സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ഇന്‍ഷുറന്‍സ് പരിച

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ഇന്‍ഷുറന്‍സ് പരിച
റാന്‍സംവേര്‍ പോലുള്ള സൈബര്‍ ആക്രമണങ്ങള്‍ ലോകത്തെയാകെയും ഡിജിറ്റൈസേഷനിലേക്ക് 
ദ്രുതഗതിയില്‍ വളരുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗമടക്കമുള്ളവയെ പ്രത്യേകിച്ചും ബാധിക്കുന്നു. 
വളര്‍ന്നുവരുന്ന സൈബര്‍ ഇന്‍ഷുറന്‍സ് മേഖലയുടെ പ്രസക്തി ഇവിടെയാണ്

പലതരം ഇന്‍ഷുറന്‍സുകളുണ്ടെങ്കിലും ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായ സൈബര്‍ ആക്രമണത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്കു പരിഹാരം നേടിത്തരാനുള്ള പദ്ധതികള്‍ കാര്യമായി ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഈയിടെ ലോകത്തെ ആശങ്കയിലാഴ്ത്തിയ റാന്‍സംവേര്‍ സൈബര്‍ ആക്രമണം വരുത്തിയ നഷ്ടം ഇത്തരം ഇന്‍ഷുറന്‍സുകളുടെ അവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നോട്ട് അസാധുവാക്കല്‍, ചരക്കുസേവന നികുതി തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യന്‍ സാമ്പത്തികരംഗവും ഡിജിറ്റൈസേഷനിലേക്ക് ദ്രുതഗതിയില്‍ വളരുകയാണ്. 355 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള ലോകത്തെ രണ്ടാമത്തെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയാണ് ഇന്ന് ഇന്ത്യ. ജനസംഖ്യാവര്‍ധനവിനും ഡിജിറ്റല്‍ സാങ്കേതികവിദ്യാ വികസനത്തിനുമനുസരിച്ച് ഈ സംഖ്യ വലുതാകും.

സൈബര്‍ അരക്ഷിതാവസ്ഥ എത്രമാത്രം നമ്മെ ഗ്രസിച്ചുവെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ആറര ദശലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് കഴിഞ്ഞ വര്‍ഷം സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത്. 19 ബാങ്കുകളുടെ 641 ഉപഭോക്താക്കള്‍ 1.3 കോടി രൂപയുടെ തട്ടിപ്പിന് ഇരയാക്കപ്പെട്ടതിനെത്തുടര്‍ന്നാണിത്. വാനാക്രൈ റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിലൂടെ കംപ്യൂട്ടറുകള്‍ നിശ്ചലമാക്കിയ ഹാക്കര്‍സംഘം വന്‍തുകയ്ക്കുള്ള ബിറ്റ് കോയിനുകളാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. വ്യാജ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണം, വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള തട്ടിപ്പ്, സേവന നിഷേധം, വൈറസാക്രമണം, വ്യാപാരത്തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങിയ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ഡിജിറ്റല്‍ യുഗത്തില്‍ ഒരു സംരക്ഷണകവചമാണ് സൈബര്‍ ഇന്‍ഷുറന്‍സ്.

സൈബര്‍ കെണിക്ക് ഇരയാകാതിരിക്കാന്‍:

 • ബാങ്കുകളുടെ വെബ് അഡ്രസുകള്‍ തന്നെ ടൈപ്പ് ചെയ്യുക. മറ്റ് വെബ്‌സൈറ്റുകളെയും ലിങ്കുകളെയും ഇ- മെയിലുകളെയും ആശ്രയിക്കുന്നത് ദോഷകരം
 • എളുപ്പം ഊഹിക്കാന്‍ കഴിയാത്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുക
 • കാര്‍ഡിന്റെ കാലാവധിയോ സിവിവി, പാസ് വേഡ് നമ്പറുകളോ പങ്കുവെക്കാതിരിക്കുക
 • ശരിയായ ആന്റി വൈറസുകള്‍ കയറ്റുകയും പുതുക്കുകയും ചെയ്യുക
 • ഉടമസ്ഥാവകാശം സംബന്ധിച്ച സുരക്ഷാഘടകങ്ങള്‍ നിരവധി തട്ടുകളായി സൂക്ഷിക്കുക
 • അനാവശ്യ ലിങ്കുകളും അറിയാത്തവയില്‍ നിന്നു കിട്ടുന്ന അറ്റാച്ച്‌മെന്റുകളും തുറക്കുന്നത് ഒഴിവാക്കുക
 • ബാങ്കിടപാടുകള്‍ സംബന്ധിച്ച ജാഗ്രതാനിര്‍ദേശങ്ങള്‍ സ്ഥിരമായി പിന്തുടരുക
 • അപരിചിത ഫോണ്‍വിളികളോട് പാസ്‌വേഡ് അടക്കമുള്ള പ്രധാന വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക

പ്രതിരോധമാകുന്ന സൈബര്‍ ഇന്‍ഷുറന്‍സ്

അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഇന്‍ഷുറന്‍സ് വിപണി പുതി കാലഘട്ടത്തില്‍ അതിവേഗം വികസിച്ചു വരുന്നുണ്ട്. വലിയൊരു വിഭാഗം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുമുണ്ട്. എങ്കിലും വലിയൊരു വിഭാഗം അപകടങ്ങള്‍ ഇന്‍ഷുറന്‍സിനു കീഴില്‍പ്പെടുത്താന്‍ കഴിയാനാകാതെ കിടക്കുന്നു. കമ്പനികളുടെ കൈപ്പിടിയിലൊതുങ്ങാത്ത വിഷയങ്ങളും ഈ മേഖലയിലുണ്ട്.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി സൈബര്‍ സ്വച്ഛതാ കേന്ദ്ര മൊബീല്‍ ഫോണുകളുടെയും ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകളുടെയും സുരക്ഷയ്ക്കു തയാറാക്കിയ എം- കവച്, യുഎസ്ബി പ്രതിരോധ് എന്നിവ പ്രയോജനപ്പെടുത്താം. ഇവയ്ക്കു പുറമെ കാര്‍ഡ് ദാതാക്കളും ബങ്കുകളും നിരവധി ഇന്‍ഷുറന്‍സുകള്‍ നല്‍കാറുണ്ട്. വണ്‍ അസിസ്റ്റ്, സിപിപി ഇന്ത്യ എന്നീ കമ്പനികള്‍ രണ്ടോളം വാര്‍ഷിക ഇന്‍ഷുറന്‍സുകള്‍ നല്‍കുന്നു. മൊബീല്‍ഫോണ്‍ തകരാര്‍, ബാങ്ക് തട്ടിപ്പ്, ധനനഷ്ടം എന്നിവയെയാണ് ഇവ ഏറ്റെടുക്കുന്നത്.നിങ്ങളുടെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയാല്‍ ഒരു ഫോണ്‍വിളി കൊണ്ട് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മരവിപ്പിക്കുകയാണ് ആദ്യം ചെയ്യുക. വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള തട്ടിപ്പ്, വ്യാപാരത്തട്ടിപ്പ്, ആള്‍മാറാട്ടം, ഓണ്‍ലൈന്‍ സേവനം തുടങ്ങി ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഇതിലൂടെ റദ്ദാക്കപ്പെടുന്നു. നഷ്ടപ്പെട്ട ഫോണിന്റെ സിംകാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനൊപ്പം ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ നഷ്ടപരിഹാരവും നല്‍കുന്നു. എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 15- 30 ദിവസങ്ങള്‍ക്കുള്ളിലാണ് പരിരക്ഷ ബാധകമാകുക.

ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നടപടികള്‍:

 • തട്ടിപ്പ് ബോധ്യപ്പെട്ട ഉടന്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടണം
 • നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പൂരിപ്പിക്കണം
 • പോലീസ് തയാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് അപേക്ഷയോടൊപ്പം ചേര്‍ക്കണം
 • ഇന്‍ഷുറന്‍സ് കമ്പനിയുടെ അന്വേഷണം
 • സ്ഥിരീകരണക്കിനു ശേഷം നഷ്ടപരിഹാരം വിതരണം ചെയ്യല്‍

രാജ്യത്തിനകത്തോ പുറത്തോ യാത്ര ചെയ്യുമ്പോഴാണ് പഴ്‌സ് നഷ്ടപ്പെടുന്നതെങ്കില്‍ അവശ്യസേവനമെന്ന നിലയില്‍ പണം നല്‍കാനുള്ള സൗകര്യവും ഇതോടൊപ്പം ഉള്‍പ്പെടുത്താറുണ്ട്. ഹോട്ടല്‍ മുറിയും വിമാന ടിക്കറ്റും ബുക്ക് ചെയ്യാന്‍ ഇവരുടെ സേവനം ഉപകാരപ്പെടുന്നു. പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ലൈസന്‍സ് തുടങ്ങിയ രേഖകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. സേവനത്തിനനുസരിച്ച് ഇന്‍ഷുറന്‍സ് നിരക്കും കൂടും. 1299- 2,499 രൂപയാണ് അടിസ്ഥാന നിരക്ക്. 30 ദിവസത്തിനകം കരാര്‍ ഉപഭോക്താവ് റദ്ദാക്കുകയാണെങ്കില്‍ ഈ തുക മുഴുവന്‍ തിരികെ ലഭിക്കും. 30- 180 ദിവസത്തിനകമാണ് റദ്ദാക്കുന്നതെങ്കില്‍ 50% തുക മടക്കിക്കിട്ടും.മൊബൈല്‍ വാലറ്റുകളുടെ പരിരക്ഷയ്ക്കായി വണ്‍അസിസ്റ്റ് നല്‍കുന്ന പ്രീമിയം പ്ലാനില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു മൂന്നു ദിവസത്തിനകം പരിരക്ഷ ബാധകമാകുന്നു. സിപിപിയാകട്ടെ എഫ്- സെക്യൂര്‍ ഇന്റര്‍നെറ്റ് എന്ന പ്ലാനില്‍ കംപ്യൂട്ടറിലൂടെയുള്ള സര്‍ഫിംഗ്, ഷോപ്പിംഗ്, ബാങ്കിംഗ് എന്നു വേണ്ട സാമൂഹ്യമാധ്യമ സന്ദര്‍ശനത്തിനു പോലും ഇന്റര്‍നെറ്റ് സെക്യൂരിറ്റി പരിരക്ഷ നല്‍കുന്നു. ഇതോടൊപ്പം നെറ്റ് ബാങ്കിംഗിനും ഇ- കൊമേഴ്‌സ് ഇടപാടുകള്‍ക്കും അധികപരിരക്ഷയും നല്‍കുന്നു.ആള്‍മാറാട്ടം, എടിഎം, ഓണ്‍ലൈന്‍ കൊള്ള തുങ്ങിയവയ്ക്ക് ഒറ്റയ്ക്കും സമഗ്രപായ്‌ക്കെജായും ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതികളില്‍ ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തു 12 മണിക്കൂറിനകമാണ് പരിരക്ഷ ബാധമാകുക. അതേസമയം ഇടപാടു നടത്തി 15 മിനിറ്റിനകം സംഭവിക്കുന്ന എടിഎം തട്ടിപ്പുകള്‍ക്ക് പരിരക്ഷ ലഭിക്കും.കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്കെതിരേ മാത്രമാണ് ഇപ്പോഴത്തെ സ്ഥിതിയില്‍ പരിരക്ഷ നല്‍കാനാകൂവെന്ന് വണ്‍അസിസ്റ്റ് പറയുന്നു. ഇന്റര്‍നെറ്റ് ഹാക്കിംഗിലൂടെയുള്ള തട്ടിപ്പുകള്‍ക്ക് പരിരക്ഷ കിട്ടില്ല. ഉപഭോക്താവിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ തടയാനുള്ള കാരണമാകാം. അതിനാല്‍ ഉപഭോക്താക്കള്‍ മതിയായ സുരക്ഷാ മാര്‍ഗങ്ങള്‍ എടുത്തിരിക്കണം.

Comments

comments

Categories: FK Special, Tech