ഖത്തര്‍ ബാങ്കിംഗ് സംവിധാനം പ്രതിസന്ധിയിലേക്ക്?

ഖത്തര്‍ ബാങ്കിംഗ് സംവിധാനം പ്രതിസന്ധിയിലേക്ക്?
പ്രധാനമായും ആറ് ജിസിസി രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദേശ നിക്ഷേപത്തെ ആശ്രയിച്ചാണ് 
ഖത്തറിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്

ദോഹ: 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനായി 200 ബില്യണ്‍ ഡോളറിന്റെ ആവശ്യം നിലനില്‍ക്കെ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ച തീരുമാനം ഖത്തര്‍ നാഷണല്‍ ബാങ്കിന് പ്രഹരമായിരിക്കുകയാണ്. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളുടേയും പ്രവര്‍ത്തനത്തെ ഇത് ബാധിക്കും.മേഖലയിലെ ഏറ്റവും ആസ്തിയുള്ള ഖത്തര്‍ നാഷണല്‍ ബാങ്കിന്റേയും ദോഹ ബാങ്കിന്റേയും നിലനില്‍പ്പിന് സഹായകമാകുന്നത് വിദേശ നിക്ഷേപമാണ്. പ്രധാനമായും ആറ് ജിസിസി രാജ്യങ്ങളില്‍ നിന്ന് വരുന്ന വിദേശ നിക്ഷേപമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എണ്ണവില ഇടിഞ്ഞതിനെതുടര്‍ന്ന് ഗവണ്‍മെന്റുകള്‍ ബാങ്ക് നിക്ഷേപത്തെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതോടെ ഖത്തറിലേയും ജിസിസിയിലേയും സാമ്പത്തിക സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ പ്രതിസന്ധിയിലാണ്. ബാങ്കുകളിലെ കരുതല്‍ ധനശേഖരം കുറയാനും പലിശനിരക്ക് ഉയരാനും ഇത് ഇടയാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നായ ഖത്തറിനെ ആഗോള സാമ്പത്തിക ശക്തികേന്ദ്രമായാണ് കണക്കാക്കുന്നത്. ബാര്‍ക്ലെയ്‌സ്, ക്രെഡിറ്റ് സ്യൂസ്സെ ഗ്രൂപ്പ്, ഡ്യൂട്‌സ്‌ച്ചെ ബാങ്ക് എന്നീ വമ്പന്‍ ധനകാര്യ സ്ഥാപനങ്ങളുടെയെല്ലാം ഓഹരികള്‍ ഖത്തറിന്റെ കൈവശമുണ്ട്. എങ്കിലും ഖത്തറിന്റെ ആഭ്യന്തര ബാങ്കിംഗ് സംവിധാനം വിദേശ പണത്തെയാണ് കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് അനുസരിച്ച് രാജ്യത്തെ 18 ബാങ്കുകളിലെ നിക്ഷേപത്തിന്റെ 24 ശതമാനം നോണ്‍ റെസിഡന്റ് ഡിപ്പോസിറ്റാണ്. എന്നാല്‍ ഇത് സൗദി അറേബ്യയില്‍ 1.2 ശതമാനവും യുഎഇയില്‍ 12 ശതമാനവും മാത്രമാണ്.ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം വന്നതിന് പിന്നാലെ ഖത്തറിന്റെ മൂന്ന് മാസത്തെ ഇന്റര്‍ബാങ്ക് റേറ്റില്‍ 4.22 ശതമാനത്തിന്റെ ഇടിവുണ്ടായി. ജൂലൈയ്ക്ക് ശേഷമുണ്ടായ ഏറ്റവും ശക്തമായ ഇടിവാണിതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബറോടെ വായ്പയും നിക്ഷപവും സമാനമാക്കണമെന്ന് കേന്ദ്രബാങ്ക് ആവശ്യപ്പെട്ടതിനാല്‍ മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്റര്‍ ബാങ്ക് നിരക്കാണ് ഖത്തര്‍ ബാങ്കുകള്‍ക്കുള്ളത്.

അതിനൊപ്പം ഫുട്‌ബോള്‍ ലോകകപ്പിനാവശ്യമായ കെട്ടിടങ്ങളും മറ്റും നിര്‍മിക്കുന്നതിനായി പണം ചെലവാക്കുന്നത് തുടരുന്നതിനാല്‍ സൗദി അറേബ്യയേക്കാളും യുഎഇയേക്കാളും ഖത്തറിന്റെ വായ്പയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഖത്തര്‍ ബാങ്കുകളുടെ ഏപ്രിലിലെ ശരാശരി വായ്പ- നിക്ഷേപ അനുപാതം 111.6 ശതമാനമായിരുന്നു. എന്നാല്‍ സൗദിയുടെ അനുപാതം 87.4 ശതമാനവും യുഎഇയുടേത് 99.4 ശതമാനവുമാണെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കില്‍ പറയുന്നു.രാഷ്ട്രീയമായ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഖത്തര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൂടുതല്‍ പണം ഒഴുകുന്നതിനെ മേഖല പ്രോത്സാഹിപ്പിക്കില്ലെന്ന് എന്‍ബിഎഡി സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് തലവനായ സന്യാലക് മനിബന്ധു പറഞ്ഞു. മേഖലയിലെ ബാങ്കിംഗ് സിസ്റ്റം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. സൗദി അറേബ്യയേക്കാളും യുഎഇയേക്കാളും ഖത്തര്‍ ബാങ്കിംഗ് സംവിധാനത്തില്‍ പണമാക്കി മാറ്റുന്നത് കുറവാണ് എന്നാണ് ഇന്റര്‍ബാങ്ക് ഇന്ററസ്റ്റ് നിരക്ക് കാണിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളുമായി പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലും തിരിച്ചടിയുണ്ടാകും. കേന്ദ്ര ബാങ്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് സൗദി അറേബ്യയില്‍ പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള അനുമതി ക്യുഎന്‍ബി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷണല്‍ പിഎസ്‌സി യുടെ 40 ശതമാനം ഓഹരിയും ബാങ്ക് സ്വന്തമാക്കിയിരുന്നു.ഷാര്‍ജയില്‍ യുണൈറ്റഡ് അറബ് ബാങ്കില്‍ 40 ശതമാനം ഓഹരികളും ഒമാനിലെ നാഷണല്‍ ബാങ്കിന്റെ 35 ശതമാനം ഓഹരിയും ബാങ്കിന്റെ കൈവശമുണ്ട്. യുഎഇയില്‍ ബ്രാഞ്ചും എന്‍ബിഡി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Banking, World