ഏഴ് പുതിയ ഗ്രാഫിക്‌സ് ഓപ്ഷനുകളുമായി റെനോ ക്വിഡ്

ഏഴ് പുതിയ ഗ്രാഫിക്‌സ് ഓപ്ഷനുകളുമായി റെനോ ക്വിഡ്
800 സിസി, 1 ലിറ്റര്‍, 1 ലിറ്റര്‍ എഎംടി വേരിയന്റുകളെല്ലാം തന്നെ പുതിയ നിറങ്ങളില്‍ 
ലഭിക്കും

ന്യൂ ഡെല്‍ഹി : റെനോ ക്വിഡ് ഇനി മുതല്‍ ഏഴ് പുതിയ ഗ്രാഫിക്‌സ് ഓപ്ഷനുകളില്‍ ലഭിക്കും. ‘ലിവ് ഫോര്‍ മോര്‍’ കളക്ഷന്റെ ഭാഗമായാണ് റെനോ പുതിയ ഗ്രാഫിക്‌സ് പാക്ക് അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന റെനോ മോഡലിന് ഇതോടെ ഏഴഴകായി. 1 ലിറ്റര്‍ എന്‍ജിന്‍, എഎംടി ഗിയര്‍ബോക്‌സ് എന്നിവയെല്ലാം റെനോ ക്വിഡിന്റെ ഇന്ത്യന്‍ വിജയഗാഥയില്‍ വലിയ സംഭാവനയാണ് ചെയ്യുന്നത്. ക്വിഡ് മോഡലിന്റെ തിളക്കവും പുതുമയും നിലനിര്‍ത്തുന്നതിനുള്ള നിര്‍ണ്ണായക ഇടപെടലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നത്. ഗുഡ് ലുക്കിംഗ് കാറിന്റെ ലുക്ക് വര്‍ധിപ്പിക്കുന്നതാണ് ഈ നടപടി.

സ്‌പോര്‍ട്‌സ്, റേസ്, റാലി ക്രോസ്, ചേസ്, സിപ്പ്, ടര്‍ബോ, ക്ലാസിക് എന്നീ പേരുകളിലാണ് പുതിയ നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. സൗന്ദര്യവര്‍ദ്ധക വസ്തു എന്ന നിലയില്‍ മാത്രമാണ് പുതിയ ചായം പൂശിയിരിക്കുന്നത്. മറ്റ് കാര്യങ്ങളില്‍ മാറ്റമില്ല. ക്വിഡിന്റെ 800 സിസി, 1 ലിറ്റര്‍, 1 ലിറ്റര്‍ എഎംടി വേരിയന്റുകളെല്ലാം തന്നെ ഈ ഏഴ് പുതിയ നിറങ്ങളില്‍ ലഭിക്കും. 2015 ന്റെ അവസാന പാദത്തിലാണ് റെനോ ക്വിഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ വെന്നിക്കൊടി പാറിക്കുന്ന മോഡലായി ക്വിഡ് മാറുന്നതിന് ഫ്രഞ്ച് കമ്പനി ഇതിനിടെ സാക്ഷ്യം വഹിച്ചു.800 സിസി ക്വിഡ് 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍ 1 ലിറ്റര്‍ ക്വിഡ് അല്‍പ്പം ഭേദപ്പെട്ട 67 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. നിലവില്‍ 1 ലിറ്റര്‍ ക്വിഡില്‍ മാത്രമാണ് എഎംടി ഓപ്ഷന്‍ ലഭിക്കുന്നത്. വ്യത്യസ്ത കളര്‍ പാക്കേജുകള്‍ക്ക് വ്യത്യസ്ത വിലയായിരിക്കും.

Comments

comments

Categories: Auto