സിഡബ്ല്യുആര്‍ഡിഎം റിപ്പോര്‍ട്ട് ; സംസ്ഥാനത്ത് 44ല്‍ 39 നദികളും മലിനം

സിഡബ്ല്യുആര്‍ഡിഎം റിപ്പോര്‍ട്ട് ; സംസ്ഥാനത്ത് 44ല്‍ 39 നദികളും മലിനം
പെരിയാര്‍, പമ്പ, കല്ലായി, കരമന എന്നീ നദികളാണ് കൂടുതല്‍ മലിനീകരണത്തിന് ഇരയായത്

കോഴിക്കോട്: സംസ്ഥാനത്തൊഴുകുന്ന 44 നദികളില്‍ 39 നദികളും മലിനമാണെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ (സിഡബ്ല്യുആര്‍ഡിഎം) റിപ്പോര്‍ട്ട്. മൊഗ്രാല്‍, പാമ്പാര്‍, ചിത്താരി, ഭവാനി, ഷിറിയ എന്നീ അഞ്ച് നദികളിലാണ് താരതമ്യേന മാലിന്യം കുറവുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഗ്രാല്‍, ചിത്താരി, ഷിറിയ എന്നിവ കാസര്‍കോട്ടും ഭവാനി പാലക്കാട്ടും ചിറ്റാര്‍ പത്തനംതിട്ടയിലൂടെയുമാണ് ഒഴുകുന്നത്. അതേസമയം, മാലിന്യം കൂടുതലുള്ള നദികളുടെ പട്ടികയില്‍ പെരിയാര്‍, പമ്പ, കല്ലായി, കരമന എന്നിവയാണ് മുന്നിലുള്ളത്.മൂന്നുവര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ ഷിറിയ നദിയില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിരുന്നു. ഇത്തവണ നടത്തിയ പരിശോധനയില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഭവാനി പുഴയുടെ ചില ഭാഗങ്ങളില്‍ മാലിന്യത്തോത് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്ത ഭാഗങ്ങളിലാണിത്. മാലിന്യം കുറഞ്ഞ അഞ്ച് നദികളും ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് ഒഴുകുന്നത്. 2009 മുതലാണ് സിഡബ്ല്യുആര്‍ഡിഎം നദികളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. തുടര്‍ന്ന് ഓരോ വര്‍ഷവും 39 നദികളെപ്പറ്റി റിപ്പോര്‍ട്ട് തയാറാക്കി. മാലിന്യം കുറഞ്ഞ അഞ്ച് നദികളുടെ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് പുറത്തിറക്കിയത്. 39 നദികളിലും ഇകോളി അടക്കമുള്ള ബാക്റ്റീരിയകള്‍, കാര്‍ബണിക രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയുടെ അളവ് ഹാനികരമല്ലാത്ത അളവിലും കൂടുതലാണെന്ന് നേരത്തേ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ നദികളിലെല്ലാം ഇകോളി ബാക്ടീരിയയുടെ അളവ് 2500 മുതല്‍ 3000 എംപിഎന്‍ (മോസ്റ്റ് പ്രോബബിള്‍ നമ്പര്‍) വരെയാണ്. 500 എംപിഎന്‍ ആണ് പരമാവധി അനുവദനീയമായ അളവ്.
വെള്ളത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാനമായ ഓക്‌സിജന്റെ അളവ് നാല് മില്ലിഗ്രാം/ലിറ്റര്‍ ആണ് അഭിലഷണീയമായത്. എന്നാല്‍ 39 പുഴകളുടെ ഭൂരിഭാഗ മേഖലയിലും ഓക്‌സിജന്‍ ഈ അളവില്‍ കുറവാണ്. മാലിന്യത്തിന്റെ അളവില്‍ കുറവ് കണ്ടെത്തിയ നദികളില്‍ ഇകോളി ബാക്റ്റീരിയയുടെ അളവ് 500 എംപിഎന്നില്‍ കുറവാണ്. ഓക്‌സിജന്റെ അളവും താരതമ്യേന കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Top Stories
Tags: cwrdm report