3 കമ്പനികള്‍ക്ക് പിഴ ചുമത്തിയ ട്രായ് ശുപാര്‍ശ പ്രത്യേക സമിതി പരിശോധിക്കും

3 കമ്പനികള്‍ക്ക് പിഴ ചുമത്തിയ ട്രായ് ശുപാര്‍ശ പ്രത്യേക സമിതി പരിശോധിക്കും
സമിതിയുടെ ശുപാര്‍ശകള്‍ പരിശോധിച്ച് ടെലികോം കമ്മീഷനാണ് അന്തിമ തീരുമാനം 
എടുക്കുക

ന്യൂഡെല്‍ഹി: മൂന്ന് പ്രമുഖ ടെലികോം കമ്പനികള്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ശുപാര്‍ശ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് രൂപീകരിച്ച പ്രത്യേകസമിതി പരിശോധിക്കും. റിലയന്‍സ് ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ സൗകര്യം (പിഒഐ) നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെലുലാര്‍ എന്നിവയ്ക്കു 3050 കോടി രൂപ ട്രായ് പിഴചുമത്തിയത്.പിഒഐയുടെ സാങ്കേതിക വശങ്ങളും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളും ഉള്‍പ്പടെ എല്ലാ വശങ്ങളും പരിഗണിച്ചാണ് സമിതി പരിശോധന നടത്തുക. അതിനൊപ്പം തന്നെ ട്രായിയുടെ കണക്കുകളിലും വ്യക്തത വരുത്തുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാനലിന്റെ റിപ്പോര്‍ട്ടിനൊപ്പം സോളിസിറ്റര്‍ ജനറലില്‍ നിന്ന് നിയമപരമായ അഭിപ്രായവും ഇക്കാര്യത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തേടും.

ഈ സമിതിയുടെ അന്തിമവീക്ഷണങ്ങള്‍ പരിശോധിച്ച് ടെലികോം കമ്മീഷനാണ് അന്തിമ തീരുമാനം എടുക്കുക. ടെലികോം കമ്പനികള്‍ക്ക് പിഴ ചുമത്തിയ ശുപാര്‍ശയിന്മേല്‍ വിശദീകരണവും വ്യക്തതയും ടെലികോം കമ്മീഷന്‍ നേരത്തെ ട്രായിയോട് തേടിയിരുന്നു. എന്നാല്‍ തങ്ങളുടെ കാഴ്ചപ്പാടില്‍ ഉറച്ച് നിന്ന ട്രായ് നിയമ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ശിക്ഷാനടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.പിഒഐ ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാരതി എയര്‍ടെലിനും വോഡഫോണിനും 1050 കോടി രൂപ വീതവും ഐഡിയ സെല്ലുലാറിന് 950 കോടി രൂപയും കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് ട്രായ് പിഴ ചുമത്തിയത്. ടെലികോം കമ്പനികളുടെ ഈ പ്രവൃത്തി വിപണിയില്‍ സ്വതന്ത്ര മത്സരത്തെ അട്ടിമറിക്കുന്നത് ലക്ഷ്യമിട്ടാണെന്നും ഇത് ഉപഭോഗ സംവിധാനത്തിനും പൊതു താല്‍പ്പര്യത്തിനും എതിരാണെന്നും ട്രായ് ചൂണ്ടിക്കാട്ടിയിരുന്നു. മൂന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തിയതിനെക്കുറിച്ച് ടെലികോം കമ്മീഷന്‍ ഫെബ്രുവരിയിലാണ് ട്രായിയോട് വിശദീകരണം തേടിയത്. ഇത്തരം ശുപാര്‍ശകള്‍ നല്‍കുന്നതിനുള്ള അധികാരം റെഗുലേറ്റര്‍ക്ക് ഉണ്ടോയെന്നും ടെലികോം കമ്മീഷന്‍ ആരാഞ്ഞിരുന്നു. പിഴ ചുമത്തിയ ട്രായ് ശുപാര്‍ശകള്‍ക്കെതിരെ വോഡഫോണും ഐഡിയയും ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്.

Comments

comments

Categories: Tech, Top Stories

Related Articles