2016ല്‍ ഏഴ് മുന്‍നിര ഇന്ത്യന്‍ കമ്പനികളുടെ എച്ച് 1 ബി വിസകളില്‍ ഇടിവ്

2016ല്‍ ഏഴ് മുന്‍നിര ഇന്ത്യന്‍ കമ്പനികളുടെ എച്ച് 1 ബി വിസകളില്‍ ഇടിവ്
ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് നല്‍കിയ അപേക്ഷകളുടെ എണ്ണത്തിലാണ് ഈ 
ഇടിവുണ്ടായത്

ന്യൂഡെല്‍ഹി: 2015മായി താരതമ്യം ചെയ്യുമ്പോള്‍ ഏഴ് മുന്‍നിര ഇന്ത്യന്‍ ഔട്ട്‌സോഴ്‌സിംഗ് കമ്പനികള്‍ക്ക് യുഎസില്‍ നിന്ന് 2016ല്‍ ലഭിച്ച എച്ച് 1 ബി വിസകളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. വിസയില്‍ 37 ശതമാനം ഇടിവ് നേരിട്ടുവെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ റിപ്പോര്‍ട്ട് പറയുന്നത്. 2016ല്‍ ഏഴ് ഇന്ത്യന്‍ മുന്‍നിര കമ്പനികള്‍ക്കായി 9356 എച്ച് 1 ബി അപേക്ഷകളാണ്അംഗീകരിക്കപ്പെട്ടത്. യുഎസ് തൊഴില്‍ ശക്തിയുടെ വെറും 0.006 ശതമാനത്തെ മാത്രമേ ഇത് പ്രതിനിധീകരിക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ എച്ച്1 ബി വിസ അപേക്ഷകള്‍ 2015 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2016 സാമ്പത്തിക വര്‍ഷത്തില്‍ 56 ശതമാനം ഇടിഞ്ഞു. 2015ല്‍ 4674 ആയിരുന്നു കമ്പനിയുടെ എച്ച് 1 ബി വിസ അപേക്ഷകളുടെ എണ്ണം. 2016ല്‍ 2634 കുറഞ്ഞ് 2040 ആയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2015നും 2016നുമിടയില്‍ വിപ്രോയുടെ എച്ച് 1 ബി വിസ അപേക്ഷകള്‍ 52 ശതമാനം ഇടിഞ്ഞു. 3079ല്‍ നിന്ന് 1474 ആയാണ് വിപ്രോയുടെ അപേക്ഷകള്‍ ചുരുങ്ങിയത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 2016ലെത്തിയപ്പോള്‍ ഇന്‍ഫോസിസിന്റെ എച്ച് 1 ബി അപേക്ഷകള്‍ 16 (454 അപേക്ഷകള്‍) ശതമാനം കുറഞ്ഞു. 2830 ല്‍ നിന്ന് 2736 ആയാണ് അപേക്ഷകള്‍ കുറഞ്ഞത്. സര്‍ക്കാര്‍ ഡാറ്റകള്‍ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ഫൗണ്ടേഷന്‍ ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികള്‍ പുതിയ എച്ച് 1 ബി വിസകള്‍ക്ക് അപേക്ഷിക്കുന്നതില്‍ ഇടിവ് തുടരുമെന്നാണ് കണക്കുകൂട്ടല്‍. ക്ലൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങളിലേക്ക് ശ്രദ്ധതിരിയുന്ന വ്യവസായ പ്രവണതകളാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനു പുറമേ യുഎസ് അവരുടെ ആഭ്യന്തര തൊഴില്‍ ശക്തി വര്‍ധിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങളും സംരക്ഷണവാദവും വിസ അപേക്ഷകള്‍ കുറയുന്നതിന് കാരണമായി. 2016 സാമ്പത്തിക വര്‍ഷത്തിലെ എച്ച് 1 ബി വിസ അപേക്ഷകള്‍ 2016 ഏപ്രിലിലാണ് തൊഴിലുടമകള്‍ സമര്‍പ്പിച്ചത്. അതിനാല്‍ തന്നെ എച്ച് 1 ബി വിസ അപേക്ഷകളില്‍ ഇടിവ് വന്നതിന് കാരണം ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 സാമ്പത്തിക വര്‍ഷങ്ങായി എച്ച് 1 ബി വിസകളുടെ അപേക്ഷയില്‍ ക്ഷീണമാണ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോഗ്നിസെന്റ് (3949), ഇന്‍ഫോസിസ് (2376), ടിസിഎസ് (2040), ആക്‌സഞ്ചര്‍ (1889), ഐബിഎം (1608), വിപ്രോ (1474), ആമസോണ്‍ (1416), ടെക് മഹിന്ദ്ര (1228), കാപ്‌ജെമിനി(1164), മൈക്രോസോഫ്റ്റ് (11450, എച്ച്‌സിഎല്‍ അമേരിക്ക (1041), ഇന്റല്‍ (1030), ഡെലോയിറ്റ് (985), ഗൂഗിള്‍ (924), ലാര്‍സന്‍ ആന്റ് ടര്‍ബോ (870), പ്രൈസ് വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് (713), ഏര്‍ണസ്റ്റ് ആന്റ് യംഗ് (649), ആപ്പിള്‍ (631), സിന്റല്‍ (583), ഫേസ്ബുക്ക് (472), ഒറാക്കിള്‍ (427), സിസ്‌കോ (380), മൈന്റ്ട്രീ (327), ഗോള്‍ഡ്മാന്‍ സാക്‌സ് (287), യുഎസ്ടി ഗ്ലോബല്‍ (2830, ജെപി മോര്‍ഗന്‍ ചേസ് (271), ഐഗേറ്റ് (255), സ്റ്റാന്‍ഫോര്‍ഡ് (221), യാഹൂ (206), കെപിഎംജി (198) എന്നിങ്ങനെയാണ് മുന്‍നിര കമ്പനികള്‍ക്ക് 2016ല്‍ ലഭിച്ച എച്ച് 1 ബി വിസകളുടെ എണ്ണം.

Comments

comments

Categories: Business & Economy, World