അടുത്ത വര്‍ഷത്തോടെ ബിഎസ്-6 ലേക്ക് മാറാന്‍ പദ്ധതി തയ്യാറാക്കി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ

അടുത്ത വര്‍ഷത്തോടെ ബിഎസ്-6 ലേക്ക് മാറാന്‍ പദ്ധതി തയ്യാറാക്കി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ
ഹൈബ്രിഡ് മോഡലുകള്‍ പിന്നീട് അവതരിപ്പിക്കും

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ ഭാരത് സ്റ്റേജ് 6 (ബിഎസ്6) അനുസൃത കാറുകള്‍ പുറത്തിറക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കുന്ന കാര്യം ഇതിനുശേഷമേ ആലോചിക്കൂ എന്നും കമ്പനി വ്യക്തമാക്കി. മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ റോളണ്ട് ഫോള്‍ഗറാണ് നയം വ്യക്തമാക്കിയത്.2018 ഓടെ ഇന്ത്യയില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ക്ക് കടകവിരുദ്ധമാണ് ഇപ്പോഴത്തെ പ്രസ്താവന. ഹൈബ്രിഡ് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത് തല്‍ക്കാലത്തേക്ക് നീട്ടിവെയ്ക്കാനും 2018 ഓടെ ഭാരത് സ്‌റ്റേജ് 6 അനുസൃത വാഹനങ്ങള്‍ പുറത്തിറക്കാനുമാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 2020 ഏപ്രില്‍ ഒന്നിന് ബിഎസ്6 പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. 2020 നു മുമ്പുതന്നെ മെഴ്‌സിഡസ് ബെന്‍സ് ബിഎസ് 6 കൈവരിക്കുമെന്നര്‍ത്ഥം.

ബിഎസ് 4 ല്‍നിന്ന് ബിഎസ് 6 ലേക്ക് മാറുമ്പോള്‍ വായുവിലെ ഖര-ദ്രാവക മലിന കണങ്ങള്‍ 60 ശതമാനവും നൈട്രജന്‍ ഓക്‌സൈഡുകള്‍ 82 ശതമാനവും കുറയുമെന്ന് റോളണ്ട് ഫോള്‍ഗര്‍ ചൂണ്ടിക്കാട്ടി. പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഹൈബ്രിഡ് വാഹനങ്ങള്‍ ഓടിച്ചാലൊന്നും ഈ കണക്കുകള്‍ കൈവരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിവരിച്ചു. അതുകൊണ്ടുതന്നെ സമീപഭാവിയില്‍ ബിഎസ് 6 ലേക്ക് മാറുകയെന്നതാണ് മെഴ്‌സിഡസ് ബെന്‍സിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനം. തുടര്‍ന്ന് ഹൈബ്രിഡ് വാഹനങ്ങള്‍ കടന്നുവരും.നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്ന നിലവാരത്തിലുള്ള ഇന്ധനം മെഴ്‌സിഡസ് ബെന്‍സിന്റെ അത്യാധുനിക ഹൈബ്രിഡ് എന്‍ജിനുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു. 2018 വരെയോ ബിഎസ് 6 നടപ്പാക്കുന്നതുവരെയോ കാത്തിരിക്കാന്‍ ഇതാണ് ഒരു കാരണം. മെഴ്‌സിഡസ് ബെന്‍സിന്റെ അന്തര്‍ദേശീയ മോഡലുകള്‍ യൂറോ 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. യൂറോ 6, ബിഎസ് 6 എന്നിവ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടുതന്നെ ബിഎസ് 4 ല്‍നിന്ന് ബിഎസ് 6 ലേക്ക് മാറുന്നത് മെഴ്‌സിഡസ് ബെന്‍സിന് വലിയ പ്രയാസം സൃഷ്ടിക്കില്ല.

Comments

comments

Categories: Auto