ഇലക്ട്രിക് വാഹനം ; നിസ്സാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയിലെത്തിച്ചേക്കും

ഇലക്ട്രിക് വാഹനം ; നിസ്സാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയിലെത്തിച്ചേക്കും
ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രതികരണം മനസ്സിലാക്കും

ന്യൂഡെല്‍ഹി : ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസ്സാന്‍ ഇന്ത്യയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ പുന:പരിശോധിക്കുന്നു. 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായി മാറുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിനൊപ്പിച്ച് ചുവടുവെയ്ക്കാനാണ് നിസ്സാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ ‘ലീഫ്’ (ലീഡിംഗ് എന്‍വിയോണ്‍മെന്റലി-ഫ്രണ്ട്‌ലി അഫോഡബിള്‍ ഫാമിലി കാര്‍) ഇലക്ട്രിക് കാര്‍ നിസ്സാന്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും.ചെറു വൈദ്യുത കാറായ ലീഫ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ നിസ്സാന്‍ ഇതുവരെ ആശയക്കുഴപ്പത്തിലായിരുന്നു. കാറിന്റെ വിലയാണ് ഇക്കാര്യത്തില്‍ നിസ്സാന്‍ തടസ്സമായി കണ്ടത്. നിസ്സാന്റെ നെക്സ്റ്റ്-ജെന്‍ ലീഫ് ഈ വര്‍ഷം സെപ്റ്റംബറിലാണ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. കാര്‍ ഈ വര്‍ഷം ഇന്ത്യയിലുമെത്തിച്ചേക്കും. ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രതികരണം മനസ്സിലാക്കുന്നതിന് കുറവ് എണ്ണം ലീഫ് കാറുകള്‍ മാത്രമേ ഇന്ത്യയിലെത്തിക്കൂ. ബ്രാന്‍ഡിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനുള്ള അവസരമാണ് നിസ്സാന്‍ ഒരുക്കുന്നത്. ലീഫ് കാര്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും റെനോ നിസ്സാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ കോളിന്‍ മാക്‌ഡൊണാള്‍ഡ് പറഞ്ഞു.

ജപ്പാന്‍, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ലീഫ് ഇലക്ട്രിക് കാര്‍ നല്ലപോലെ വിറ്റഴിയുന്നുണ്ട്. ആഗോള വിപണികളില്‍ ലീഫ് കാറിന് സല്‍പ്പേരാണ്. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാകണമെന്ന് ആഗ്രഹിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. എന്നാല്‍ വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ പോരായ്മകള്‍ നിലനില്‍ക്കുന്നതായി കോളിന്‍ മാക്‌ഡൊണാള്‍ഡ് അഭിപ്രായപ്പെട്ടു.കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുത വാഹന നയം ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ക്ക് പുതിയ ഉണര്‍വ് നല്‍കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് 2010 ല്‍ നിസ്സാന്‍ പുറത്തിറക്കിയ ലീഫ്. ഇതുവരെ 2.60 ലക്ഷം ലീഫ് കാറുകളാണ് വിറ്റഴിക്കപ്പെട്ടത്.

 

Comments

comments

Categories: Auto
Tags: nissan leaf