യുഎഇയിലെ സ്വകാര്യ മേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്

യുഎഇയിലെ സ്വകാര്യ മേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്
മേയ് മാസത്തെ വളര്‍ച്ച ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് 
എമിറേറ്റ്‌സ് എന്‍ബിഡി

അബുദാബി: യുഎഇയിലെ എണ്ണ ഇതര സ്വകാര്യ മേഖലയുടെ വളര്‍ച്ച മേയില്‍ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ബിസിനസിന്റെ അവസ്ഥയില്‍ മികവ് തുടരുന്നുണ്ടെന്നും എമിറേറ്റ്‌സ് എന്‍ബിഡി വിലയിരുത്തി. എണ്ണ ഇതര സ്വകാര്യ മേഖലയുടെ സാമ്പത്തികരംഗത്തെ ശരിയായ പ്രവര്‍ത്തന സ്ഥിതി വിലയിരുത്തുന്നതിനുള്ള പര്‍ച്ചേസിംഗ് മാനേജഴ്‌സ് ഇന്‍ഡെക്‌സ് ഏപ്രിലിലെ 56.1 ല്‍ നിന്ന് താഴ്ന്ന് മേയില്‍ 54.3 ല്‍ എത്തി.

ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണിത്. എന്നാല്‍ എണ്ണ ഇതര സ്വകാര്യ മേഖലയില്‍ മികച്ച വളര്‍ച്ചയുണ്ടാകുന്നതിന്റെ സൂചനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ബാങ്ക് പറഞ്ഞു. ഫെബ്രുവരിയിലും മാര്‍ച്ചിലും മികച്ച മുന്നേറ്റം ഉണ്ടായതിന് ശേഷമാണ് മേയിലെ പര്‍ച്ചേസിംഗ് മാനേജഴ്‌സ് ഇന്‍ഡെക്‌സില്‍ കുറവ് രേഖപ്പെടുത്തിയതെന്ന് എമിറേറ്റ്‌സ് എന്‍ബിഡിയുടെ മിഡില്‍ ഈസ്റ്റ് മേധാവി ഖാതിജ ഹാക്യു പറഞ്ഞു. മേയിലെ ഔട്ട്പുട്ടിലും ഡൊമസ്റ്റിക് ഡിമാന്‍ഡിലും ശക്തമായ വളര്‍ച്ചയാണ് കാണിക്കുന്നത്. എന്നാല്‍ പുറമെ നിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വളര്‍ച്ചയുടെ ഇടിവിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഔട്ട്പുട്ടിലും പുതിയ ഓര്‍ഡറുകളിലും ശക്തമായ വളര്‍ച്ച നിലനില്‍ക്കുന്നതിനാല്‍ കമ്പനികളുടെ വളര്‍ച്ചാ നിരക്കില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് മാസത്തെ നാണയപ്പെരുപ്പത്തിന് ശേഷം എണ്ണ ഇതര സ്വകാര്യ മേഖലയില്‍ കുറഞ്ഞ പ്രവര്‍ത്തന ചെലവാണുള്ളത്. ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നതും കമ്പനികള്‍ തുടരുകയാണ്.വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായെങ്കില്‍ കൂടി പുതിയ ബിസിനസുകളുടെ പ്രവാഹത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. എണ്ണ ഇതര മേഖലയിലേക്ക് ജോലിക്കെടുക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും തൊഴില്‍ മേഖല ഏഴ് മാസത്തെ കുറഞ്ഞ നിരക്കിലാണ്. ബിസിനസിലുള്ള വിശ്വാസം 2016 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുന്നതോടെ വരുന്ന മാസങ്ങളില്‍ ഔട്ട്പുട്ടില്‍ വര്‍ധനയുണ്ടാകുമെന്ന് ബാങ്ക് പറഞ്ഞു.

Comments

comments

Categories: Business & Economy