ഖത്തറിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ പൊലിയുമോ?

ഖത്തറിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ പൊലിയുമോ?
ഭീകരവാദത്തിന്റെ പേരില്‍ ഖത്തറിനെ ഒറ്റപ്പെടുത്തുന്ന ഗള്‍ഫ് രാജ്യങ്ങളുടെ നടപടി 
ദോഹയില്‍ ലോകകപ്പ് നടത്തുന്നതിനെതിരേ ശക്തമായ പ്രചരണങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന് 
വിലയിരുത്തല്‍

ദോഹ: ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് 2022 ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് തിരിച്ചടിയായേക്കും. ദോഹയില്‍ ലോകകപ്പ് നടത്തുന്നതിനെതിരേ ശക്തമായ പ്രചരണങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതിനിടയിലാണ് നടപടി.മേഖലയെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കി എന്നാരോപിച്ചാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ്, യെമന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രം ബന്ധം അവസാനിപ്പിച്ചത്.ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടി ഏറ്റവും കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കാന്‍ പോകുന്നത് ഫുട്‌ബോളിന്റെ ഏറ്റവും വലിയ മാമാങ്കമായ ലോകകപ്പിനെ തന്നെയാണ്. ഇത് ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് റൈസ് യൂണിവേഴ്‌സിറ്റിയിലെ ബാകെര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗള്‍ഫ് അനലിസ്റ്റായ ക്രിസ്റ്റ്യന്‍ ഉല്‍റിച്ച്‌സെന്‍ പറഞ്ഞു. നിരോധനം ഏത് സമയം വരെ നീണ്ടു നിന്നാലും ഇത് ലോകകപ്പിനെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്റെ ലോകകപ്പ് സംഘാടകരുമായി കൃത്യമായി ബന്ധപ്പെടുന്നുണ്ടെന്നും ഗള്‍ഫ് പ്രതിസന്ധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ഫിഫ പറഞ്ഞു.

2010 ല്‍ ഖത്തറിനെ ലോകകപ്പ് വേദിയായി തെരഞ്ഞെടുത്തത് നിരവധി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ അതിന് ശേഷം കലുഷിത മേഖലയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും രാഷ്ട്രീയമായി സുരക്ഷിതമായ രാജ്യം എന്ന പദവി ഖത്തര്‍ നിലനിര്‍ത്തിയിരുന്നു. ഒരു ചെറിയ രാജ്യം എന്ന നിലയില്‍ മാത്രമല്ല ഗള്‍ഫ് മേഖലയെ മുഴുവന്‍ പ്രതിനിധീകരിച്ചുകൊണ്ടാണ് ദോഹ ടൂര്‍ണമെന്റിന് വേദിയായത്. എന്നാല്‍ നിലവിലെ പ്രതിസന്ധി സംഘാടകരേയും സമ്മര്‍ദ്ദത്തിലാക്കുമെന്നും ഉല്‍റിച്ച്‌സന്‍ വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളില്‍ ലോകകപ്പിന്റെ മത്സരത്തിനായി തയാറെടുക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് കഴിയുമെന്ന് ഖത്തറിന് അറിയാം അതുകൊണ്ട് തന്നെ അടുത്ത നടപടിയെന്താകും എന്ന ചിന്തയിലാണ് രാജ്യമെന്നും അദ്ദേഹം.2022 ലോകകപ്പ് വേദിയാവാന്‍ ഖത്തറിനെതിരേ മത്സരിച്ച യുഎസിലേക്ക് ആവശ്യമെങ്കില്‍ മത്സരം മാറ്റണമെന്ന് നേരത്തേതന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി സന്ദര്‍ശിച്ച് ആഴ്ചകള്‍ പിന്നിട്ടതിന് ശേഷമാണ് പുതിയ പ്രതിസന്ധി പൊട്ടിട്ടുറപ്പെട്ടത്.

ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം വന്നതിന് പിന്നാലെ ഖത്തര്‍ എയര്‍വേയ്‌സുമായുള്ള സാമ്പത്തിക സഹകരണം അവസാനിപ്പിക്കുകയാണെന്ന് സൗദി ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ അഹ്ലി അറിയിച്ചു. ഏകദേശം 16 മില്യണ്‍ ഡോളറിന്റെ മൂന്ന് വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ് കരാറാണ് ക്ലബ് അവസാനിപ്പിച്ചത്.ഡിസംബറില്‍ ദോഹയില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ഗള്‍ഫ് കപ് ഓഫ് നേഷന്‍സും ഇതോടെ പ്രതിസന്ധിയിലായി. ഫിഫ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുവൈറ്റിന് വേദിയാകാന്‍ കഴിയാതിരുന്നതോടെയാണ് ഖത്തറിന് അവസരം ലഭിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറുമായി നിയതന്ത്രബന്ധം വിച്ഛേദിച്ചിരിക്കുന്നത്.ലോകകപ്പിന് വേദിയാകുന്നത് രാജ്യത്തിന്റെ വികസന കുതിപ്പിന് കാരണമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഖത്തര്‍. ലോകകപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഓരോ ആഴ്ചയിലും ഏകദേശം 500 മില്യണ്‍ ഡോളറാണ് ഗവണ്‍മെന്റ് ചെലവഴിച്ചിരുന്നത്.

Comments

comments

Categories: Sports, World