വെള്ളം ലാഭിക്കാന്‍ മാരുതി സുസുകിയുടെ ഡ്രൈ വാഷ് സിസ്റ്റം

വെള്ളം ലാഭിക്കാന്‍ മാരുതി സുസുകിയുടെ ഡ്രൈ വാഷ് സിസ്റ്റം
ഓരോ വര്‍ഷവും ഒരു കാറിന് 216 മില്യണ്‍ ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ കഴിയും

ന്യൂഡെല്‍ഹി : കാര്‍ വൃത്തിയാക്കുന്നതിന് ഡ്രൈ വാഷ് സിസ്റ്റമെന്ന പരിസ്ഥിതി സൗഹൃദ നടപടിയാണ് കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷമായി മാരുതി സുസുകി പിന്തുടരുന്നത്. ഇതുവഴി ഓരോ വര്‍ഷവും ഒരു കാറിന് 216 മില്യണ്‍ ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ കഴിയും. ഡ്രൈ വാഷ് സിസ്റ്റത്തിലൂടെ വെള്ളം കുറച്ചുമാത്രം ഉപയോഗിച്ച് കാര്‍ വൃത്തിയാക്കി തരികയാണ് മാരുതി സുസുകി. സാധാരണ ഗതിയില്‍ വാഹനം വൃത്തിയാക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മാത്രമല്ല, ധാരാളം വെള്ളം ആവശ്യമായി വരികയും ചെയ്യും. ഈ രീതിയാണ് മാരുതി സുസുകി മാറ്റിമറിച്ചത്.

മാരുതി സുസുകി ഡീലര്‍ഷിപ്പില്‍ ഒരു കാര്‍ വൃത്തിയാക്കുന്നതിന് നേരത്തെ 45 മിനിറ്റോളം എടുത്തിരുന്നെങ്കില്‍ ഡ്രൈ വാഷ് നടത്തുമ്പോള്‍ കേവലം 20 മിനിറ്റുകൊണ്ട് ജീവനക്കാര്‍ക്ക് പണി തീര്‍ക്കാം. മാത്രമല്ല ഇത്തരത്തില്‍ ഡ്രൈ വാഷ് നടത്തുമ്പോള്‍ ഒരു കാര്‍ ഓരോ വര്‍ഷവും 216 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ലാഭിക്കുന്നത്. രാജ്യത്തെ 1,130 വര്‍ക് ഷോപ്പുകളില്‍ ഡ്രൈ വാഷ് സൗകര്യം ലഭ്യമാണ്. 2016-17 ല്‍ 2.28 മില്യണ്‍ വാഹനങ്ങളാണ് ഡ്രൈ വാഷ് നടത്തിയത്. 2015-16 വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധന.

കുറച്ചു വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് കരുതി കാര്‍ വൃത്തിയാക്കുന്നതില്‍ തീരെ വിട്ടുവീഴ്ച്ചയില്ല. ഡ്രൈ ഫോം പോളിഷ്, മൈക്രോ ഫൈബര്‍ തുണി, വൈപ്പറുകള്‍, ടവല്‍ ഹാന്‍ഡ് ഗ്ലൗവുകള്‍ എന്നിവയാണ് ഡ്രൈ വാഷ് കിറ്റിലുള്ളത്. ഡീലര്‍മാരുടെ പ്രവര്‍ത്തന ചെലവുകള്‍ കുറയ്ക്കുന്ന കാര്യത്തിലും ഡ്രൈ വാഷ് സഹായകമാണ്. കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായാണ് മാരുതി സുസുകി ഡ്രൈ വാഷ് സിസ്റ്റം പ്രയോഗിച്ചുതുടങ്ങിയത്.

Comments

comments

Categories: Auto