ഡെല്‍ഹിയില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചു

ഡെല്‍ഹിയില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചു
ഡെല്‍ഹി, നോയ്ഡ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്

ന്യൂ ഡെല്‍ഹി : വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ രണ്ട് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഡെല്‍ഹി, നോയ്ഡ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് എന്‍ടിപിസിയുടെ ഇടപെടല്‍.

ഡെല്‍ഹിയിലെയും നോയ്ഡയിലെയും തങ്ങളുടെ ഓഫീസ് പരിസരത്താണ് പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ദേശീയ തലസ്ഥാന മേഖലയില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കാനാണ് അടുത്ത പദ്ധതി. ഇതോടെ ജനങ്ങള്‍ കൂടുതലായി ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.2030 ഓടെ രാജ്യത്തെ പാതകളില്‍നിന്ന് പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ കാറുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനാണ് നിതി ആയോഗ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

തുടക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കി വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ സഹ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്.അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ഉയര്‍ന്ന വിലയും കാരണം വൈദ്യുത വാഹനങ്ങള്‍ ഇന്ത്യയില്‍ അത്ര ജനപ്രിയമായിട്ടില്ല. നിലവില്‍ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത വാഹനം വില്‍ക്കുന്നുണ്ട്. അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൃത്യമായ സമയക്രമം ഇലോണ്‍ മസ്‌ക് ഇനിയും വ്യക്തമാക്കിയിട്ടില്ല.

Comments

comments

Categories: Auto