ജിഎസ്ടിയില്‍ പ്രത്യേക പരിഗണനയുള്ള ഇറക്കുമതികള്‍ക്ക് നികുതി ഇളവ് തുടരും

ജിഎസ്ടിയില്‍ പ്രത്യേക പരിഗണനയുള്ള ഇറക്കുമതികള്‍ക്ക് നികുതി ഇളവ് തുടരും
പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല

ന്യൂഡെല്‍ഹി: നയതന്ത്ര ദൗത്യങ്ങള്‍ക്കു വേണ്ടി ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍, ജുവല്‍റികളുടെ കൊമേഴ്‌സ്യല്‍ സാംപിളുകള്‍, മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ള കലാസൃഷ്ടികള്‍, അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ നേടിയ ട്രോഫികള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്ക് നിലവിലുള്ള നികുതിയിളവ് ജിഎസ്ടിക്ക് കീഴിലും തുടരും. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായുള്ള (എസ്ഇഇസെഡ്) ഇറക്കുമതിക്കും പ്രത്യേക സാമ്പത്തിക മേഖല ഡെവലപ്പര്‍മാരുടെ ഇറക്കുമതിക്കും സംയോജിത ജിഎസ്ടി ഒഴിവാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) തങ്ങളുടെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇറക്കുമതിക്കും അന്തര്‍സംസ്ഥാന ചരക്കു സേവനങ്ങളുടെ കൈമാറ്റത്തിനും ചുമത്തുന്ന നികുതിയാണ് ഐജിഎസ്ടി.അതേസമയം, ടെലികോം, ഐടി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കേണ്ടതില്ലെന്നാണ് കൗണ്‍സിലിന്റെ തീരുമാനം. പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യ ലിമിറ്റഡും തങ്ങളുടെ സവിശേഷ പരിഗണനയുള്ള എണ്ണപ്പാടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭരിക്കുന്ന സാധന-സേവനങ്ങള്‍ക്ക് ആനുകൂ ല്യത്തിന്റെ അടിസ്ഥാനത്തില്‍ 5 ശതമാനം ഐജിഎസ്ടി നല്‍കിയാല്‍ മതിയാകും.

ചില സാധനങ്ങളുടെ ആഭ്യന്തര വിതരണത്തിനുള്ള ജിഎസ്ടിയിലും കഴിഞ്ഞ ദിവസം ചേര്‍ന്നകൗണ്‍സില്‍ കുറവ് വരുത്തിയിട്ടുണ്ട്. സസ്യ എണ്ണയുടെ മിശ്രിതത്തിന് നേരത്തെ നിശ്ചയിച്ച 18 ശതമാനം നികുതി അഞ്ച് ശതമാനമായി കുറച്ചു. ഇതിനു പുറമെ എംബ്രോയ്ഡറിക്ക് ഉപയോഗിക്കുന്ന ഗ്ലാസ് മുത്തുകള്‍ക്ക് നേരത്തെ 18 ശതമാനം നികുതി നിശ്ചയിച്ചത് തിരുത്തി അഞ്ച് ശതമാനം നികുതിയാക്കാാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് സൗരോര്‍ജ പാനലുകള്‍ക്കും സെല്ലുകള്‍ക്കും 18 ശതമാനം നികുതി ചുമത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇവയും അഞ്ച് ശതമാനം എന്ന ഏറ്റവും കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചതയാണ് സിബിഇസി വെബ്‌സൈറ്റില്‍ പറയുന്നത്. സ്‌പോര്‍ട്‌സ് സാധനങ്ങളുടെ നികുതി നിരക്ക് സംബന്ധിച്ചും യോഗം വ്യക്തത വരുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് സാമഗ്രികള്‍ 12 ശതമാനം എന്ന സ്ലാബിലാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്.

Comments

comments