യുവാക്കള്‍ക്കിഷ്ടം ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്‍ ഡീലര്‍മാരെ

യുവാക്കള്‍ക്കിഷ്ടം ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്‍ ഡീലര്‍മാരെ
സാങ്കേതികവിദ്യകള്‍ക്ക് പ്രാധാന്യം നല്‍കാത്ത കാര്‍ ഡീലര്‍മാര്‍ പുതു തലമുറ 
ഉപയോക്താക്കളുമായി 'കണക്റ്റ്' ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുന്നു

ന്യൂ ഡെല്‍ഹി : വില്‍പ്പനയ്ക്കും തുടര്‍ന്നുള്ള സേവനങ്ങള്‍ക്കുമായി സാങ്കേതികവിദ്യാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന കാര്‍ ഡീലര്‍മാരെയാണ് യുവാക്കള്‍ കൂടുതലായി ഇഷ്ടപ്പെടുന്നതെന്ന് ജെഡി പവര്‍ പഠനം വ്യക്തമാക്കുന്നു. അപ്പോയന്റ്‌മെന്റ് നിശ്ചയിക്കുന്നതിനും സര്‍വീസ് അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനും ഇന്റര്‍നെറ്റ്, ടെക്സ്റ്റ് മെസേജിംഗ് രീതികള്‍ അവലംബിക്കുന്ന കാര്‍ ഡീലര്‍മാര്‍ക്ക് നല്ല വില്‍പ്പനയുള്ളതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

സാങ്കേതികവിദ്യാ മാര്‍ഗ്ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കാത്ത കാര്‍ ഡീലര്‍മാര്‍ പുതു തലമുറ ഉപയോക്താക്കളുമായി ‘കണക്റ്റ്’ ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുകയാണെന്ന് ജെഡി പവര്‍ യൂറോപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ആക്‌സല്‍ സ്‌പ്രെങര്‍ പറഞ്ഞു. സാങ്കേതിക രീതികള്‍ പിന്തുടരുന്ന കാര്‍ ഡീലര്‍മാര്‍ക്ക് നല്ല വില്‍പ്പനയും അതനുസരിച്ച സര്‍വീസ് ഓര്‍ഡറുകളും ലഭിക്കുന്നു. സാങ്കേതികവിദ്യാ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുന്നത് കാര്‍ ഡീലര്‍മാര്‍ക്ക് അനിവാര്യമായി തീര്‍ന്നിരിക്കുകയാണെന്ന് ആക്‌സല്‍ സ്‌പ്രെങര്‍ അഭിപ്രായപ്പെട്ടു.വളരയധികം സംതൃപ്തരായ ഉപയോക്താക്കളില്‍ 88 ശതമാനവും വാറന്റി കാലയളവിലെ തുടര്‍ന്നുള്ള സര്‍വീസുകള്‍ക്കും തീര്‍ച്ചയായും ഇതേ ഡീലര്‍ഷിപ്പിലെത്തുമെന്നാണ് വ്യക്തമാക്കുന്നത്. ഉപയോക്താക്കളില്‍ 81 ശതമാനവും ഭാവിയിലെ പെയ്ഡ് സര്‍വീസുകള്‍ക്ക് ഇവിടെതന്നെ വരുമെന്ന് നിശ്ചയമായും പറഞ്ഞു.

ജെഡി പവര്‍ 2017 യുകെ ഉപഭോക്തൃ സേവന സൂചികയനുസരിച്ച് ഉപയോക്താളുടെ സംതൃപ്തിക്ക് സാങ്കേതികവിദ്യാ മാര്‍ഗ്ഗങ്ങള്‍ പ്രധാനമാണ്. കാര്‍ സര്‍വീസ് കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ വിത്ത് ഇന്റര്‍നെറ്റ്, വൈഫൈ, ടാബ്‌ലറ്റുകള്‍, വീഡിയോ ഗെയിമുകള്‍, പേഴ്‌സണല്‍ ഡിവൈസുകള്‍ പ്ലഗ്-ഇന്‍ ചെയ്യാനുള്ള ഇടം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്ന ഡീലര്‍മാര്‍ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു.അപ്പോയന്റ്‌മെന്റ് നിശ്ചയിക്കുന്നതില്‍ ഫോണ്‍ കോളുകള്‍ക്ക് പ്രാധാന്യം കുറഞ്ഞതായാണ് വിശ്വസിച്ചുപോരുന്നതെങ്കിലും മൂന്നില്‍ രണ്ട് (66 ശതമാനം) ഉപയോക്താക്കളും അപ്പോയന്റ്‌മെന്റുകള്‍ക്കായി ഫോണ്‍ കോളാണ് ഉപയോഗപ്പെടുത്തുന്നത്.

ഡീലര്‍മാര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഗുണം കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ന്യൂ യോര്‍ക്കിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലറുടെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ മതി. വില്‍പ്പന 2930 ശതമാനം വര്‍ധിപ്പിച്ചാണ് ഈ ഡീലര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ തലക്കെട്ട് തീര്‍ത്തത്. ‘ആഡ്‌ഗോരിത’ത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് മുമ്പ് ഹാര്‍ലി ഡീലര്‍ഷിപ്പ് നടത്തുന്ന അസഫ് ജേക്കബിക്ക് ആഴ്ച്ചയില്‍ രണ്ടോ മൂന്നോ മോട്ടോര്‍സൈക്കിള്‍ പോലും വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്നതാണ് ഈ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോം.പ്രീമിയം ബ്രാന്‍ഡ് സെഗ്‌മെന്റില്‍ ശരാശരി 799 ആണ് ഡീലര്‍ സര്‍വീസ് സംബന്ധിച്ച ഉപഭോക്തൃ സംതൃപ്തി. 2016 ല്‍ 761 ആയിരുന്നു ശരാശരി. പ്രീമിയം ബ്രാന്‍ഡുകളില്‍ 808 സ്‌കോര്‍ നേടി ലാന്‍ഡ് റോവറാണ് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തായിരുന്ന 2016 നേക്കാള്‍ 35 പോയന്റ് വര്‍ധിച്ചു. 806 പോയന്റ് നേടി ഔഡി രണ്ടാമതും 797 പോയന്റോടെ ബിഎംഡബ്ല്യു മൂന്നാമതുമെത്തി.

Comments

comments

Categories: Auto