മുംബൈ പ്രോപ്പര്‍ട്ടി വില നാല്‍പ്പത് ശതമാനം വരെ കുറഞ്ഞു

മുംബൈ പ്രോപ്പര്‍ട്ടി വില നാല്‍പ്പത് ശതമാനം വരെ കുറഞ്ഞു
ഉപയോക്താക്കളില്‍നിന്ന് മുന്‍കൂറായി പണം വാങ്ങി സ്ഥലങ്ങള്‍ വാങ്ങാന്‍ ഡെലപ്പര്‍മാര്‍ക്ക് 
ഇപ്പോള്‍ കഴിയില്ല

മുംബൈ : റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ) നിയമം പ്രാബല്യത്തിലായതോടെ മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ പലയിടങ്ങളിലും ഭൂസ്വത്തുക്കളുടെ വില കുറയുന്ന പ്രവണത കാണിച്ചു തുടങ്ങി. ഉപയോക്താക്കളില്‍നിന്ന് മുന്‍കൂറായി പണം വാങ്ങി സ്ഥലങ്ങള്‍ വാങ്ങാന്‍ ഡെലപ്പര്‍മാര്‍ക്ക് ഇപ്പോള്‍ കഴിയാതെ പോകുന്നതാണ് കാരണം. കഴിഞ്ഞയാഴ്ച്ച സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (സിഡ്‌കോ) നവി മുംബൈയില്‍ നടത്തിയ വസ്തു ലേലത്തില്‍ പങ്കെടുത്തവരുടെ എണ്ണം വളരെ കുറവായിരുന്നു. കഴിഞ്ഞ നവംബറില്‍ ലേലം നടന്നപ്പോള്‍ പങ്കെടുത്തവരേക്കാള്‍ നാല്‍പ്പത് ശതമാനം കുറവായിരുന്നു പങ്കാളിത്തം.നോട്ട് അസാധുവാക്കലിനുമുമ്പ് 2016 നവംബറില്‍ ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് 1.15-1.25 ലക്ഷം രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 65,250 രൂപയ്ക്കും 96,000 രൂപയ്ക്കുമിടയിലാണ് സ്ഥലം വിറ്റുപോയത്. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് അടുത്ത എട്ട് മാസം ഈ നില തുടരുമെന്ന് ജെഎല്‍എല്‍ ഇന്ത്യ ഗവേഷണ വിഭാഗം മേധാവി അശുതോഷ് ലിമയെ പറഞ്ഞു.

ന്യൂ പന്‍വേലില്‍ 6,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ആറ് കൊമേഴ്‌സ്യല്‍ പ്ലസ് റസിഡന്‍ഷ്യല്‍ പ്ലോട്ടുകളാണ് സിഡ്‌കോ വിറ്റത്. ചതുരശ്ര മീറ്ററിന് 65,250 രൂപ വിലയില്‍ രണ്ട് പ്ലോട്ടുകളും ചതുരശ്ര മീറ്ററിന് 76,000 രൂപ വില നല്‍കി ഒരു പ്ലോട്ടും നീല്‍സിദ്ധി ഗ്രൂപ്പ് ഏറ്റെടുത്തു. 80,000 രൂപ വിലയില്‍ മില്ലേനിയം ഗ്രൂപ്പ് ഒരു പ്ലോട്ട് ലേലം കൊണ്ടപ്പോള്‍ ചതുരശ്ര മീറ്ററിന് 77,000 രൂപയും 96,000 രൂപയും വിലയില്‍ സത്യം ഗ്രൂപ്പ് രണ്ട് പ്ലോട്ടുകളും സ്വന്തമാക്കി.ഇത്രയധികം വില കുറച്ച് ലേലം കൊള്ളുന്നതിന് പ്രധാന കാരണം റെറ തന്നെയാണെന്ന് വിശ്വസിക്കുന്നതായി മഹാരാഷ്ട്ര ചേംബര്‍ ഓഫ് ഹൗസിംഗ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് മനോഹര്‍ ഷ്‌റോഫ് പറഞ്ഞു. നോട്ട് അസാധുവാക്കല്‍ സ്ഥലം വാങ്ങുന്നതിനെയോ വിലയെയോ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാരണം ഡെവലപ്പര്‍മാര്‍ സിഡ്‌കോയ്ക്ക് ചെക്ക് മുഖേനയാണ് തുക കൈമാറേണ്ടത്.ഉയര്‍ന്ന വില നല്‍കി വസ്തു വാങ്ങുന്നതിന് ബില്‍ഡര്‍മാര്‍ക്ക് കഴിയാതെ പോയതിനുകാരണം റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് നിയമമാണെന്ന് ഷ്‌റോഫ് വിലയിരുത്തുന്നു.2017 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ റസിഡന്‍ഷ്യല്‍ സെഗ്‌മെന്റിലെ പുതിയ ഭവനങ്ങളുടെ എണ്ണത്തില്‍ എട്ട് ശതമാനത്തോളം ഇടിവ് സംഭവിച്ചതായാണ് കുഷ്മാന്‍ ആന്‍ഡ് വേക്ഫീല്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ ഭവന വില്‍പ്പന മന്ദഗതിയിലായിരുന്നു. വില്‍പ്പന കുറയുന്നതിന് നോട്ട് അസാധുവാക്കലിന്റെ അനുരണനങ്ങള്‍ ഉണ്ടാകാമെങ്കിലും റിയല്‍ എസ്‌റ്റേറ്റ് നിയമത്തിലെ കര്‍ശന ചട്ടങ്ങള്‍ അടുത്ത ആറ് മാസത്തേക്കകൂടി ഭവന വില്‍പ്പനയെ ബാധിക്കുമെന്നാണ് കരുതുന്നത്.

Comments

comments

Categories: Business & Economy