ആശയവിനിമയ രംഗത്ത് വന്‍ മാറ്റത്തിനൊരുങ്ങി ജിസാറ്റ്-19, 11 സാറ്റലൈറ്റുകള്‍

ആശയവിനിമയ രംഗത്ത് വന്‍ മാറ്റത്തിനൊരുങ്ങി ജിസാറ്റ്-19, 11 സാറ്റലൈറ്റുകള്‍
മൊബീലില്‍ ഓഡിയോ, വീഡിയോ ഫയലുകള്‍ അതിവേഗത്തില്‍ ലഭ്യമാകും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ പുതിയ ചരിത്രം രചിക്കാനുള്ള ഐഎസ്ആര്‍ഒയുടെ തയാറെടുപ്പുകള്‍ പുരോഗമിക്കുന്നു. പുതുതായി ഐഎസ്ആര്‍ഒ വിക്ഷേപിക്കാനൊരുങ്ങുന്ന ജിസാറ്റ്-19, ജിസാറ്റ്-11 തുടങ്ങിയ കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ ആശയവിനിമയ രംഗത്ത് വിപ്ലവാത്മകമായ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് നിരീക്ഷണം. മികച്ച രീതിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും സ്ട്രീമിംഗ് അനുഭവവും ലഭ്യമാക്കികൊണ്ട് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ ശക്തമായി പിന്തുണക്കാനും ജിസാറ്റ് ഉപഗ്രഹങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയില്‍ ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച ഏറ്റവും കരുത്തേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക്-3 വിക്ഷേപിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ 200 ഏഷ്യന്‍ ആനകളുടെ ഭാരമുള്ള ജിഎസ്എല്‍വി മാര്‍ക് 3യിലാണ് എല്ലാവരുടെയും ശ്രദ്ധ. ഇതിനു പുറകെ ഇന്റര്‍നെറ്റ് സേവനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതിനുള്ള ഉപഗ്രഹങ്ങളും അണിയറയില്‍ ഒരുങ്ങുന്നതായാണ് വിവരം. ‘ആശയവിനിമയ രംഗത്തെ ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചര്‍ സാറ്റലൈറ്റ്’ എന്നാണ് ജിസാറ്റ്-19നെ അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്റ്റര്‍ തപന്‍ മിശ്ര വിശേഷിപ്പിച്ചത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ജിസാറ്റ്-19 ഡിജിറ്റല്‍ ഇന്ത്യ ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജിസാറ്റ്-19 വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിക്കാനായാല്‍ ബഹിരാകാശത്തെ പഴയ ആറോ-ഏഴോ സാറ്റലൈറ്റുകളുടെ സമൂഹത്തിന് സമമായിരിക്കും ജിസാറ്റ്-19ന്റെ ശേഷി. നിലവില്‍ ഭ്രമണപഥത്തിലുള്ള 41 ഇന്ത്യന്‍ ഉപഗ്രഹങ്ങളില്‍ 13 എണ്ണം വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ്. ജിഎസ്എല്‍വി മാര്‍ക് 3യുടെ സഹായത്തോടെ ജൂണില്‍ തന്നെ ജിസാറ്റ് 19 വിക്ഷേപിക്കാനാകും എന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജിഎസാറ്റ് 19ന്റെ വിക്ഷേപണം ഒരു പരീക്ഷണം മാത്രമായാണ് ഐഎസ്ആര്‍ഒ നിര്‍ദേശിക്കുന്നത്. യഥാര്‍ത്ഥ വിക്ഷേപണം ജിസാറ്റ്-11 ഉപഗ്രഹത്തിന്റേതാണെന്നും അടുത്ത ഏതാനും മാസത്തിനുള്ളില്‍ ജിസാറ്റ്-11 ബഹിരാകാശത്തേക്ക് കുതിക്കുമെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. 5.8 ടണ്‍ ഭാരമുള്ള ജിസാറ്റ്-11 വിക്ഷേപിക്കാന്‍ ശേഷിയുള്ള സ്‌പേസ് ട്രക് ഇന്ത്യയിലില്ലാത്തതിനാല്‍ ദക്ഷിണ അമേരിക്കയിലെ കൗറോയില്‍ നിന്നുള്ള ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും ഇത് ഭ്രമണപഥത്തിലെത്തിക്കുക. ആശയവിനമയത്തിനായി ഒരു പുതിയ ഉപഗ്രഹ തലമുറ സൃഷ്ടിക്കുമെന്നും ഇതിന്റെ തുടക്കമായിരിക്കും ജിസാറ്റ് 19 എന്നും തപന്‍ മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ആശയവിനമയ രംഗത്ത് വലിയ കുതിപ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഓഡിയോ, വീഡിയോ ഫയലുകള്‍ എളുപ്പത്തില്‍ മൊബീല്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാകുമെന്നും സാറ്റലൈറ്റ് വിക്ഷേപണത്തോടെ ടെലിവിഷന്‍ പോലെ തന്നെ ഇന്റര്‍നെറ്റ് വഴി എല്ലാം തടസങ്ങളില്ലാതെ കാണാനുള്ള സൗകര്യം ഉണ്ടാകുമെന്നും മിശ്ര അറിയിച്ചു. ഇന്ത്യ പോലെ വിശാലമായ രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയത്തിന് വളരെ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech