വെഞ്ച്വര്‍ ഫണ്ടില്‍ നിന്ന് 24.5 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയെന്ന് വിപ്രോ

വെഞ്ച്വര്‍ ഫണ്ടില്‍ നിന്ന് 24.5 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയെന്ന് വിപ്രോ

ബെംഗളുരു: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വിപ്രോ തങ്ങളുടെ 100 മില്യണ്‍ ഡോളര്‍ വരുന്ന വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടില്‍ നിന്ന് ഒമ്പതു സ്റ്റാര്‍ട്ടപ്പുകളിലായി നിക്ഷേപിച്ചത് 24.5 മില്യണ്‍ ഡോളര്‍. മുഖ്യഎതിരാളിയായ ഇന്‍ഫോസിസിനെക്കാള്‍ ഏറെ മുന്നിലാണ് ഇക്കാര്യത്തില്‍ വിപ്രോ. യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന് സമര്‍പ്പിച്ച വാര്‍ഷിക ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ് ഡാറ്റാ ആന്‍ഡ് അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഐഒടി, മൊബിലിറ്റി, സപ്ലയര്‍ കൊളാപറേഷന്‍ പ്ലാറ്റ്‌ഫോം, ഫിന്‍ടെക് ആന്റ് സെക്യൂരിറ്റി തുടങ്ങി ഭാവിയിലേക്ക് നയിക്കുന്ന സാങ്കേതിക വിദ്യകള്‍ളില്‍ അധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളിലായാണ് തങ്ങള്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് വിപ്രോ വ്യക്തമാക്കുന്നു.

ഇന്‍ഫോസിസ് അവരുടെ 500 മില്യണ്‍ ഡോളര്‍ ഫണ്ടില്‍ നിന്ന് ഏകദേശം 45 മില്യണ്‍ ഡോളറാണ് നിക്ഷേപത്തിനായി ചെലവഴിച്ചിരിക്കുന്നത്. ഇതിനു പുറമേ 18 മില്യണ്‍ ഡോളറിന്റെ മൂലധന സഹായവും തങ്ങള്‍ നല്‍കുന്നുണ്ടെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്‍ഫോസിസ് വെളിപ്പെടുത്തിയിരുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോ കൂടുതല്‍ കരാറുകള്‍ നേടുന്നതിനായും സാങ്കേതിക മേന്മ ഉയര്‍ത്തുന്നതിനുമായാണ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങള്‍ നടത്തുന്നത്.

വിപ്രോ കമ്പനി ചെയര്‍മാനായ അസിം പ്രേംജിയുടെ ശമ്പളത്തില്‍ 60 ശതമാനത്തില്‍ കൂടുതല്‍ ഇടിവുണ്ടായതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനി വെളിപ്പെടുത്തുന്നു. 2016-17 സാമ്പത്തിക വര്‍ഷം 1,08,026 ഡോളറാണ് അദ്ദേഹം പ്രതിഫലമായി നേടിയത്. വിപ്രോ ലിമിറ്റഡിന്റെ അറ്റലാഭത്തിന്റെ 0.5 ശതമാനം കമ്മിഷനായി നേടാന്‍ അസിം പ്രേംജിക്ക് അര്‍ഹതയുണ്ടെന്ന് ഫയലിംഗില്‍ കമ്പനി വെളിപ്പെടുത്തുന്നു. എന്നാല്‍ 2017 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹം കമ്മീഷന്‍ എടുത്തിട്ടില്ല. വിപ്രോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആബിദലി നീമുച്‌വാലയ്ക്ക് 2017 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച മൊത്തം നഷ്ടപരിഹാര തുക 2 മില്യണ്‍ ഡോളറാണ്. ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക 2017 സാമ്പത്തികവര്‍ഷത്തില്‍ നേടിയ മൊത്തം നഷ്ടപരിഹാര തുക 6.75 മില്യണ്‍ ഡോളറാണ്.

Comments

comments

Categories: Business & Economy