കമ്പനികളെ മൂല്യങ്ങളാല്‍ സമ്പന്നമാക്കുക

കമ്പനികളെ മൂല്യങ്ങളാല്‍ സമ്പന്നമാക്കുക

ഒരു കമ്പനി തുടങ്ങുമ്പോള്‍ അടിസ്ഥാന മൂല്യങ്ങള്‍ നിര്‍ണയിക്കേണ്ടത് സര്‍വപ്രധാനമാണ്. കമ്പനി നിര്‍ദേശിക്കുന്ന മാര്‍ഗരേഖയാണ് മാനെജ്‌മെന്റും ജീവനക്കാരും പിന്തുടരേണ്ടത്

ഒരു ബിസിനസ് സംരംഭത്തിന്റെ പ്രഥമിക ഘട്ടത്തില്‍ വിലയിരുത്തേണ്ട കാര്യങ്ങളാണ് കമ്പനി പിന്തുടരേണ്ട അടിസ്ഥാനമൂല്യങ്ങള്‍, കമ്പനിയുടെ ദൗത്യം, ദര്‍ശനം എന്നിവ. ഒരു കമ്പനി എന്താണു വിശ്വസിക്കുന്നത്, എന്തിനു വേണ്ടി നിലകൊള്ളുന്നു, ലാഭത്തേക്കാള്‍ മൂല്യങ്ങള്‍ക്കാണോ പ്രാധാന്യം നല്‍കുന്നത് എന്നിവയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ അസ്തിത്വം എന്താണെന്ന് നിര്‍ണയിക്കുന്ന ഘടകങ്ങളാണ് ഇവ. ഒരിക്കല്‍ ഇക്കാര്യങ്ങള്‍ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞാല്‍ ഇത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായി.

കമ്പനിമേധാവികളും നേതൃസംഘവും ബിസിനസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് മൂല്യങ്ങളെ സമന്വയിപ്പിക്കുന്നതിനു സ്വീകരിക്കുന്ന ഒമ്പത് മാര്‍ഗങ്ങള്‍ ഇതാ

1.ഉദാഹരണങ്ങളിലൂടെ വേണം നയിക്കാന്‍

നേതൃത്വം എപ്പോഴും നിരീക്ഷണത്തിനു വിധേയരായിരിക്കും. മൂല്യങ്ങള്‍ ആവിഷ്‌കരിച്ച ശേഷം നടപ്പാക്കാന്‍ പരാജയപ്പെടുന്നതിനേക്കാള്‍ നല്ലത്, അവ ആവിഷ്‌കരിക്കാന്‍ മെനക്കെടാതിരിക്കുന്നതാണ്. പ്രതസന്ധിഘട്ടങ്ങളില്‍ സുശക്തമായ മൂല്യവ്യവസ്ഥ പ്രധാനമാണ്. കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുമ്പോള്‍ ഒപ്പം നടക്കുന്നത് എളുപ്പമാണ്. എന്നാല്‍ ഒരു കമ്പനി മുന്നോട്ടുള്ള പാതയില്‍ തടസത്തെ അഭിമുഖീകരിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്ന മൂല്യത്തിനൊപ്പം നില്‍ക്കുകയാണ് പ്രധാനം.

2.മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ പരിശീലനപരിപാടി

മൂല്യങ്ങള്‍ ഇ- മെയിലില്‍ അയച്ചിട്ട് എല്ലാവരും ഡൗണ്‍ലോഡ് ചെയ്ത് പഠിച്ചോളും എന്നു കരുതരുത്. ഔപചാരിക പരിശീലനപരിപാടി വളരെ വിലയേറിയതാണ്. ക്ലാസ് റൂം പഠനപരിശീലനം സഹായിക്കുന്നതു പോലെ മറ്റൊരു ആശയവിനിമയവും മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ സഹായകമല്ല. കമ്പനിയുടെ പ്രതിബദ്ധത വെളിവാക്കുന്ന ഘടകമാണ് പരിശീലനം. മൂല്യങ്ങള്‍ ആവിഷ്‌കരിച്ചതെന്തിനെന്നും അതിന്റെ പ്രാധാന്യമെന്തെന്നും വിശദീകരിക്കാന്‍ മതിയായ സമയവും ലഭിക്കുന്നു.

3. ആശയവിനിമയങ്ങളില്‍ മൂല്യങ്ങള്‍ ഊന്നുക

കമ്പനിമൂല്യങ്ങള്‍ ഉന്നിപ്പറയുന്നവയാകണം ഔദ്യോഗിക മീറ്റിംഗുകളും എഴുത്തുകുത്തുകളും. മീറ്റിംഗുകളുടെ ഘടന ഈ രീതിയില്‍ പുനഃക്രമീകരിക്കണം. ഇത് ഓരോ ജീവനക്കാരനെയും മൂല്യങ്ങളെക്കുറിച്ച് സദാ ജാഗരൂകരാക്കും.

4. മൂല്യകേന്ദ്രീകൃത പെരുമാറ്റം മനസിലാക്കി ആദരിക്കുക

കമ്പനി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവനക്കാരെ മനസിലാക്കുകയും അവരുടെ അത്തരം പ്രവര്‍ത്തനങ്ങളെ ആദരിക്കുകയും ചെയ്യുക. ഇതിന് സ്‌പോട്ട് ബോണസ് നല്‍കുകയോ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ജീവനക്കാരെ തെരഞ്ഞെടുക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് അവസരം കൊടുക്കുകയോ പോലുള്ള കാര്യങ്ങള്‍ ആവിഷ്‌കരിക്കാവുന്നതാണ്. കമ്പനി വെബ്‌സൈറ്റില്‍ ഇവരെ പ്രശംസിച്ച് എഴുതുകയുമാവാം.

5. മൂല്യങ്ങള്‍ വില്‍പ്പന പ്രക്രിയയില്‍

വില്‍പ്പന സംബന്ധിച്ചു നിര്‍ദേശിച്ച സന്ദേശങ്ങളില്‍ കമ്പനി മൂല്യങ്ങളെക്കൂടി സംയോജിപ്പിക്കുക. മൂല്യങ്ങളെ സന്ദേശത്തിന്റെ ആദ്യ ഖണ്ഡികയില്‍ വെറുതെ ചേര്‍ക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുമിത്. ഉപഭോക്തൃഅനുഭവത്തെ കമ്പനിമൂല്യം എങ്ങനെ രൂപപ്പെടുത്തുന്നുവെന്നായിരിക്കണം ഭാഷയിലൂടെ ഉയര്‍ത്തിക്കാട്ടേണ്ടത്.

6. മൂല്യങ്ങള്‍ നിയമന പ്രക്രിയയില്‍

സ്ഥാപനത്തിന്റെ സംസ്‌കാരവുമായി യോജിച്ചു പോകുന്നവരെ നിയമിക്കുകയെന്നത് വളരെപ്രധാനമാണ്.വൈദഗ്ധ്യവും അനുഭവപരിജ്ഞാനവും ഉള്ള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ അത്രയും പ്രാധാന്യം ഇതിനുമുണ്ട്.സ്ഥാപനത്തിന്റെമൂല്യങ്ങളെശരിയയി മനസിലാക്കാനും ഉയര്‍ത്തിക്കാട്ടാനും അത്തരക്കാര്‍ക്ക് വളരെ വേഗം സാധിക്കുന്നു.

7. മൂല്യങ്ങള്‍ തൊഴില്‍ അവലോകനത്തില്‍

തൊഴില്‍ അവലോകന പരിപാടിയില്‍ കമ്പനി മൂല്യങ്ങള്‍ ഉള്‍പ്പെടുത്തണം. കമ്പനിയുടെ മൂല്യങ്ങളുമായി യോജിക്കുന്നവരെ നിയമിച്ച് പരിശീലിപ്പിച്ചു കഴിഞ്ഞാല്‍ അവരുടെ ജോലിയെ സംബന്ധിച്ച അവലോകനങ്ങളില്‍ മൂല്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങാം. നിങ്ങള്‍ പ്രതീക്ഷിച്ചതു ലഭിച്ചോയെന്ന് പരിശോധിക്കാനുള്ള സമയമാണിത്.

8. തൊഴില്‍ മൂല്യങ്ങള്‍ ലംഘിക്കുന്നവരെ പിരിച്ചുവിടുക

ജീവനക്കാരെ പിരിച്ചുവിടുന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നത് ബിസിനസ് നടത്തിപ്പിന്റെ ഏറ്റവും മോശമായ വശമാണ്. എങ്കിലും തുടര്‍ച്ചയായി തൊഴില്‍ മൂല്യങ്ങള്‍ ലംഘിക്കുന്നവരെ പിരിച്ചുവിടുന്നത് അനുപേക്ഷണീയമാണ്. കമ്പനി മൂല്യങ്ങള്‍, നയങ്ങള്‍, പെരുമാറ്റച്ചട്ടങ്ങള്‍ എന്നിവയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരന്‍ അയാളുടെയും കമ്പനിയുടെയും മോശം പ്രകടനക്കിന് ഉത്തരവാദിയാകുന്നു. ഇത് കമ്പനിയെ ദോഷകരമായി ബാധിക്കുന്നു. ഓരോ ജീവനക്കാരനും കമ്പനിയെ (ബ്രാന്‍ഡിനെ) പ്രതിനിധീകരിക്കുന്നു. അതുവഴി കമ്പനി മൂല്യം, ഉദ്ദേശ്യലക്ഷ്യങ്ങള്‍, ദര്‍ശനം എന്നിവയുടെ ഉത്തരവാദിത്തവും ജീവനക്കാരനുണ്ട്.

9. ആന്തരിക- ബാഹ്യ സന്ദേശങ്ങള്‍ പൊരുത്തപ്പെടുത്തുക

കമ്പനിക്ക് അകത്തുള്ളതും പുറത്തുള്ളതുമായ സന്ദേശങ്ങള്‍ തമ്മില്‍ ഇടപഴകിക്കൊണ്ടുള്ള വിന്യാസം ഉറപ്പുവരുത്തണം. കമ്പനിയുടെ സ്വഭാവത്തെ ജോലിക്കാര്‍ എങ്ങനെ കണക്കാക്കുന്നു, ആശയവിനിമയം എങ്ങനെ എന്നകാര്യങ്ങള്‍ ഇതില്‍ വരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ കമ്പനിയുടെ സന്ദേശങ്ങള്‍ മംൂല്യങ്ങള്‍ക്കനുസൃതമായ ആന്തരിക സന്ദേശങ്ങളാണോ കൃത്യമായി പ്രതിഫലിപ്പിക്കുന്നത് എന്നീ കാര്യങ്ങള്‍ ഇവിടെ പരിശോധിക്കപ്പെടുന്നു.

Comments

comments