവസ്ഥിതിക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കാറില്ലെന്നും പി സി തോമസ് പറയുന്നു. വിദ്യാഭ്യാസത്തിനൊപ്പം കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ പ്രാധാന്യം നല്‍കുന്നുണ്ട്. കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍സിന്റെ അംഗീകാരം നേടിയിട്ടുള്ള സ്‌കൂളുകളിലൊന്നാണ് ഗുഡ് ഷെപ്പേര്‍ഡ്. മാത്രമല്ല ന്യൂ ഇംഗ്ലണ്ട് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ആന്‍ഡ് കോളെജസില്‍ അംഗത്വവും 2014-2017 കാലഘട്ടത്തിലെ ബ്രിട്ടിഷ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അവാര്‍ഡും ഗുഡ് ഷെപ്പേര്‍ഡിനാണ് ലഭ്യമായിട്ടുള്ളത്. ഏഷ്യയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയിലും ഗുഡ് ഷെപ്പേര്‍ഡ് ഇടം പിടിച്ചിട്ടുണ്ട്.

40 രാജ്യങ്ങളില്‍ നിന്നും 800-ഓളം വിദ്യാര്‍ത്ഥികളാണ് ഗുഡ് ഷെപ്പേര്‍ഡില്‍ പഠിക്കുന്നത്. മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി പ്രാവീണ്യം നേടിയ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. ഇതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ മറ്റു കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രററി, ഓഡിയോ-വിഷ്വല്‍ തീയറ്ററുകള്‍, ഭാഷാ ലാബ്, ഡിസൈന്‍ ടെക്‌നോളജി ലാബ്, വിഷ്വല്‍ ആര്‍ട്‌സ് ലാബ്, സയന്‍സ് ലാബ്, കംപ്യൂട്ടര്‍ സെന്റര്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വിദഗ്ധരായ അനേകം അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് സ്‌കൂളിലെ കലാ കായിക പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഗോള്‍ഫ്, റൈഫിള്‍ ഷൂട്ടിങ്ങ്, ബാന്‍ഡ്, ഹോഴ്‌സ് റൈഡിംഗ്, സ്വിമ്മിംഗ്, മൗണ്ടനീയറിംഗ്, ടെന്നിസ്, ബാഡ്മിന്റ്റണ്‍ തുടങ്ങിയ വിവിധ സ്‌പോര്‍ട്‌സ് വിഭാഗങ്ങള്‍ക്കും അത്‌ലറ്റിക് മല്‍സരങ്ങള്‍ക്കുമുള്ള പരിശീലനം ഇവിടെ നല്‍കുന്നുണ്ട്. ഇതിനൊപ്പം സംഗീതം, വിവിധ നൃത്ത രൂപങ്ങള്‍ എന്നിവയ്ക്കുള്ള പരിശീലനവും സ്‌കൂളില്‍ നടപ്പിലാക്കിയിട്ടുണ്ട്.

വിവിധയിനം കാര്‍ഷിക വിളകളുടെ ഉല്‍പാദനവും, വളര്‍ത്തു മൃഗങ്ങളുടെ പരിപാലനവും സ്‌കൂളിന്റെ കാംപസിനുള്ളില്‍ തന്നെ നടന്നുവരുന്നുണ്ട്. സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്ന വിഷരഹിതമായ വിളകള്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണ ആവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുന്നത്. വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളിനോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമ പ്രദേശങ്ങളിലെക്കുംപലതരം പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ അയക്കാറുണ്ട്.

ഫിനിഷിംഗ് സ്‌കൂള്‍

ഗുഡ് ഷെപ്പേര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മറ്റൊരു സ്ഥാപനമാണ് ഫിനിഷിംഗ് സ്‌കൂള്‍. 2003-ലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മികച്ച ജീവിതനിലവാരം ചിട്ടപ്പെടുത്തിയെടുക്കുന്നതു വഴി സ്ത്രീത്വത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫിനിഷിംഗ് സ്‌കൂളില്‍ നടന്നുവരുന്നത്. വിദ്യാഭ്യാസത്തില്‍ നിന്നും ലഭ്യമല്ലാത്തവയാണ് ഇവിടെ കൂടുതലായും പരിശീലിപ്പിച്ചു വരുന്നത്. മാത്രമല്ല വിവിധ അക്കാദമിക്ക് കഴിവുകളും സാമൂഹ്യ സമ്പര്‍ക്കവും ഇവിടെ പരിശീലിപ്പിക്കുന്നു. പൊതുപ്രസംഗം, നേതൃത്വ വൈവിധ്യം, ശരീരഭാഷ, ഇന്റീരിയയര്‍ ഡെക്കറേഷന്‍, ഫാഷന്‍ ഡിസൈന്‍, വിവിധ തരം പാചകം, പ്രാഥമിക ചികില്‍സ, ഫിറ്റ്‌നസ്, യോഗ, മെഡിറ്റേഷന്‍, ഡ്രൈവിംഗ് എന്നിവയില്‍ പ്രാവീണ്യം നേടിക്കൊടുക്കുകയാണ് ഫിനിഷിംഗ് സ്‌കൂള്‍ വഴി ലക്ഷ്യമിടുന്നത്.

പുരസ്‌കാരങ്ങളും അംഗീകാരങ്ങളും

അനേകം പുരസ്‌കാരങ്ങളും, അംഗീകാരങ്ങളും തോമസിനെ തേടിയെത്തിയിട്ടുണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ച് വളരെ വൈകാതെ തന്നെ ഗുഡ് ഷെപ്പേര്‍ഡിന്റെ പേര് ലോകപ്രശസ്താമായി. 1990-ല്‍ സ്‌പെയിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ബാന്‍ ഇമാജന്‍ ആര്‍ടെ എന്ന സംഘടനയുടെ ആര്‍ച്ച് ഓഫ് യൂറോപ്പ് ഗോള്‍ഡ് സ്റ്റാര്‍ അവാര്‍ഡില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് അദ്ദേഹത്തേ തേടി ദേശത്തും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകളുടെ അവാര്‍ഡുകളെത്തി. ഇന്റര്‍നാഷണല്‍ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നല്‍കുന്ന ബിസിനസ് എക്‌സലന്‍സി അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ വിജയ് ശ്രീ അവാര്‍ഡ്, ഭാരത് വികാസ് അവാര്‍ഡ്, അമേരിക്കയിലുള്ള ഇന്ത്യന്‍ സമൂഹം നല്‍കിയിട്ടുള്ള പ്രൈഡ് ഓഫ് ഇന്ത്യ ഗോള്‍ഡ് മെഡല്‍, ഗ്ലോബല്‍ ബിസിനസ് ഫോറത്തിന്റെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എന്നിവായാണ് തോമിസിന് ലഭിച്ച പ്രധാന അവാര്‍ഡുകള്‍.

Comments

comments

Categories: FK Special