എംബസി ഗ്രൂപ്പിന് 650 കോടി രൂപയുടെ വായ്പ നല്‍കി പിരാമല്‍ ഫിനാന്‍സ്

എംബസി ഗ്രൂപ്പിന് 650 കോടി രൂപയുടെ വായ്പ നല്‍കി പിരാമല്‍ ഫിനാന്‍സ്
ആറ് മാസത്തിനിടെ മൂന്ന് ഇടപാടുകളിലായി ആകെ 1,100 കോടി രൂപ എംബസി ഗ്രൂപ്പിന് 
കൈമാറി

മുംബൈ : അജയ് പിരാമല്‍ നയിക്കുന്ന പിരാമല്‍ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ പിരാമല്‍ ഫിനാന്‍സ് റിയല്‍റ്റി ഡെവലപ്പറായ എംബസി ഗ്രൂപ്പിന് 650 കോടി രൂപയുടെ വായ്പ അനുവദിച്ചു. എംബസി ഗ്രൂപ്പിന്റെ മൂലധന വളര്‍ച്ച ഉറപ്പുവരുത്തുന്നതാണ് കോര്‍പ്പറേറ്റ് തലത്തില്‍ നടന്ന ഇടപാട്.കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് ഇടപാടുകളിലായി ആകെ 1,100 കോടി രൂപയാണ് പിരാമല്‍ ഫിനാന്‍സ് എംബസി ഗ്രൂപ്പിന് കൈമാറിയത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകള്‍ക്കായി ഘട്ടംഘട്ടമായാണ് ഫണ്ടിംഗ് നടത്തിയത്.

ചെന്നൈയിലെ പ്രീമിയം റസിഡന്‍ഷ്യല്‍ പ്രോജക്റ്റായ എംബസി റസിഡന്‍സസിന് പിരാമല്‍ ഫിനാന്‍സ് നേരത്തെ 360 കോടി രൂപയാണ് ഫണ്ട് ചെയ്തത്. മൂന്ന് ലക്ഷം ചതുരശ്ര അടി ബില്‍റ്റ് അപ്പ് ഏരിയ വരുന്ന എംബസി റസിഡന്‍സസ് 25 ഏക്കറിലാണ് പരന്നുകിടക്കുന്നത്.എംബസി, ഫീനിക്‌സ് സംയുക്ത സംരംഭമായ ഹൈദരാബാദിലെ ഫീനിക്‌സ്-എംബസിയിലാണ് പിരാമല്‍ ഫിനാന്‍സ് രണ്ടാമത്തെ നിക്ഷേപം നടത്തിയത്. 1.5 മില്യണ്‍ ചതുരശ്ര അടി എ ഗ്രേഡ് കൊമേഴ്‌സ്യല്‍ സ്‌പേസാണ് ഇവിടെ നിര്‍മ്മിക്കുന്നത്. അധികമായി നാല് മില്യണ്‍ ചതുരശ്ര അടി വികസിപ്പിക്കാനും കഴിയും.

രാജ്യത്തെ വലിയ കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരിലൊന്നായ എംബസി ഗ്രൂപ്പ് ഇതുവരെ 30 മില്യണ്‍ ചതുരശ്ര അടി പ്രൈം കൊമേഴ്‌സ്യല്‍ ഓഫീസ് സ്‌പേസും ആകെ 6 മില്യണ്‍ ചതുരശ്ര അടി വരുന്ന പ്രീമിയം റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളുമാണ് പൂര്‍ത്തിയാക്കിയത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ആകെ 17 മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിലാണ്.

Comments

comments

Categories: Business & Economy