ജിഎസ്ടിക്കു പിന്നാലെ നികുതി വകുപ്പ് ഏകീകരിക്കാനും നീക്കം

ജിഎസ്ടിക്കു പിന്നാലെ നികുതി വകുപ്പ് ഏകീകരിക്കാനും നീക്കം
ആദായ നികുതി വകുപ്പില്‍ പ്രദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള അധികാര പരിധി 
ഇല്ലാതാക്കും

ന്യൂഡെല്‍ഹി: ഒരു രാജ്യം ഒരു നികുതി എന്ന തത്വത്തിന് അടിവരയിട്ടുകൊണ്ടാണ് ജൂലൈ 1 മുതല്‍ രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നത്. അതിനൊപ്പം നികുതി നിര്‍ണയത്തിന് പ്രദേശത്തിന്റെ അടിസ്ഥാനത്തിലുള്ള അധികാര പരിധി ഇല്ലാതാക്കാനാണ് ആദായ നികുതി വകുപ്പ് ആലോചിക്കുന്നത്്. ഇതുവഴി പാറ്റ്‌നയിലുള്ള ആദായ നികുതി ഓഫീസര്‍ക്ക് മുംബൈയിലുള്ള നികുതിദായകന്റെ നികുതി നിര്‍ണയം നടത്താന്‍ സാധിക്കും. നികുതി ദായകര്‍ക്കും നികുതി ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ മുഖാമുഖം ബന്ധപ്പെടേണ്ടതിന്റെ ആവശ്യകത കുറയ്ക്കുക വഴി അഴിമതി ഇല്ലാതാക്കാനാകുമെന്നും നികുതി പ്രക്രിയ വേഗത്തിലാക്കാനാകുമെന്നും ആദായ നികുതി വകുപ്പ് വിലയിരുത്തുന്നു. ഇതിനായി ആദായ നികുതി നിയമത്തില്‍ മാറ്റം ആവശ്യമായി വരും. അതോടെ വ്യത്യസ്ത സര്‍ക്കിളുകളായും വാര്‍ഡുകളുമായും നികുതി വകുപ്പിനെ വിവിധ പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് അപ്രസക്തമാകുകയും രാജ്യം മുഴുവന്‍ ഒറ്റ നിയമപരിധിക്കുള്ളിലാക്കുകയും ചെയ്യും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് (സിബിഡിടി) ശുപാര്‍ശ ചെയ്ത ഈ നടപടി നിലവില്‍ സജീവ പരിഗണനയിലാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. റിട്ടേണുകളുടെ ഇ ഫയലിംഗ് ഈ മാറ്റത്തിനുള്ള കളമൊരുക്കി കഴിഞ്ഞതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 42.1 മില്യണ്‍ നികുതി റിട്ടേണുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കപ്പെട്ടിരുന്നു.

Comments

comments

Categories: Top Stories