ജിയോ തരംഗം ; 4ജി ലഭ്യതയില്‍ 15ാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ

ജിയോ തരംഗം ; 4ജി ലഭ്യതയില്‍ 15ാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ
ഡൗണ്‍ലോഡ് വേഗത 3ജിയേക്കാള്‍ അല്‍പ്പം മാത്രം മുന്നില്‍

ന്യൂഡെല്‍ഹി: 4ജി ലഭ്യതയുടെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ 15-ാം സ്ഥാനം ഇന്ത്യക്ക് നേടാനായതായി സര്‍വെ റിപ്പോര്‍ട്ട്. സര്‍വീസ് ആരംഭിച്ച് ആദ്യ ആറു മാസത്തിനുള്ളില്‍ തന്നെ 100 മില്യണ്‍ വരിക്കാരെ നേടിയ ജിയോ തരംഗമാണ് സര്‍വെയില്‍ മികച്ച സ്ഥാനം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് കവറേജ് മാപ്പിംഗ് കമ്പനിയായ ഓപ്പണ്‍ സിഗ്നല്‍ ആണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ഓപ്പണ്‍ നിഗ്നലിന്റെ ‘സ്റ്റേറ്റ് ഓഫ് എല്‍ടിഇ’ റിപ്പോര്‍ട്ട് അനുസരിച്ച് നടപ്പു വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് 81.6 ശതമാനം 4ജി ലഭ്യത ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. മുന്‍ വര്‍ഷം (2016) മൂന്നാം പാദത്തില്‍ 71.6 ശതമാനം 4ജി ലഭ്യത രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഏറ്റവും കൂടുതല്‍ വേഗത്തില്‍ മാറ്റത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മൊബീല്‍ വിപണികളിലൊന്നാണ് ഇന്ത്യ. ഈ സാധ്യതകളെ കേന്ദ്ര സര്‍ക്കാരും ടെലികോം മേഖലയും നിലനിര്‍ത്തേണ്ടതുണ്ടെന്ന് ഓപ്പണ്‍ സിഗ്നല്‍ സഹ സ്ഥാപകനും സിഇഒയുമായ ബ്രെന്‍ഡന്‍ ഗില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, 4ജി ഡൗണ്‍ലോഡ് വേഗതയിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണെന്നാണ് സര്‍വെയില്‍ തെളിയുന്നത്. ഇന്ത്യയിലെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത 5.1 എംബിപിഎസ് ആണെന്നാണ് വിലയിരുത്തല്‍. ആറ് മാസത്തിനുളളില്‍ ഒരു സെക്കന്‍ഡില്‍ ഒരു എംബിപിഎസില്‍ അധികം വേഗതയില്‍ കുറവ് വന്നിട്ടുണ്ടെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 4 ജി ഡൗണ്‍ലോഡ് വേഗത, ശരാശരി ആഗോള 3ജി ഡൗണ്‍ലോഡ് വേഗതയേക്കാള്‍ ചെറിയ തോതില്‍ മാത്രമാണ് കൂടുതലായിട്ടുള്ളത്. 4.4 എംബിപിഎസ് ആണ് ആഗോളതലത്തിലെ ശരാശരി 3ജി ഡൗണ്‍ലോഡ് വേഗത.4ജി ലഭ്യതയില്‍ മുന്‍ നിരയിലുള്ളത് ദക്ഷിണകൊറിയയാണ്. 4ജി ഡൗണ്‍ലോഡ് വേഗതയില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണകൊറിയ.

Comments

comments

Categories: Tech, Top Stories

Related Articles