ഓസ്‌ട്രേലിയന്‍ കല്‍ക്കരി പദ്ധതിക്ക് അദാനിയുടെ അന്തിമ അനുമതി

ഓസ്‌ട്രേലിയന്‍ കല്‍ക്കരി പദ്ധതിക്ക് അദാനിയുടെ അന്തിമ അനുമതി
പരിസ്ഥിതി പ്രവര്‍ത്തകരുടെയും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെയും എതിര്‍പ്പ് 
അവഗണിച്ചാണ് തീരുമാനം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ വിവാദമായ 4 ബില്യണ്‍ ഡോളറിന്റെ ക്യൂന്‍സ്‌ലാന്‍ഡ് റെയ്ല്‍, കാര്‍മിഷേല്‍ ഖനി പദ്ധതികളില്‍ നിക്ഷേപത്തിന് അന്തിമ അംഗീകാരം നല്‍കിയതായി അദാനി എന്റര്‍പ്രൈസസ്. പദ്ധതിക്ക് അന്തിമ നിക്ഷേപാനുമതി ലഭിച്ചതിലൂടെ ഓസ്‌ട്രേലിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസനപദ്ധതിക്ക് ഔദ്യോഗിക തുടക്കമാകുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വന്‍തോതിലുള്ള തൊഴിലവസരങ്ങളും ഇതിലൂടെ ഉണ്ടാകുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി ഖനി വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന അദാനി ഗ്രൂപ്പ് ഇതിനായുള്ള ഫണ്ടുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ പദ്ധതി ആഗോള താപനത്തിന് കാരണമാകുമെന്നും പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയര്‍ റീഫിന് തകരാറുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതിവാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് അദാനി ഗ്രൂപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10,000 തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് ഗൗതം അദാനി പറയുന്നത്. ഖനിയില്‍ നിന്നുള്ള കല്‍ക്കരി ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതിനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ക്വീന്‍സ്‌ലാന്‍ഡിലെ ഗലിലെ ബേസിനില്‍ സ്ഥാപിക്കുന്ന കാര്‍മിഷേല്‍ പദ്ധതി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദന മേഖലയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘കോടതിയിലും പുറത്തും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് ഞങ്ങള്‍ വെല്ലുവിളി നേരിട്ടു. പദ്ധതിക്ക് ധനസഹായത്തിന് സമീപിക്കാത്ത ബാങ്കുകള്‍ പോലും എതിര്‍പ്പുമായി രംഗത്തെത്തി’ അദാനി ചൂണ്ടിക്കാണിച്ചു. ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റവും വലിയ ഏക നിക്ഷേപമാണ് ഈ പദ്ധതിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യമെമ്പാടുമുള്ള ഖനന കമ്പനികള്‍ക്ക് വന്‍തോതില്‍ വിഭവങ്ങളുടെ ഇടിവുണ്ടായെന്നും ഇത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ സംസ്ഥാനമായ ക്വീന്‍സ്‌ലാന്‍ഡിനെയും ബാധിച്ചുവെന്നും ക്വീന്‍സ്‌ലാന്‍ഡ് പ്രീമിയര്‍ അനാസ്റ്റാസിയ പലാസ്‌ക്യുക് പറഞ്ഞു. അദാനിയുടെ അന്തിമ തീരുമാനം ക്വീന്‍സ്‌ലാന്‍ഡ് സമ്പദ്‌വ്യവസ്ഥയിലും ക്വീന്‍സ് ലാന്‍ഡിലെ ജനങ്ങളിലുമുള്ള വിശ്വാസപ്രമേയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: World