യുഎഇ റിയല്‍റ്റി ബിസിനസ് ഡിഎഫ്എമ്മില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ഇമാര്‍

യുഎഇ റിയല്‍റ്റി ബിസിനസ് ഡിഎഫ്എമ്മില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ഇമാര്‍
ബിസിനസിന്റെ 30 ശതമാനം വരെ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനാണ് 
പദ്ധതി

ദുബായ്: ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ബിസിനസ് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ (ഡിഎഫ്എം) ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ഇതിലൂടെ ലഭിക്കുന്ന പണം ദുബായ് ഗവണ്‍മെന്റ് ഉള്‍പ്പടെയുള്ള ഓഹരിയുടമകള്‍ക്ക് ഡിവിഡന്റായി വിതരണം ചെയ്യുമെന്നും ഇമാര്‍ വ്യക്തമാക്കി.യുഎഇ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ബിസിനസിന്റെ 30 ശതമാനം വരെ ഡിഎഫ്എമ്മില്‍ കമ്പനി ലിസ്റ്റ് ചെയ്യും. 2014 ല്‍ ഇമാര്‍ മാള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ ലിസ്റ്റിംഗായിരിക്കും ഇതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ലിസ്റ്റിംഗിന്റെ സമയപരിധി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇമാറിന് ലഭിക്കുന്ന ലാഭത്തിന്റെ വലിയ പങ്കും വരുന്നത് യുഎഇയുടെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ബിസിനസില്‍ നിന്നാണെന്ന് ഇമാറിന്റെ ആസ്തി മൂല്യം കണക്കാക്കിയപ്പോള്‍ മനസിലായി. അതില്‍ നിന്നാണ് നിര്‍മാണ ബിസിനസ്സിനെ സ്വതന്ത്രമായി ലിസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് നിര്‍മാതാക്കള്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.2012 ല്‍ 1.14 ബില്യണ്‍ ഡോളറായിരുന്ന കമ്പനിയുടെ യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് വില്‍പ്പന 2016 ല്‍ 3.92 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2017 മേയ് അവസാനം വരെ 2.64 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് റെക്കോഡ് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 24 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ശക്തമായ പിന്തുണ നല്‍കുന്ന ദുബായ് ഗവണ്‍മെന്റ് ഉള്‍പ്പടെയുള്ള ഓഹിരിയുടമകള്‍ക്ക് അധിക ഡിവിഡന്റ് നല്‍കി കമ്പനിയുടെ പ്രതിജ്ഞാബദ്ധത തെളിയിക്കുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടിയുടെ ചെയര്‍മാന്‍ മൊഹമെദ് അലബ്ബാര്‍ പറഞ്ഞു. വര്‍ഷങ്ങളായി യുഎഇ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ബിസിനസില്‍ നിന്ന് മികച്ച വരുമാനമാണ് ലഭിക്കുന്നത്. ഗ്രൂപ്പിനെ വളര്‍ച്ചയിലേക്ക് നയിക്കുന്ന പ്രധാനിയായി ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.2001 വരെ ദുബായില്‍ 34,000 യൂണിറ്റുകളാണ് നിര്‍മാതാക്കള്‍ കൈമാറ്റം ചെയ്തത്. നിലവില്‍ യുഎഇയിലെ 24 മില്യണ്‍ സ്‌ക്വയര്‍ മീറ്റര്‍ ഇമാറിന്റെ കൈവശമാണ്. മൊത്തത്തില്‍ 30 മില്യണ്‍ സ്‌ക്വയര്‍ മീറ്റര്‍ സ്ഥമാണ് നിര്‍മാതാക്കള്‍ക്കുള്ളത്. 11 മില്യണ്‍ സ്‌ക്വയര്‍ മീറ്ററില്‍ നിര്‍മിക്കുന്ന ദുബായ് ഹില്‍സ് എസ്റ്റേറ്റ്, മെറാസ് ഹോള്‍ഡിംഗുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ദ ടവര്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്.

Comments

comments

Categories: Business & Economy