രഹസ്യസ്വഭാവമുള്ള വിവരം മാധ്യമങ്ങള്‍ക്കു കൈമാറി;യുഎസ് ഇന്റലിജന്‍സ് കോണ്‍ട്രാക്ടറെ അറസ്റ്റ് ചെയ്തു

രഹസ്യസ്വഭാവമുള്ള വിവരം മാധ്യമങ്ങള്‍ക്കു കൈമാറി;യുഎസ് ഇന്റലിജന്‍സ് കോണ്‍ട്രാക്ടറെ അറസ്റ്റ് ചെയ്തു
റഷ്യന്‍ ഏജന്റുമാര്‍ യുഎസ് വോട്ടിംഗ് സംവിധാനം ഹാക്ക് ചെയ്തതിനു കൂടുതല്‍ 
തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. നിര്‍ണായക തെളിവുകള്‍ പുറത്തുവിട്ടതിനു 
യുഎസ് ഇന്റലിജന്‍സ് കോണ്‍ട്രാക്ടറെ കഴിഞ്ഞ ശനിയാഴ്ച എഫ്ബിഐ അറസ്റ്റ് 
ചെയ്തിട്ടുമുണ്ട്. നാളെ എഫ്ബിഐ മുന്‍ മേധാവി ജെയിംസ് കോമിയെ സെനറ്റിന്റെ 
ഇന്റലിജന്‍സ് കമ്മിറ്റി മുമ്പാകെ സാക്ഷി വിസ്താരം നടത്താനിരിക്കവേ, ഇപ്പോള്‍ 
ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന സാഹചര്യം പ്രവചനാതീതമാണ്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണം ശരിവയ്ക്കുന്ന രേഖകളാണ് ഓരോ ദിവസം പിന്നിടുമ്പോഴും പുറത്തുവരുന്നത്. തിങ്കളാഴ്ച യുഎസ് ഇന്റലിജന്‍സ് കോണ്‍ട്രാക്ടര്‍ക്കെതിരേ രഹസ്യരേഖകള്‍ ചോര്‍ത്തിയതിനു Espionage Act പ്രകാരം (ഈ വകുപ്പ് ചുമത്തിയാല്‍ തടവ് ശിക്ഷ പത്ത് വര്‍ഷം വരെയാകാം) കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രഖ്യാപനത്തോടെയാണു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധം കൂടുതല്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.നാളെ യുഎസിലെ സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മിറ്റി മുമ്പാകെ എഫ്ബിഐയുടെ മുന്‍ തലവന്‍ ജെയിംസ് കോമിയുടെ സാക്ഷി വിസ്താരം നടക്കാനിരിക്കവേയാണു നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2016 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ട റഷ്യയെ കുറിച്ച് അമേരിക്കയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍എസ്എ) തയാറാക്കിയ അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തതിന് 25-കാരിയും ജോര്‍ജിയയിലെ അഗസ്റ്റയില്‍നിന്നുമുള്ള ഇന്റലിജന്‍സ് കോണ്‍ട്രാക്ടറുമായ റിയല്‍റ്റി ലേ വിന്നറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു.രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് ട്രംപ് ഭരണകൂടം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസ് കൂടിയാണിത്.രഹസ്യസ്വഭാവമുള്ള രേഖകള്‍ ( classified material ) അനുമതിയില്ലാതെ പുറത്തുവിടുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാണ്. ഇതിലൂടെ സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാവുകയും ചെയ്യുമെന്നു ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് ജെ റോസന്‍സ്റ്റീന്‍ പറഞ്ഞു. ലേ വിന്നര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്റലിജന്‍സ് കോണ്‍ട്രാക്ടര്‍ ലേ വിന്നര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്നു കരുതുന്ന എന്‍എസ്എയുടെ രഹസ്യരേഖകള്‍ ദേശീയ സുരുക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്‌പെഷലൈസ് ചെയ്യുന്ന വെബ്‌സൈറ്റായ ദി ഇന്റര്‍സെപ്റ്റ് (The Intercept) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവ പ്രസിദ്ധീകരിച്ചതിന് ഏകദേശം ഒരു മണിക്കൂറിനു ശേഷം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ലേ വിന്നര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുതിര്‍ന്ന ഡമോക്രാറ്റ് നേതാവിന്റെ ഇ-മെയ്ല്‍ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് റഷ്യ മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയം കണ്ടില്ലെന്ന് എന്‍എസ്എയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പു യുഎസ് വോട്ടിംഗ് സംവിധാനം തയാറാക്കുന്ന നിര്‍മാണ കമ്പനിയിലെ കമ്പ്യൂട്ടറുകള്‍ റഷ്യയുടെ ഇന്റലിജന്‍സ് ഏജന്റുമാര്‍ ഹാക്ക് ചെയ്തതായി എന്‍എസ്എ കണ്ടെത്തിയെന്നും ദി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വോട്ടേഴ്‌സ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്ന ഒരു കമ്പനിക്കെതിരേയെങ്കിലും റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റായ ജിആര്‍യു (G.R.U.)സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും 122 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന 2016 നവംബര്‍ എട്ടിനു മുന്‍പ് spear-phishing e-mail അയച്ചിട്ടുണ്ടെന്നുമാണ് എന്‍എസ്എയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. വ്യക്തികളില്‍നിന്നോ, സ്ഥാപനങ്ങളില്‍നിന്നോ സുപ്രധാന വിവരം ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ ഇ-മെയ്ല്‍ അയക്കുന്നതിനെയാണ് spear-phishing e-mail എന്നു പറയുന്നത്.ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തെളിവു സഹിതമുള്ള റിപ്പോര്‍ട്ട് എന്‍എസ്എ തയാറാക്കിയത് 2017 മെയ് മാസം അഞ്ചാം തീയതിയാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്നു തെളിയിക്കുന്ന വിവരങ്ങളുള്ള വിശദമായ സര്‍ക്കാര്‍ റിപ്പോര്‍ട്ടും ഇതാണെന്നു ഇന്റര്‍സെപ്റ്റ് സൂചിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് കോണ്‍ട്രാക്ടറായിരുന്ന ലേ വിന്നര്‍ മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തത്.

എന്‍എസ്എ നടത്തിയ പരിശോധനയില്‍ ലേ വിന്നറടക്കമുള്ള ആറ് പേര്‍ ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ രഹസ്യരേഖകളുടെ പകര്‍പ്പ് പ്രിന്റ് എടുത്തതായി തെളിഞ്ഞിരുന്നു. മാത്രമല്ല, വിന്നര്‍ നിരന്തരം മാധ്യമ സ്ഥാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതും പിന്നീട് അറസ്റ്റ് ചെയ്തതും.ഇന്റലിജന്‍സ് കോണ്‍ട്രാക്ടര്‍ ലേ വിന്നറെ ശനിയാഴ്ച അവരുടെ വസതിയില്‍നിന്നുമാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. അഗസ്റ്റയിലെ ഫെഡറല്‍ കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കുകയും ചെയ്തു. ജോര്‍ജിയയിലുള്ള യുഎസ് സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങള്‍ക്കായി കരാര്‍ ജോലി ചെയ്തു കൊടുക്കുന്ന പ്ലൂരിബസ് ഇന്റര്‍നാഷണല്‍ കോര്‍പറേഷന്റെ സ്റ്റാഫാണ് ലേ വിന്നര്‍. ഇവിടെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലേ വിന്നര്‍ ജോലിക്കു ചേര്‍ന്നത്. വിവിധ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന ലേ വിന്നര്‍ യുഎസ് എയര്‍ഫോഴ്‌സില്‍ ദ്വിഭാഷിയായും സേവനം ചെയ്തിട്ടുണ്ട്.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണം ഉയര്‍ന്നപ്പോഴെല്ലാം അവ നിഷേധിച്ചു കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ റഷ്യയുടെ മിലിട്ടറി ഇന്റലിജന്‍സിന് ഇക്കാര്യത്തെ കുറിച്ചു നല്ല പോലെ അറിവുണ്ടായിരുന്നെന്നാണ് എന്‍എസ്എയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.അതേസമയം യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടല്‍ എത്രമാത്രം വിജയകരമായിരുന്നെന്നോ അവയുടെ അന്തരഫലംതെരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നോ എന്നും എന്‍എസ്എ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് സംവിധാനത്തെ ഹാക്ക് ചെയ്തതിലൂടെ റഷ്യക്കു നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നെന്ന് എന്‍എസ്എ ഉറച്ചു വിശ്വസിക്കുന്നുണ്ട്.

Comments

comments

Categories: Top Stories, World